ad
Deshabhimani

മറക്കാനാകുമോ

കടന്നുവന്ന വഴികൾ

തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ്‌   സ്ഥാനാർഥി വി പി പി മുസ്തഫ പുത്തിലോട്ടെ സ്വീകരണ കേന്ദ്രത്തിൽ വോട്ടർമാർക്കിടയിൽ

തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി വി പി പി മുസ്തഫ പുത്തിലോട്ടെ സ്വീകരണ കേന്ദ്രത്തിൽ വോട്ടർമാർക്കിടയിൽ

avatar
കെ വി രഞ്‌ജിത്‌

Published on Mar 29, 2026, 02:00 AM | 2 min read

തൃക്കരിപ്പൂർ

‘കടന്നുവന്ന വഴികൾ മറക്കാത്തവനാ മുസ്‌തഫ’ മാവിലാകടപ്പുറം ഒരിയരയിൽ എൽഡിഎഫ്‌ സ്ഥാനാർഥി വി പി പി മുസ്‌തഫയെ സ്വീകരിക്കാൻ കാത്തുനിൽക്കുന്പോൾ ഒരിയര മാധവേട്ടൻ ഇതുപറഞ്ഞപ്പോ, അഞ്ചാം ക്ലാസുകാരനായ ആദിദേവിന്റെ ചോദ്യം. അതെന്താ മാമാ ഇ‍ൗ കടന്നുവന്ന വഴികൾ. അപ്പോവന്നു മറുപടി. കാലം മാറിയതിനെക്കുറിച്ചാ മോനെ. ഒരിരുപത്തഞ്ചുകൊല്ലം മുന്പ്‌ മ്മളെ വലിയപറന്പ്‌ പഞ്ചായത്തിലേക്ക്‌ ഒരുപാലം പോലുമുണ്ടായിരുന്നില്ല. ഓരിക്കടവിൽനിന്ന്‌ കെ വി കണ്ണേട്ടൻ ആഞ്ഞുതുഴഞ്ഞ ചീനയിലിരുന്നാണ്‌ മുസ്‌തഫയടക്കമുള്ള പലരും സംഘടനാപ്രവർത്തനത്തിനായി നമ്മളെ നാട്ടിലെത്തിയത്‌. പകൽ പതിനൊന്നരയോടെ സ്ഥാനാർഥി വി പി പി മുസ്‌തഫ ആരവങ്ങളോടെ ഒരിയരയിലെത്തിയപ്പോൾ പറഞ്ഞ ആദ്യ വാക്കും ഇങ്ങനെ തന്നെ മക്കളെ ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന സിനിമാ ഡയലോഗ്‌ കേട്ടില്ലേ. അതുപോലെ ‘വലിയപറന്പ്‌ പഴയ വലിയപറന്പല്ല’, നിലവിലുള്ളത്‌ രണ്ട്‌ പാലങ്ങൾ. നല്ല ടാറിട്ട റോഡുകൾ മിക്ക വീട്ടിലും വണ്ടികൾ. നിങ്ങൾ ഒരിയരക്കാരുടെ സ്ഥലത്തിന്‌ പട്ടയം. എല്ലാ എൽഡിഎഫ്‌ സർക്കാർ തന്നതാ. ഇനിയും വരുന്നുണ്ട്‌ 24 കിലോമീറ്റർ വരുന്ന പഞ്ചായത്തിൽ മൂന്ന്‌ പാലങ്ങൾകൂടി. അതിനായി പിണറായി സർക്കാർ അനുവദിച്ചത്‌ 150 കോടി രൂപയാണ്‌. മ്മക്ക്‌ ഒരിയര ബീച്ച്‌ നല്ല മൊഞ്ചാക്കണം. ങ്ങ കൂടെയുണ്ടാകുമല്ലോ. അന്ന്‌ തോണിക്കാരൻ കണ്ണേട്ടൻ മ്മളോട്‌ കൂലിപോലും വാങ്ങില്ല, അങ്ങേർക്കറിയാം മ്മ എസ്‌എഫ്‌ഐക്കാരെ കൈയിൽ പൈസയുണ്ടാകില്ലെന്ന്‌. തന്റെ മുൻഗാമികളായ നേതാക്കളുടെ വികസനപ്രവർത്തനങ്ങളെക്കൂടിയോർത്ത്‌ മുസ്‌തഫ ലഘുപ്രസംഗം നിർത്തുന്പോൾ നിറയെ ആരവങ്ങൾ. ശനി രാവിലെ ഒന്പതോടെതന്നെ എൺപതുകാരനായ കെ വി ഭരതേട്ടൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു ആദ്യ സ്വീകരണ കേന്ദ്രമായ വലിയപറന്പ്‌ പാലം ജങ്ഷനിൽ മുസ്‌തഫയെ കാണാൻ. ‘ഓൻ മ്മളെ ചെക്കനല്ലേ, എല്ലാത്തിനും മുൻനിരയിൽ ഓനുണ്ടാകും, നല്ല വിവരോണ്ട്‌, മ്മളെ വോട്ട്‌ ഓനന്നെ’ ആ വാക്കുകളിലുണ്ടായിരുന്നു സ്‌നേഹസ്വരം. ചെണ്ടമേളത്തോടെ സ്വീകരണം കടന്നുപോകുന്പോ അതാ ഉച്ചത്തിലുള്ള വിളി. എടാ മുസ്‌തഫാ. കൂലേരിക്കാരൻ രാഘവേട്ടൻ. ഒച്ച കേട്ടയുടൻ രാഘവേട്ടനടുത്തെത്തിയപ്പോൾ സഥാനാർഥിയെ മുറകെപിടുത്തം. നീ ജയിക്കും മോനെ. നല്ല ഭൂരിപക്ഷമുണ്ടാകും. ബിച്ചാരക്കടപ്പുറത്ത്‌ സ്ഥാനാർഥിയെ സ്വീകരിച്ചത്‌ തങ്ങൾ രാവിലെ വലിയിട്ട്‌ പിടിച്ച ചെന്പല്ലിയും കരിമീനും കൊളോനുമടങ്ങിയ കോവയുമായാണ്‌. തുടർന്ന്‌ പിലിക്കോട്‌ കണ്ണങ്കൈയിലെത്തുന്പോൾ സ്‌ത്രീകളടക്കം നൂറുകണക്കിനാളുകളുടെ ആരവങ്ങൾ. പിലിക്കോട്‌ കരപ്പാത്ത്, വറക്കോട്ട് വയൽ, മട്ടലായി, കൊടക്കാട്‌ പുത്തിലോട്ട്, ആനിക്കാടി, കുഴിപ്പാട്ട് തുടങ്ങിയ സ്വീകരണങ്ങൾ കഴിഞ്ഞ്‌ വേങ്ങപ്പാറയെത്തുന്പോൾ ആലിപ്പഴവർഷത്തോടെ വേനൽമഴയെത്തിയത്‌ ഹർഷാരവമായി. വലിയപൊയിൽ, ഓലാട്ട്, ചക്ക് മുക്ക്, വെള്ളച്ചാൽ, ചൂരിക്കൊവ്വൽ, ഓത്തുകുന്ന്, മാണിയാട്ട് ബാങ്ക് പരിസരം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം മുസ്‌തഫ വാഹനത്തിൽനിന്നിറങ്ങുന്പോഴെല്ലാം കത്തിപ്പടർന്ന വെടിക്കോപ്പുകളുടെ മേലേക്ക്‌ മുദ്രാവാക്യങ്ങളുയർന്നു. തെക്കേ മാണിയാട്ട്‌ സമാപന യോഗം എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു.


പര്യടനം ഇന്ന്‌

രാവിലെ 9ന് തയ്യിൽ കടപ്പുറം, 9.30 ന് കന്നുവീട് കടപ്പുറം, 10ന് ഇടയിലക്കാട്, 10.30ന് ആയിറ്റി 11ന് പേക്കടം, 11.30ന്‌ ബീരിച്ചേരി, 12ന് മെട്ടമ്മൽ, 12.30ന് വൾവക്കാട് 2ന് കൈക്കോട്ട് കടവ്, 2.30 ന് ഉടുമ്പുന്തല, 3ന് ഒളവറ മുണ്ട്യ, 3.30ന് തങ്കയം പെട്രോൾപമ്പ് 4ന് ചെറുകാനം, 4.30ന് വടക്കെകൊവ്വൽ, 5ന് എടാട്ടുമ്മൽ, 5.30 കൊയങ്കര, 6ന് ഈയ്യക്കാട് (സമാപനം).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home