മഴയൊഴിയുന്നു ദുരിതം ബാക്കി

വെള്ളം കയറിയ നീലേശ്വരം ചാത്തമത്ത് പ്രദേശത്തിന്റെ ആകാശദൃശ്യം
സ്വന്തം ലേഖകർ
Published on Aug 03, 2026, 02:55 AM | 2 min read
കാസർകോട്
ജില്ലയിൽ ദുരിതപ്പെയ്‌ത്തിന് നേരിയ ശമനം. ഞായറാഴ്‌ച പലയിടങ്ങളിലും ഇടവിട്ട് നേരിയതും മിതമായതുമായ മഴയാണ് ലഭിച്ചത്. ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്‌തു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്‌ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. തേജസ്വിനിപ്പുഴയിൽ അതിവേഗം ഉയർന്ന ജലനിരപ്പ് ഞായർ പകൽ താഴ്‌ന്നുതുടങ്ങി. രാവിലെ കനത്ത മഴയിൽ പാലായി അങ്കണവാടി കെട്ടിടത്തിൽ വെള്ളം കയറി. ശനിയാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലിൽ കണ്ണൂർ കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഭീമനടി ചെമ്മരംകയം കമ്പിപ്പാലം ഒഴുകിപ്പോയി. കുത്തൊഴുക്കിൽ- കിഴക്കേമുറി അച്ചാംതുരുത്തി നടപ്പാലവും തകർന്നു. മലയോരത്ത് ഉൾപ്പെടെ പലയിടങ്ങളിലായി വീടുകളും തകർന്നിട്ടുണ്ട്. ഉപ്പള ശാരദാ കടപ്പുറത്ത് കടൽ ക്ഷോഭത്തിൽ വീടു തകർന്നു. തുടർന്നുള്ള ദിവസങ്ങളിലും മഴയുണ്ടാവുമെന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലെതുപോലെ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയില്ലെന്നും കാലാവസ്ഥ വിദഗ്‌ധർ അറിയിച്ചു. മഴക്കെടുതിയെതുടർന്ന് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ 6 ക്യാമ്പുകൾ വെള്ളരിക്കുണ്ട് താലൂക്കിൽ– 3, ഹോസ്ദുർഗ് –2 ക്യാമ്പുകൾ. 85 പുരുഷന്മാരും 93 സ്ത്രീകളും 34 കുട്ടികളുമുൾപ്പെടെ 59 കുടുംബങ്ങളിലെ 325പേരാണ് വിവിധയിടങ്ങളിലായുള്ള ക്യാമ്പുകളിലുള്ളത്. പാലാവയൽ, കിനാനൂർ കരിന്തളം, പേരോൽ, ക്ലായിക്കോട് വില്ലേജുകളിലാണ് ക്യാമ്പുകൾ. തയ്യേനി ഗവ. ഹൈസ്കൂൾ, ദേശസേവനി വായനശാല, ചുള്ളിക്കര എൽപി സ്കൂൾ, ചാത്തമത്ത് അമ്പലത്തിലെ ഓഡിറ്റോറിയം, ക്ലായിക്കോട് നായനാർ മന്ദിരം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 67 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ജില്ലയിൽ ആകെ– 11 വീടുകൾ ഭാഗികമായി തകർന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ– അഞ്ച്, കാസർകോട്– മൂന്ന്, മഞ്ചേശ്വരത്ത്– മൂന്ന് വീടുകളാണ് തകർന്നത്. ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ദുരിതാശ്വാസത്തിനും ദുരന്തനിവാരണ പ്രവർത്തനത്തിനുമായി ഡിവൈഎഫ് യൂത്ത് ബ്രിഗേഡ്, എസ്‌എഫ്‌ഐ സ്‌റ്റുഡന്റ് ബറ്റാലിയൻ, സിഐടിയു റെഡ് ബ്രിഗേഡ് സേനകൾ സജീവമായി രംഗത്തുണ്ട്. ജില്ലയിൽ ഇതുവരെ മരണങ്ങളോ കാണാതായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമായി. ദേലംപാടി വില്ലേജിലെ- 14 വയസ്സുകാരിക്ക് പരിക്കേറ്റു. പാലവയൽ വില്ലേജിലെ തയ്യേനിയിലും, മാലോത്തെ കാറ്റാംങ്കവലയിലും ഉരുൾപൊട്ടലെന്ന് സ്ഥിരീകരിച്ചു. ഉരുൾപൊട്ടലിന്റെ ഉത്ഭവസ്ഥാനം കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.










0 comments