പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയില്‍നിന്ന് 2.6 ലക്ഷത്തിന്റെ സ്വര്‍ണം കവർന്നു

ഉദുമ
പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണംനല്‍കാതെ മുങ്ങിയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്. ഉദുമ റെയില്‍വേ ഗേറ്റിന് സമീപത്തെ പുഷ്പലത ജ്വല്ലറിയില്‍നിന്ന് വ്യാഴം ഉച്ചയോടെയായിരുന്നു തട്ടിപ്പ്. ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ അഖില്‍രാജ് ആണെന്ന് പരിചയപ്പെടുത്തി ഉച്ചയ്ക്ക് ഒന്നോടെ ഇയാള്‍ ജ്വല്ലറിയിലെത്തിയത്. കൊല്ലം സ്വദേശിയാണെന്നും ഏഴുമാസമായി ബേക്കല്‍ സ്റ്റേഷനില്‍ ജോലിചെയ്യുകയാണെന്നും ഇയാള്‍ ജ്വല്ലറി ഉടമയായ ഗണേശനോട് പറഞ്ഞു. ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരുകള്‍ കൂടി പറഞ്ഞതോടെ പ്രതിയെ വിശ്വാസത്തിലെടുത്ത ഉടമ സ്വര്‍ണം നല്‍കുകയായിരുന്നു. കൈ ചെയിന്‍, മോതിരം എന്നിവ വാങ്ങി 1,29,500 രൂപ അക്കൗണ്ടിലേക്ക് അയച്ച മെസേജ് ജ്വല്ലറി ഉടമയെ കാണിച്ച് സ്വര്‍ണവുമായി ഇയാള്‍ പോയി. പിന്നീട് വൈകീട്ട് നാലിന് വീണ്ടും തിരിച്ചെത്തി ഭാര്യ സഹോദരന് സമ്മാനമായി നല്‍കാനാണെന്ന് പറഞ്ഞു ഒരു കൈചെയിൻ കൂടി വാങ്ങുകയായിരുന്നു. ഇതിന്റെ തുകയായ 1,31,000 രൂപ അക്കൗണ്ടില്‍ അയച്ചതിന്റെ സന്ദേശം ഉടമയ്ക്ക് കാണിച്ച് ഇയാള്‍ പോകുകയായിരുന്നു. പിന്നീട് ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് പണം അക്കൗണ്ടില്‍ എത്തിയില്ലെന്ന് അറിയുന്നത്. ഉടൻ ബേക്കൽ പൊലീസില്‍ പരാതി നല്‍കി. സിസിടിവി പരിശോധിച്ചപ്പോളാണ് പ്രതി സ്ഥിരം തട്ടിപ്പ് വീരനായ തിരുവനന്തപുരം സ്വദേശി മനുവാണെന്ന് മനസിലായത്. 2,60,500 രൂപ വിലമതിക്കുന്ന 16.200 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇയാൾ കബളിപ്പിച്ചെടുത്തത്.










0 comments