മോഷണക്കുറ്റം ഏറ്റെടുക്കണമെന്ന് ആവശ്യം
യുവാവിന് പൊലീസിന്റെ ക്രൂരമർദനം


സ്വന്തം ലേഖകൻ
Published on Jul 11, 2026, 02:42 AM | 1 min read
കാസർകോട്
ബദിയടുക്കയിൽ മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചു. ഏത്തടുക്ക സ്വദേശിയും ഡ്രൈവറുമായ ആനപ്പള്ള എ അജിത്കുമാറാണ് പൊലീസ് മർദനത്തിനിരയായത്. ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സയിലാണ് അജിത്‌കുമാർ. അടക്ക മോഷണക്കേസിലെ പ്രതിയെന്ന് ആരോപിച്ചായിരുന്നു മർദനം. കുറ്റം ഏറ്റെടുക്കണമെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞ 2ന് ഏത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്ന് ഉരിച്ച 215 കിലോ അടക്ക മോഷണംപോയിരുന്നു. ഇൗ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സാമ്യമുണ്ടെന്ന് പറഞ്ഞാണ് അജിത്കുമാറിനെ 8ന് രാത്രി 7ന് വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ കാറിൽ മഫ്തിയിലാണ് പൊലീസുകാർ എത്തിയത്. കാറിൽ കയറ്റിയ ഉടൻ പൊലീസ് അടക്ക മോഷ്ടിച്ചതിനെക്കുറിച്ച് ചോദിച്ചെന്നും നിഷേധിച്ചപ്പോൾ മുഖത്തടിച്ചെന്നും പരാതിയിലുണ്ട്. കാറിലും സ്റ്റേഷനിലെത്തിച്ചും മർദനം തുടർന്നു. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. സ്റ്റേഷനിലെത്തിച്ച് വസ്ത്രങ്ങളഴിച്ച് പരിശോധിച്ചു. കുരുമുളക് സ്‌പ്രേ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അജിത്ത്കുമാർ പറഞ്ഞു. രാത്രി 10ന് പൊലീസുകാർ വീട്ടിലെത്തിക്കുകയായിരുന്നു. മോഷണക്കേസിൽ യഥാർഥ പ്രതികളായ മൂന്നുപേരെ പിന്നീട് അറസ്‌റ്റുചെയ്‌തു. സതീശ (30), ശിശുകുമാർ (19), ഗണേശൻ (29) എന്നിവരാണ് അറസ്‌റ്റിലായത്.











0 comments