മുൻകരുതലെടുക്കാം, ഷിഗെല്ലയെ നേരിടാം


സ്വന്തം ലേഖകൻ
Published on Jun 14, 2026, 02:21 AM | 1 min read
കാസർകോട്
സംസ്ഥാനത്ത് ഷിഗെല്ല രോഗം റിപ്പോർട്ടുചെയ്തിരിക്കുകയാണ്. നമ്മുടെ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കനത്ത ജാഗ്രത പുലർത്തണമെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന അണുബാധയാണ് രോഗം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും തകരാറുണ്ടാക്കുകയുംചെയ്യും. പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലുള്ളതിനാലാണ് അതീവശ്രദ്ധ പുലർത്തേണ്ടത്. വയറിളക്കം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണം. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ പ്രകടമാവുക. കടുത്ത പനിയും വയറിളക്കവുമുണ്ടാകും. കടുത്ത പനിയോടുകൂടിയ വയറിളക്കം, മലത്തിൽ രക്തം, കഫം എന്നിവ കാണപ്പെടുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. കടുത്ത വയറുവേദനയും വയറു കോച്ചിപ്പിടുത്തവുമുണ്ടാകും. ഓക്കാനം, ഛർദ്ദി, കടുത്ത ക്ഷീണം, ശരീരവേദന, എപ്പോഴും മലവിസർജനം നടത്താനുള്ള അമിതമായ തോന്നൽ എന്നിവയും ലക്ഷണങ്ങളാണ്. വ്യക്തിശുചിത്വം അനിവാര്യം രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. വ്യക്തിശുചിത്വം പാലിക്കാത്തതുമൂലവും രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പകരാം. രോഗിയുടെ വിസർജ്യത്തിൽനിന്നുള്ള ബാക്ടീരിയകൾ മറ്റൊരാളുടെ ഉള്ളിൽ എത്തുമ്പോഴാണ് രോഗബാധയുണ്ടാവുക. തുറസായ സ്ഥലങ്ങളിലെ വിസർജനംമൂലം ഈച്ചകളും മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം. നമ്മൾ ചെയ്യേണ്ടത് ആഹാരം പാകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലവിസർജ്ജനത്തിനു ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക. ഭക്ഷണം അടച്ചു സൂക്ഷിക്കണം. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കർശനമായും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷംമാത്രം ഉപയോഗിക്കുക. രോഗലക്ഷണങ്ങളുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗികൾക്ക് പ്രത്യേക ശുചിമുറി സൗകര്യം വേണം. ഡയപ്പറുകൾ സുരക്ഷിതമായ രീതിയിൽമാത്രം സംസ്കരിക്കണം. തുറസായ സ്ഥലങ്ങളിൽ മലവിസർജനം നടത്താതിരിക്കുക. കുട്ടികളിലും വയോജനങ്ങളിലും നിർജലീകരണം പ്രധാന അപകടസാധ്യതയാണ്. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബി സന്തോഷ് അറിയിച്ചു.










0 comments