പ്രതിഷേധം ശക്തം
ബിജെപിയിൽനിന്ന് പുറത്താക്കപ്പെട്ടവർക്ക് ഊരുവിലക്ക്

ഉദുമ
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടതിനേതുടർന്നുണ്ടായ പ്രശ്നത്തിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടവർക്ക് ഊരുവിലക്കേർപ്പെടുത്തി പ്രാദേശിക നേതൃത്വം. ചെമ്മനാട് പഞ്ചായത്തിലെ കൊക്കാൽ വാർഡിൽപ്പെട്ട അച്ചേരിയിലാണ് സംഭവം. ബിജെപിയിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയാണ് പുറത്താക്കലിലേക്ക് നയിച്ചത്. ഇതിന്റെ തുടർച്ചയായാണ് പുറത്താക്കപ്പെട്ട വീട്ടുകാർക്ക് ഊരുവിലക്കും ഏർപ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ പൊതുസമൂഹത്തിൽ അപമാനിക്കുകയും പരാജയപ്പെടുത്താൻ പ്രവർത്തിക്കുകയുംചെയ്ത കാരണത്താൽ പുറത്താക്കപ്പെട്ട വ്യക്തികളുടെ വീട്ടിൽ നടക്കുന്ന പരിപാടിയിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഭാരതിയ ജനത പാർട്ടി കൊക്കാൽ അച്ചേരി ബൂത്ത് കമ്മറ്റി ജനറൽബോഡി യോഗത്തിൽ തീരുമാനിച്ചതായി അറിയിക്കുന്നു എന്നാണ് ബൂത്ത് കമ്മിറ്റിയുടെ അറിയിപ്പ‍്. സമൂഹ മാധ്യമങ്ങളിലും ഇതു പ്രചരിപ്പിക്കുകയാണ്. 40 വർഷമായി ബിജെപിയുടെ കെെവശമുള്ള കൊക്കാൽ വാർഡിൽ ഇത്തവണ സിപിഐ എം ആണ് വിജയിച്ചത്. ഇതാണ് പ്രകോപനത്തിന് കാരണം. പ്രദേശത്ത് വലിയ അക്രമങ്ങളും ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച അച്ചേരിയിൽ വ്യാപാരിയായ ജയചന്ദ്രനെ രാത്രിയിൽ പതിയിരുന്ന് ആക്രമിച്ചിരുന്നു. സംഭവത്തിൽ കൊക്കാൽ മേഖലയിൽ ബിജെപിയിൽതന്നെ വലിയ എതിർപ്പുയരുന്നുണ്ട്.









0 comments