തകർന്നത് ജീവിത സ്വപ് നം

കാസർകോട്
സദന്റെയും കുടുംബത്തിന്റെയും ഏറെ കാലത്തെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. വീടൊരുങ്ങി അതിനകത്ത് താമസിക്കാനുള്ള ഒരുക്കം തുടങ്ങിയപ്പോൾ അത് താമസയോഗ്യമല്ലാതാവുക. അപ്രതീക്ഷിതമായുണ്ടായൊരു പ്രകൃതി പ്രതിഭാസം കരിവേടകം ഒറ്റമാവുങ്കലിലെ കെ സദനെയും കുടുംബത്തെയും പ്രതിസന്ധിയിലാക്കിയിട്ട് ഒരു മാസത്തിലേറെയായി. വീടിരിക്കുന്ന സ്ഥലത്തിന് അടിയിൽ പൊടുന്നനെ രൂപം കൊണ്ട വൻഗർത്തമാണ് ഇവരുടെ സ്വപ്‌നങ്ങൾ തകർത്തത്. ആഗസ്‌ത് 28ന് ഇവരുടെ വീടിന്റെ ഗൃഹപ്രവേശം തീരുമാനിച്ചതായിരുന്നു. കുറ്റിക്കോൽ പഞ്ചായത്തിൽ കരിവേടകം ഒറ്റമാവുങ്കലിലാണ് ടൈൽസ് ജോലിക്കാരനായി സദൻ വീട് നിർമിച്ചത്. ഇപ്പോൾ താമസിക്കുന്ന കുടുംബ വീടിനടുത്താണ് ഒറ്റനില കോൺക്രീറ്റ് വീട് പണിതത്. വീടിന്റെ പിറകുവശത്ത് മണ്ണുമാന്തി ഉപയോഗിച്ച് കക്കൂസ് കുഴിയെടുക്കുന്പോൾ ജൂലൈ 26നാണ് ഗർത്തം ശ്രദ്ധയിൽപെട്ടത്. കുഴി രണ്ട് മീറ്റർ താഴ്‌ചയിലെത്തിയപ്പോഴാണ് പെട്ടെന്ന് മണ്ണ് താഴ്ന്ന് വലിയ വിസ്‌തൃതിയിലും ആഴത്തിലും കുഴിയുണ്ടായത്. ഇതിലൂടെ ശക്തമായി വെള്ളം ഒഴുകുന്നതും ശ്രദ്ധയിൽപെട്ടു. ഇത് മണ്ണിട്ടുമൂടി. എന്നാൽ ഇതേ വിസ്‌തൃതിയിലും ആഴത്തിലും വീണ്ടും ഗർത്തമുണ്ടായി. വീടിനുതാഴെ 150 മീറ്ററോളം അകലെയുള്ള തോട്ടത്തിലുള്ള കുളത്തിലേക്കാണ് ഇതുവഴി വെള്ളമൊഴുകിയെത്തുന്നത്. മഴ ശക്തമാവുന്പോൾ ഒഴുക്കും വർധിക്കും. മണ്ണിടിഞ്ഞ് ഗർത്തത്തിന്റെ വിസ്‌താരം വർധിക്കുന്നുണ്ട്. മൂന്നാൾ പൊക്കം വരെയുണ്ട് ചിലയിടത്ത്. മൂന്ന് വർഷം മുന്പാണ് 1350 ചതുരശ്ര അടി വിസ്‌തൃതിയുള്ള വീടിന്റെ നിർമാണം തുടങ്ങിയത്. ടൈൽസ് ജോലിക്കാരനായ സദൻ കൂലിയിൽനിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചും വായ്‌പയെടുത്തും മറ്റുമാണ് വീട് പണിതത്. 30 ലക്ഷത്തിലേറെ രൂപ ചെലവായി. സ്വന്തം മേൽനോട്ടത്തിലാണ് പണിയെല്ലാം പൂർത്തിയാക്കിയത്. അമ്മ കെ നാരായണി, ഭാര്യ വി കെ രമ്യ, വിദ്യാർഥികളായ മക്കൾ ആദിൽദേവ്, ആദിലക്ഷ്‌മി എന്നിവരടങ്ങുന്നതാണ് സദന്റെ കുടുംബം. കലക്ടറുടെ നിർദേശത്തിൽ കഴിഞ്ഞ ദിവസം വിദഗ്‌ധ സംഘം ഇവിടെയെത്തി പരിശോധന നടത്തി. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാൽ നഷ്ടപരിഹാരത്തിനായി സർക്കാറിലേക്ക് പ്രപ്പോസൽ സമർപ്പിക്കുമെന്ന് കലക്ടർ അറിയിച്ചു.










0 comments