എരിക്കുളം വയലിൽ മണ്ണെടുപ്പുത്സവം മണ്ണിൽ വിരിയുന്ന അതിജീവനം

എരിക്കുളം വയലിൽ നടക്കുന്ന മണ്ണെടുപ്പ്
സുരേഷ് മടിക്കൈ
Published on Apr 21, 2026, 02:32 AM | 1 min read
മടിക്കൈ
എരിക്കുളം വയലിൽ ഇപ്പോൾ മണ്ണെടുപ്പ് ഉത്സവമാണ്. മൺപാത്ര നിർമാണത്തിനായുള്ള പ്രത്യേക മണ്ണ് ശേഖരിക്കലാണ് ഉത്സവാന്തരീക്ഷത്തിൽ നടക്കുന്നത്. മണ്‍പാത്ര നിര്‍മാണം ജീവിത മാര്‍ഗമാക്കിയ എരിക്കുളത്തെ ഇരുന്നൂറിലധികം കുടുംബങ്ങളാണ് പ്രതിസന്ധിക്കാലത്തും മണ്‍പാത്ര നിര്‍മാണത്തെ വിടാതെ മുറുകെപ്പിടിക്കുന്നത്. നൂറ്റാണ്ടുകളായി നടക്കുന്ന ആചാരം കൂടിയാണിത്. ഓരോ വർഷവും ഗ്രാമത്തിലെ മുഴുവനാളുകളും പ്രായഭേദമന്യേ ഈ ഉത്സവത്തിൽ പങ്കെടുക്കും. മേടപ്പുലരിയുടെ പിറ്റേന്നാൾ മുതൽ ഒരാഴ്‌ച വയലിൽനിന്ന് കളിമണ്ണ് കുഴിച്ചെടുക്കും. ഒരു വർഷത്തെ മൺപാത്ര നിർമാണത്തിനുള്ള കളിമണ്ണ് കുഴിച്ചെടുത്ത് തലച്ചുമടായികൊണ്ടുവന്ന് അവരവരുടെ പറമ്പിൽ ചെറിയ കുഴിയിൽ സൂക്ഷിക്കും. ചളി, ചൂര്, പൊടിച്ചൂര് എന്നീയിനം മണ്ണാണ് വയലിൽനിന്ന് കുഴിച്ചാൽ കിട്ടുന്നത്. ഈ മണ്ണ് വീടുകളിലെത്തിച്ച് ആവശ്യത്തിന് പൂഴി ചേർത്ത് മൺപാത്ര നിർമാണത്തിന് ആവശ്യമായ രീതിയിൽ കുഴച്ചെടുക്കും. അതേസമയം അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ വീടുകളുടെ അടുക്കള കൈയടക്കിയപ്പോൾ മൺപാത്ര നിർമാണത്തില്‍ ഏർപ്പെടുന്നവർ കുലത്തൊഴിൽ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. പുതുതലമുറ നിർമാണം പഠിക്കാൻ വൈമനസ്യം കാണിക്കുന്നതും ഈ പരമ്പരാഗത തൊഴിലിന് പ്രതിസന്ധിയാകുന്നു. പാത്രങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ കളിമണ്ണ് വയലുകളിൽ കുറഞ്ഞതും അധ്വാനത്തിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാത്തതും കൂടുതൽ പേർ ഈ മേഖലയെ ഉപേക്ഷിക്കാൻ കാരണമായിട്ടുണ്ട്. കളിമൺപാത്ര നിർമാണത്തില്‍ എന്ന പോലെ പച്ചക്കറി കൃഷിയിലും മികവ് തെളിയിച്ചിട്ടുണ്ട് ഇവിടുത്തെ മിക്ക വീട്ടുകാരും. മൺപാത്ര നിര്‍മാണത്തിനായി കളിമണ്ണ് കുഴിച്ചെടുക്കുന്ന വയലില്‍ തന്നെ പച്ചക്കറി കൃഷി ചെയ്‌ത് വിജയം കൊയ്യുകയാണ് ഇവര്‍. സ്‌ത്രീകളും പുരുഷന്മാരും മാത്രമല്ല കുട്ടികൾപോലും ഇവിടെ കര്‍ഷകരാണ്. മഞ്ഞ് പെയ്യുന്ന പ്രഭാതത്തില്‍ കൂവലിൽനിന്ന് മൺപാനിയിൽ വെള്ളമെടുത്ത് പ്രത്യേക രീതിയിൽ കൂട്ടത്തോടെ കൃഷിക്ക് വെള്ളം തളിക്കുന്ന ദൃശ്യം ഇവിടെയെത്തിയാൽ കാണാം.









0 comments