ഒരുമയുറപ്പിക്കാൻ, ഉണർവോടെ

മഞ്ചേശ്വരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ആർ ജയാനന്ദ സീതാംഗോളി ടൗണിൽ വോട്ടർമാരെ കാണുന്നു
കെ സി ലെെജുമോൻ
Published on Mar 28, 2026, 02:00 AM | 2 min read
കുമ്പള
തുളുനാടിന്റെ മനസ്സറിയുന്ന, അഞ്ച് പതിറ്റാണ്ടോളമായി അതിർത്തി ഗ്രാമത്തിന്റെ രാഷ്ട്രീയത്തിൽ നിറസാന്നിധ്യമായ കെ ആർ ജയാനന്ദയാണ് മഞ്ചേശ്വരത്ത് എൽഡിഎഫിനായി കളത്തിലിറങ്ങുന്നത്. മൂന്നാമതും എൽഡിഎഫ് അധികാരത്തിൽ വരുന്പോൾ മഞ്ചേശ്വരത്തും മാറ്റത്തിന്റെ കാറ്റ് വീശണമെങ്കിൽ ഇവിടെ ഇടത് വിജയം ഉറപ്പാക്കണമെന്ന ബോധ്യം നാടിനൊന്നാകെയുണ്ട്. വർഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുതട്ടുന്ന ബിജെപിയെയും മുസ്ലിംലീഗിനെയും ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം അടുക്കുന്പോൾ ജാതിമത ചേരിതിരിവുണ്ടാക്കാനാണ് ഇവരുടെ ശ്രമം. ഇതിനെയെല്ലാം മറികടക്കാൻ നാട്ടുകാരിരൊളായി എന്നും പ്രവർത്തിക്കുന്ന ജയാനന്ദയ്‌ക്ക് സാധിക്കുമെന്നുറപ്പാണ്. തുളു അക്കാദമി ചെയർമാൻ എന്ന നിലയിൽ തുളുനാടിന്റെ സമഗ്ര വികാസത്തിനായി പ്രവർത്തിച്ചതും ജയാനന്ദയ്‌ക്ക് മുതൽക്കൂട്ടാണ്. എംഎൽഎ തികച്ചും പരാജയമായ മണ്ഡലത്തിൽ സംസ്ഥാന സർക്കാർ നേരിട്ടിടപെട്ട് നടത്തിയ വികസനങ്ങൾ മാത്രമാണ് എടുത്തുപറയാനുള്ളത്. 168 കോടി രൂപയാണ് എൻമകജെ പഞ്ചായത്ത് പരിധിയിലുള്ള കാസർകോട് മെഡിക്കൽ കോളേജിനായി കിഫ്‌ബിയിലൂടെ സർക്കാർ അനുവദിച്ചത്. ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സംസ്ഥാന സർക്കാർ ഇടപെട്ടത്. ഇക്കാര്യം ആരോഗ്യമന്ത്രി വീണാജോർജ് പങ്കെടുത്ത ചടങ്ങിൽ സ്ഥലത്തെ യുഡിഎഫ് എംഎൽഎ പരസ്യമായി അംഗീകരിച്ചതുമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്തുകളിൽ പലയിടത്തും സ്ഥിരംസമിതിയിലേക്കും ചെയർമാൻ സ്ഥാനത്തേക്കും മത്സരം നടന്നപ്പോൾ എൽഡിഎഫിനെ തോൽപ്പിക്കാനായി ബിജെപിയുമായി മുസ്ലിംലീഗ് കൂട്ടുകെട്ടുണ്ടാക്കി. ഇത്തരത്തിൽ ഡീലുണ്ടാക്കി ബിജെപിയെ ജയിപ്പിച്ച ലീഗിനെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ജയിച്ചുപോയാലും ബിജെപിക്കൊപ്പംചേരാൻ ലീഗുകാർക്ക് മടിയില്ലെന്ന് അടിവരയിടുന്നതാണ് ഇവിടുത്തെ അനുഭവം. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗമായ കെ ആർ ജയാനന്ദ 11 വർഷം സിപിഐ എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായിരുന്നു. മഞ്ചേശ്വരം പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ദീർഘകാലം രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക കമ്മിറ്റി സെക്രട്ടറിയായിരുന്നു. 2023 മുതൽ തുളു അക്കാദമി ചെയർമാനാണ്. മഞ്ചേശ്വരം ദിനേശ് ബീഡി സൊസൈറ്റി പ്രസിഡന്റ്, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ, കേരള സ്റ്റേറ്റ് ഹോസ്പിറ്റൽ ഫെഡറേഷൻ ഡയറക്ടർ, കാസർകോട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, താലൂക്ക് വികസന സമിതി അംഗം, കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. നിലവിലെ എംഎൽഎ എ കെ എം അഷറഫാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് എൻഡിഎ സ്ഥാനാർഥി.










0 comments