മുക്കൂറിൽ വീട്ടമ്മയുടെ മരണം
മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം


സ്വന്തം ലേഖകൻ
Published on Jan 16, 2026, 12:06 AM | 1 min read
ബദിയടുക്ക
കുമ്പഡാജെ മൗവ്വാർ ഗോസാഡ മുക്കൂർ ആജിലയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മ പുഷ്പാവതിയുടെ മരണം മോഷണത്തിനിടെയുണ്ടായ കൊലപാതകമെന്ന് സംശയിക്കുന്നു. ബുധനാഴ്ച വൈകിട്ട് വീടിന്റെ അടുക്കള ഭാഗത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. വീടിനുള്ളിൽ പിടിവലി നടന്ന ലക്ഷണമുണ്ട്. കഴുത്തിന്റെ ഭാഗത്ത് കരുവാളിച്ച നിലയും മുഖത്ത് നഖം കൊണ്ട് മാന്തിയതിന്റെ പാടുകളും കാണാം. കഴുത്തിലുണ്ടായിരുന്ന സ്വർണ കരിമണി മാല നഷ്ടപ്പെട്ടതായി കരുതുന്നു. ബംഗളൂരുവിലെ സഹോദരിയുടെ മകൾ വംശയാണ് വീട്ടിൽ തനിച്ച് താമസിക്കുന്ന പുഷ്പവതിയെ ഇടയ്ക്ക് വിളിക്കാറുള്ളത്. ബുധനാഴ്ച വൈകിട്ട് നാല് മുതൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. തുടർച്ചായി വിളിച്ചിട്ടും ഫോണെടുത്തില്ല. വീടിന് തൊട്ടടുത്തുള്ള അയൽവാസികൾ ബുധനാഴ്ച വീട്ടിലുണ്ടായിരുന്നില്ല. ഇവർ കുടുംബസമേതം പൂജ ആവശ്യത്തിന് മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. ഈ വീടുകാരുമായി പുഷ്പവതി നല്ല ബന്ധത്തിലല്ല. രാത്രിയായിട്ടും പുഷ്പവതി ഫോണെടുക്കാതെ ആയപ്പോൾ വംശ അൽപം ദൂരെ വീടുള്ള അയൽവാസി ദിനേശനെ ബന്ധപ്പെട്ടു. ദിനേശൻ അയൽവാസി ബാലകൃഷ്ണ റൈയെയും കൂട്ടിയാണ് പുഷ്പവതിയുടെ വീടിന് മുന്നിലെത്തിയത്. ഇവിടെ നിന്ന് ഫോൺ ചെയ്തപ്പോൾ റിങ് ശബ്ദം കേട്ടു. പിന്നീട് വീടിന്റെ പിൻഭാഗം പരിശോധിച്ചപ്പോഴാണ് അടുക്കള വാതിൽ തുറന്ന് കിടക്കുന്നതും വീട്ടമ്മ മരിച്ച നിലയിൽ കാണുന്നതും. പുഷ്പവതിക്ക് മുക്കൂർ ആജിലയിൽ നാല് ഏക്കറിലധികം കൃഷിയിടമുണ്ട്. വീട് ഏറെ പഴക്കമുള്ളതാണ്. ഒറ്റപ്പെട്ട സ്ഥലത്താണ് വീട്. ഫോറസിക്ക് കാസർകോട് യൂണിറ്റ് സംഭവം സ്ഥലം പരിശോധിച്ചു. ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയിക്കുന്നു. ബദിയടുക്ക പൊലീസ് എസ്എച്ച്ഒ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടക്കുന്നു.









0 comments