കുടുംബശ്രീ ‘ഭൂസമൃദ്ധി’ പദ്ധതി വിജയത്തിലേക്ക്
‘മണ്ണറിഞ്ഞ് കൃഷി ചെയ്‌താൽ കിണ്ണം നിറയെ ചോറുണ്ണാം’

കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനടുത്ത് തരിശുശുഭൂമിയിൽ കൃഷിചെയ്‌ത തണ്ണിമത്തൻ കൃഷി കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയരക്ടർ എച്ച് ദിനേശൻ സന്ദർശിച്ചപ്പോൾ
കെ വി രഞ്‌ജിത്
Published on Mar 08, 2026, 02:00 AM | 2 min read
കാസർകോട്
എല്ലാ ജില്ലകളിലെയും ഓരോ പ്രദേശങ്ങളിലെയും മണ്ണിനെയറിഞ്ഞ് അതിനനുസരിച്ചുള്ള കൃഷിചെയ്യാൻ വിത്തും തൈകളും കൃഷിചെയ്യാൻ നൽകി വിജയം കൊയ്‌ത് സംസ്ഥാന കുടുംബശ്രീ മിഷൻ. ഇതിനായി ഭൂസമൃദ്ധി പദ്ധതി ആരംഭിച്ച വിവിധ കൃഷി സംരംഭങ്ങളിലൂടെ വിജയംകൊയ്യുകയാണ്. പദ്ധതി ആദ്യമായി ആരംഭിച്ച കാസർകോട് ജില്ലയിൽമാത്രം 329 ഏക്കർ തണ്ണിമത്തനും 30 ഏക്കറിൽ മധുരക്കിഴങ്ങും 110 ഏക്കറിൽ പച്ചക്കറിയുമാണ് കാസർകോട് കുടുംബശ്രീ കാസർകോട് ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ്‌കുമാർ പിലിക്കോട് പറഞ്ഞു. തണ്ണിമത്തൻ മാത്രം 5000 ടൺ വിളവെടുത്തു. ഭൂമിയില്‍ മൊത്തമുള്ള കരപ്രദേശത്തിന്റെ 11 ശതമാനം മാത്രമാണ് നല്ല കൃഷിഭൂമി. ഭൂമി കരയായി കാണുന്നിടത്തൊക്കെ വളക്കൂറുള്ള മണ്ണല്ലെന്ന് തിരിച്ചറിഞ്ഞാണ് ഓരോ പ്രദേശത്തും മണ്ണിനനുയോജ്യമായ കൃഷി കുടുംബശ്രീ തെരഞ്ഞെടുക്കുന്നത്. ഗുണമേന്മയുള്ള മണ്ണില്‍ 45 ശതമാനം ധാതുലവണങ്ങളും, അഞ്ച് ശതമാനം ജൈവ വസ്തുക്കളും ഉണ്ടാവണം. അവശേഷിക്കുന്നതില്‍ 25 ശതമാനംവീതം ഭാഗം വായുവും ജലവും ഉണ്ടാവണം. ഇതാണ് മണ്ണിന്റെ ആരോഗ്യത്തിന്റെ ലക്ഷണം. ഇതറിഞ്ഞാണ് ഭൂസമൃദ്ധി പദ്ധതിയൊരുക്കുന്നതെന്ന് കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ് പറഞ്ഞു. ഭൂവിനിയോഗ വകുപ്പും കുടുംബശ്രീക്കൊപ്പം കുടുംബശ്രീമിഷനും ഭൂവിനിയോഗ വകുപ്പും ഭൂസമൃദ്ധി പദ്ധതിയിലൂടെ ഒന്നിയ്ക്കുകയാണ്. ഫാം ലൈവ്‌ലിഹുഡ് വിഭാഗവും ഭൂവിനിയോഗ വകുപ്പുംചേർന്ന് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കൃഷിയോഗ്യമായ തരിശുനിലങ്ങൾ ശാസ്ത്രീയമായി വിനിയോഗിക്കുന്നു. ഇതിനായി ഭൂവിനിയോഗ വകുപ്പ് തയാറാക്കിയ 1:5000 സ്കെയിലിലുള്ള ഭൂപടങ്ങളിലെ കൃഷി ചെയ്യുവാൻ അനുയോജ്യമായ തരിശുകളിൽ മണ്ണ്, സൂക്ഷ്മ കാലാവസ്ഥ, ജലം, മറ്റു ശാസ്ത്രീയ വിവരങ്ങൾ എന്നിവ കോർത്തിണക്കിയ ഭൂടാഗിങ് രീതി അവലംബിച്ചാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായ കാർഷികവിളകൾ തെരെഞ്ഞെടുക്കുക. വിവരങ്ങൾ രേഖപ്പെടുത്താൻ ജിഐഎസ് ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) ഉപയോഗിച്ച് ഭൂമിയുടെ വിവരങ്ങൾ അടയാളപ്പെടുത്തുകയും ലേബൽ ചെയ്യുകയുംചെയ്യുന്നു. ടാഗിങ്ങിലൂടെ ഭൂമിയുടെ ഓരോ പാഴ്സലിൻറെയും ഉടമയുടെ പേര്, സർവേ നമ്പർ, ഭൂവിനിയോഗം, വിസ്തീർണം, ചരിവ്, റിലീഫ്, ജിയോളജി, ജിയോമോർഫോളജി മുതലായവ വിവരങ്ങൾ ലഭ്യമാവുന്നു. സുസ്ഥിരമായ ഭൂമി പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നത്തിലൂടെയും തരിശുഭൂമിയുടെ ശാസ്ത്രീയമായ ഉപയോഗം വർധിപ്പിക്കുവാൻ സാധിക്കുമെന്ന് കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള തരിശുഭൂമിയുടെ ഫലപ്രദമായ ആസൂത്രണത്തിനും പരിപാലനത്തിനും വെബ് ജിഐഎസ് സ്പേഷ്യൽ ഡാറ്റ ഉപയോഗിക്കാം. വെബ് ജിഐഎസ് ഡാറ്റയുടെ സഹായത്തോടെ ഭൂവിനിയോഗം, ഭൂപ്രദേശം, മണ്ണ്, ചരിവ്, ജലവിഭവങ്ങൾ എന്നിവ വിശകലനംചെയ്ത് കൃത്യതയോടെ കൃഷി ചെയ്യാവുന്ന തരിശുഭൂമികൾ തിരിച്ചറിയാനും മാപ്പ് ചെയ്യാനുമാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ, തരിശുനിലങ്ങളിൽ വരുമാന വർധനവിനും ഭക്ഷ്യസുരക്ഷയ്ക്കും സഹായകമായ പ്രധാന വിളകളുടെ കൃഷി ആരംഭിക്കും. അടുത്തഘട്ടത്തിൽ, കൃഷിയിടങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്ന രീതിയിൽ അനുയോജ്യ ഇടവിളകൾ ഉൾപ്പെടുത്തും. സംസ്ഥാനത്തെ 154268.25 ഹെക്ടർ വിസ്തൃതിയിലുള്ള കൃഷിയോഗ്യ തരിശുഭൂമിയിലാണ് ഭൂസമൃദ്ധി പദ്ധതിയിൽ കൃഷി ആരംഭിക്കുന്നത്. നാലുലക്ഷത്തോളമുള്ള കുടുംബശ്രീ അംഗങ്ങൾ നേരിട്ട് ഗുണഭോക്താക്കളാകുന്ന പദ്ധതിയിൽ മൂല്യ വർധന, കയറ്റുമതി സാധ്യത എന്നിവ വിലയിരുത്തിയ ശേഷമാണ് കൃഷി ആരംഭിക്കുന്നതെന്ന് കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയരക്ടർ എച്ച് ദിനേശൻ പറഞ്ഞു.










0 comments