പട്ടയമേള സെപ്തംബർ 1ന്
ജില്ലയിൽ 2000 പട്ടയം വിതരണംചെയ്യും: മന്ത്രി

തിരുവനന്തപുരം
ജില്ലയിൽ സെപ്തംബർ ഒന്നിന് നടക്കുന്ന പട്ടയമേളയിൽ രണ്ടായിരം പട്ടയം വിതരണം ചെയ്യുമെന്നും ഇത് ജില്ലയെ സംബന്ധിച്ചിടത്തോളം ചരിത്രമാകുമെന്നും മന്ത്രി കെ രാജൻ. തിരുവനന്തപുരത്ത് ഐഎൽഡിഎമ്മിൽ കാസർകോട് ജില്ലാ റവന്യൂ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോട്ടെ സങ്കീർണമായ നിരവധി പട്ടയ പ്രശ്നങ്ങൾ പരിഹരിച്ചു. 2024-–25 ൽ 1471 പട്ടയങ്ങൾ നൽകി. 85 വില്ലേജുകളിൽ 40 എണ്ണവും സ്മാർട്ട് വില്ലേജുകളാക്കി. ഡിജിറ്റൽ റീ സർവെ ഊർജിതമായി നടക്കുന്ന ജില്ലയാണ് കാസർകോടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എംഎൽഎമാരായ എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ് തുടങ്ങിയവരും കലക്ടർ കെ ഇമ്പശേഖറും സംസാരിച്ചു. സി എച്ച് കുഞ്ഞമ്പു എംഎൽഎ തയ്യാറാക്കി നൽകിയ ആവശ്യങ്ങളും അസംബ്ലിയുടെ ശ്രദ്ധയിൽക്കൊണ്ടുവന്നു.
എം രാജഗോപാലൻ എംഎൽഎക്ക് മന്ത്രിയുടെ ഉറപ്പ്
ചെറുവത്തൂർ
റവന്യൂ അസംബ്ലിയിൽ അവതരിപ്പിച്ച ജില്ലയിലെ റവന്യൂവകുപ്പുമായ വിഷയങ്ങൾ പരിഹരിക്കുമെന്ന് എം രാജഗോപാലൻ എംഎൽഎക്ക് മന്ത്രി ഉറപ്പുനൽകി. ഒരുകുടുംബവും കുടിയിറങ്ങേണ്ടി വരില്ലെന്നും പരിശോധിച്ച് മുഴുവനാളുകൾക്കും നീതി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. നീലേശ്വരം മിനി സിവിൽസ്റ്റേഷന് കണ്ടെത്തിയ സ്ഥലം വെറ്റ് ലാൻഡ് പരിവർത്തനം ചെയ്യുന്നതിനുള്ള അപേക്ഷയിൽ ഉടന്‍ തീരുമാനമുണ്ടാക്കണമെന്നും പടന്ന അടക്കമുള്ള ജില്ലയിലെ തീരദേശ സ്ഥലങ്ങൾ, കടൽ പുറമ്പോക്ക് സ്ഥലം കൈവശം വച്ചിരിക്കുന്ന കുടുംബങ്ങൾ എന്നിവർക്ക് പട്ടയം ലഭിക്കാത്തതിനാൽ സർക്കാർ ആനുകൂല്യം ലഭിക്കുന്നില്ലെന്നും എംഎൽഎ ശ്രദ്ധയിൽപ്പെടുത്തി. കടൽ പുറമ്പോക്കിൽ ഉൾപ്പെടെ പട്ടയം നൽകിയ പലർക്കും നികുതി അടക്കനാകുന്നില്ല. സർക്കാർ ഉത്തരവ് ഇല്ലാത്തതിനാൽ റീ -സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തത് പരിഹരിക്കണമെന്നും ഡിജിറ്റൽ സർവേ നടക്കുന്ന വില്ലേജുകളിലും പട്ടയം ലഭിച്ച പലർക്കും പട്ടയ സ്കെച്ച് ഇല്ലാത്ത കാരണത്താൽ ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയുണ്ട്. ഇവർക്ക് കൈവശം കണക്കാക്കി വിസ്തീർണം നിലനിർത്തി അളന്ന് നൽകുന്നതിന് തീരുമാനമുണ്ടാക്കണം. പട്ടിക ജാതി, പട്ടിക വർഗ ഉന്നതികളിലെ ഭൂപ്രശ്നം അടിയന്തരമായി പരിഹരിക്കണം. കൈവശം സംബന്ധിച്ച് വ്യക്തതയില്ലാത്തവരും ഭവന രഹിതരുമായവർ വിവിധ ഉന്നതികളിൽ ഉണ്ട്. ഇവർക്ക് ഭൂമി ലഭ്യമാക്കിയാൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടില്ലാത്ത കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കണം. കർണാടകത്തിൽനിന്നും 1950 ന് ശേഷം കേരളത്തിലേക്ക് കല്യാണം കഴിച്ചോ അല്ലാതെയോ കുടിയേറി വന്ന ആളുകൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പ്രയാമനുഭവിക്കുന്നത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. മറ്റ് നിർദേശങ്ങൾ: 1. സീറോ ലാൻഡ്സ് പദ്ധതിയിൽപ്പെടുത്തി പട്ടയം നൽകി കരമടക്കുന്നവർക്ക് കൈവശ രേഖ നൽകണം, 2. കടലാക്രമണം തുടരുന്ന പ്രദേശങ്ങൾ ദുരന്തനിവാരണ ഫണ്ട് അനുവദിച്ച് സംരക്ഷിക്കണം. 3. പനത്തടി കല്ലപ്പള്ളിയിൽ കർണാടകം 1.5 കിലോ മീറ്റർ കൈയേറിയെന്ന പരാതി പരിശോധിക്കണം, 4. ഒഴിഞ്ഞുകിടക്കുന്ന 60 സർവേയർമാരുടെ തസ്തികയിൽ ജീവനക്കാരെ നിയമിക്കണം.









0 comments