ad
Deshabhimani

പ്രതാപ ചരിത്രംപേറി പേരോലങ്ങാടി

വിജനമായ പേരോലങ്ങാടി തെരുവ്

വിജനമായ പേരോലങ്ങാടി തെരുവ്

avatar
സുരേഷ് മടിക്കൈ

Published on Jul 08, 2026, 02:31 AM | 1 min read


നീലേശ്വരം

നഷ്ട പ്രതാപത്തിന്റെ നിറമുള്ള ഓർമകളുമായി നീലേശ്വരം പേരോലങ്ങാടി. ഇവിടത്തെ ഇടുങ്ങിയ റോഡിനും ഇരു വശത്തെയും പഴയ ഓടുമേഞ്ഞ കെട്ടിടങ്ങൾക്കും പറയാനുണ്ട്‌ കഥകളേറെ. അരനൂറ്റാണ്ട്‌ മുന്പുവരെ നഗരത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു പേരോൽ. നീലേശ്വരം പൊലീസ് സ്റ്റേഷനും ഇവിടെയായിരുന്നു. മലയോരവാസികൾവരെ ആശ്രയിച്ചിരുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായി പേരോല്‍ ബസാർ വർഷങ്ങളോളം തുടർന്നു. അക്കാലത്ത് പുഴയിലൂടെ ചീനകളിലും ചെമ്മൺ പാതകളിലൂടെ കാളവണ്ടികളിലുമായിരുന്നു ഇവിടേക്ക് കാർഷികോൽപന്നങ്ങൾ ഉൾപ്പെടെ എത്തിയത്‌. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ അലോപ്പതി, -ആയുര്‍വേദ മരുന്നുകള്‍ വരെ ലഭിക്കുന്ന മറ്റൊരു വിപണി അന്ന്‌ നീലേശ്വരത്തുണ്ടായിരുന്നില്ല. പേരോല്‍ വില്ലേജ് ഓഫീസ്, പൊലീസ് സ്റ്റേഷന്‍, സഹകരണ ബാങ്കുകള്‍, രാസവളം ഡിപ്പോ എന്നിവയ്ക്കൊപ്പം ഡോ. മഞ്ജുനാഥ പൈയുടെ ക്ലിനിക്കും ഡോ. മോഹന്‍ദാസ് തുടങ്ങിയവരുടെ സേവനവും ബസാറിനെ തിരക്കുള്ള കേന്ദ്രമാക്കി. സമീപത്തായി സിനിമാ തിയറ്ററും പ്രവർത്തിച്ചിരുന്നു. ചിണ്ടൻ വൈദ്യരുടെ പച്ചമരുന്ന്,- അങ്ങാടി മരുന്ന് കട, കൃഷ്‌ണൻ നന്പ്യാരുടെ ഭക്ഷണശാല, അനാദി കടകള്‍, പാല്‍ സൊസൈറ്റി, മലഞ്ചരക്ക് കടകള്‍, അലുമിനിയം പാത്രക്കട തുടങ്ങി റോഡിന്റെ് ഇരുവശത്തും കടകൾ നിറഞ്ഞുനിന്നത്‌ പഴയ തലമുറ ഇപ്പോഴും ഓർക്കുന്നു. നിലവിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റെയില്‍വേ ഗേറ്റിനടുത്ത് ബസുകളിൽ ആളുകൾ വന്നിറങ്ങിയ വൈകുന്നേരങ്ങള്‍ പേരോല്‍ ബസാറിനെ സജീവമാക്കി. റെയില്‍വേ ഗേറ്റ് പരിസരം അക്കാലത്തെ രാഷ്ട്രീയ പൊതുയോഗങ്ങളുടെ പ്രധാന വേദിയായിരുന്നു. എ കെ ജി ഉൾപ്പെടെയുള്ള നേതാക്കൾ പൊതുയോഗങ്ങളിൽ ഇവിടെയെത്തിയിരുന്നു. വലിയൊരു പാലമരവും അതിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ടാക്‌സി കാറുകളും മൂന്നോ നാലോ ഓട്ടോകളും മാത്രമുണ്ടായിരുന്ന സ്റ്റാന്‍ഡ് നാട്ടുകാരുടെ ഒത്തുചേരലിന്റെ കേന്ദ്രം കൂടിയായി. ഇവിടേക്ക്‌ എഫ്സിഐ ഗോഡൗണിന്റെ വന്നതോടെ പേരോലങ്ങാടിയുടെ പ്രതാപത്തിന് മങ്ങലേറ്റു. രാജാറോഡിൽ 1977ൽ ബസ്‌സ്‌റ്റാൻഡ്‌ കം ഷോപ്പിങ്‌ കോംപ്ലക്‌സ്‌ കൂടി വന്നതോടെ കച്ചവട കേന്ദ്രം അവിടേക്ക്‌ മാറിത്തുടങ്ങി. പിന്നീട്‌ പൊലീസ് സ്റ്റേഷനും ദേശീയപാതക്ക്‌ സമീപം മന്നംപുറത്തേക്ക് മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home