ad
Deshabhimani

മുക്കാസ്, എഫ് വൺ, ​ജൂബിലി കിങ്, ആരോഹി, ​വിശാല, ​ഓറഞ്ച് മഞ്ച് 
‘പൂങ്കാവന’ത്തിൽ തരംഗമായി തണ്ണിമത്തൻ

തന്റെ കൃഷിയിടത്തിൽ വിളവെടുത്ത വിവിധതരം തണ്ണിമത്തൻ വിൽപനയിൽ ശ്രീവിദ്യ
avatar
നാരായണൻ കരിച്ചേരി

Published on Feb 24, 2026, 03:00 AM | 1 min read

ഉദുമ ​കൃഷിയിൽ വൈവിധ്യങ്ങളുടെ കലവറയൊരുക്കുകയാണ് ശ്രീവിദ്യ മേലത്ത് എന്ന യുവ കർഷക. ഈ കൊടുംചൂടിൽ തരംഗമാവുകയാണ് ശ്രീവിദ്യ വിളവെടുത്ത അഞ്ചുതരം തണ്ണിമത്തനുകൾ. കൃഷിയെ വെറുമൊരു ഉപജീവന മാർഗം മാത്രമല്ല, നൂതനമായ പരീക്ഷണങ്ങളുടെ വേദികൂടിയാക്കുകയാണ്‌. കൊളത്തൂർ ബറോട്ടി നിടുവോട്ടെ ശ്രീവിദ്യ രണ്ടരയേക്കർ പാട്ടഭൂമിയിൽ വിളയിച്ചെടുത്തത് അഞ്ചിനം വൈവിധ്യമാർന്ന ഹൈബ്രിഡ് തണ്ണിമത്തനുകളാണ്. ​മുക്കാസ്, എഫ് വൺ, ​ജൂബിലി കിങ്, ആരോഹി, ​വിശാല, ​ഓറഞ്ച് മഞ്ച് തുടങ്ങിയ ഇനങ്ങളാണ്‌ കൃഷിചെയ്‌തത്‌. ​ഡിസംബർ ആദ്യവാരം ആരംഭിച്ച കൃഷി 65-ാം ദിവസം വിളവെടുത്ത് വിൽപ്പനയിലാണ്. റംസാൻ സീസൺ കൂടിയായതോടെ ഈ തണ്ണിമത്തനുകൾക്ക് ആവശ്യക്കാരേറെയാണ്. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻപോയ സംഘത്തിൽ ശ്രീവിദ്യയും അംഗമായിരുന്നു. അവിടെനിന്ന് ആർജിച്ച അറിവുകൾ പ്രയോഗിച്ചതാണ് ശ്രീവിദ്യയുടെ ‘പൂങ്കാവനം അഗ്രി’ വിജയംകൊയ്യുന്നത്. ചെടികൾക്ക് ആവശ്യമായ ഈർപ്പവും വായുസഞ്ചാരവും താപനിലയും കൃത്യമായി നിലനിർത്തുന്ന സംരക്ഷിത കൃഷിരീതി വഴിയാണ് മികച്ച വിളവ് കിട്ടുന്നത്. ​തണ്ണിമത്തൻ കൂടാതെ മുളക്, പയർ, കാബേജ്, കോളിഫ്ലവർ, തക്കാളി തുടങ്ങി ഇരുപതോളം ഇനം പച്ചക്കറികളും ശ്രീവിദ്യയുടെ തോട്ടത്തിൽ നൂറുമേനി വിളയുന്നുണ്ട്. ദേശീയ പാതയ്ക്ക് അടുത്ത് പൊയിനാച്ചിയിൽ കൃഷിയിടവും, റോഡരികിൽ  വിൽപനയുമുണ്ട്. ഇടനിലക്കാരുടെ ചൂഷണമില്ലാതെ സ്വന്തം ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. കൃഷിയിടത്തിന് സമീപം റോഡരികിൽ പ്രദർശിപ്പിച്ചുള്ള വിൽപ്പന. കുറ്റിക്കോലിൽ നടന്ന കാർഷിക പ്രദർശന വിപണന മേളയിൽ രണ്ടു ടൺ തണ്ണിമത്തൻ വിറ്റഴിച്ചു. മായം ചേർക്കാത്ത നാടൻ ഉൽപ്പന്നങ്ങളായതിനാൽ വിലപേശലില്ലാതെ ആളുകൾ തേടിയെത്തുന്നു. അതിനാൽ വിപണിയിൽ എനിക്ക് ആശങ്കകളില്ല. ശ്രീവിദ്യ പറയുന്നു. ​​സംസ്ഥാന സർക്കാരിന്റെ യുവകർഷക പുരസ്കാരം നേടിയ ശ്രീവിദ്യയുടെ പിന്നിൽ കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് രാധാകൃഷ്ണനും മക്കളായ രേവതി കൃഷ്ണയും ശിവനന്ദും പിന്തുണയുമായി ഒപ്പമുണ്ട്‌. അച്ഛനും അമ്മയും സഹോദരനും എല്ലാം കൃഷിപ്പണികളിൽ ശ്രീവിദ്യയ്ക്കൊപ്പം സജീവമാണ്‌. സംസ്ഥാന സർക്കാർ ഒരുക്കിത്തന്ന ഇസ്രയേൽ യാത്രയിലൂടെ ഒരുപാട്‌ അറിവുകൾ നേടാൻ സാധിച്ചു. ഇനിയും ഞങ്ങളോടൊപ്പം ഈ സർക്കാർ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന്‌ ശ്രീവിദ്യ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home