അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ഇന്ന്
ലഹരിക്കുരുക്കിലാണോ? ഒപ്പമുണ്ട് എഎ


സ്വന്തം ലേഖകൻ
Published on Jun 26, 2026, 02:37 AM | 2 min read
കണ്ണൂർ
‘‘അപ്പോഴേക്കും ഞാൻ തീർത്തും ഒറ്റപ്പെട്ട മനുഷ്യനായി മാറിയിരുന്നു. മൊബൈൽ കന്പനികളുടെ ഓഫർ പരസ്യങ്ങളല്ലാതെ മറ്റൊരു വിളിയും മാസങ്ങളായി എന്റെ ഫോണിലേക്ക് വരാറേയുണ്ടായിരുന്നില്ല. നിൽക്കക്കള്ളിയില്ലാതെ ജീവിതപങ്കാളി ഉപേക്ഷിച്ചുപോയി. രണ്ട് ബിരുദാനന്തര ബിരുദങ്ങൾ കൈയിലുണ്ടായിരുന്നുവെങ്കിലും ജോലി പോയി. കുടിച്ചുനശിക്കരുതേയെന്ന് കരഞ്ഞുകാലുപിടിച്ചിരുന്ന വീട്ടുകാർ പോലും ഉപേക്ഷിച്ചു.’’– മദ്യാസക്തിയുടെ കാണാക്കയങ്ങളിൽനിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് നീന്തിയ മനുഷ്യൻ ജീവിതം പറയുകയാണ്. മദ്യാസക്തിയിൽ മുങ്ങിത്താണുപോയ മനുഷ്യർക്ക് സ്വബോധം വീണ്ടുകിട്ടുന്പോഴെല്ലാം ‘എനിക്കിതിൽനിന്ന് പുറത്തുകടക്കണം’ എന്ന ചിന്തയുണ്ടാവാറുണ്ട്. പക്ഷേ, ആരും അവർക്കൊപ്പം നിൽക്കാറില്ല. ആരെങ്കിലും തുനിഞ്ഞാലും മനസുമടുത്ത് മതിയാക്കേണ്ടിവരും. മദ്യാസക്തിയെന്ന രോഗത്തെ പൂർണമായി മനസിലാക്കാൻ ആ അനുഭവങ്ങളിലൂടെ കടന്നുപോയവർക്കേ സാധ്യമാവൂ. ‘ആൾക്കഹോൾ അനോണിമസ്’(എഎ)കൂട്ടായ്‌മ അത്തരമൊരു ശ്രമമാണ്. മദ്യാസക്തിയിൽനിന്ന് രക്ഷപ്പെടണമെന്ന തീപ്പൊരിയെ ഉൗതിയൂതി ആളിക്കത്തിക്കുകയാണ് ഇൗ സംഘടന. ഒരിക്കൽ മദ്യത്തിന് അടിമയായവരാണ് നേതൃത്വം. ഒരു മദ്യപൻ അവരുമായി ബന്ധപ്പെട്ട് ജീവിക്കുന്ന 21 പേരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് എഎ വെളിപ്പെടുത്തുന്നു. എത്രശ്രമിച്ചിട്ടും നിർത്താനാവാതെ കുടിച്ചുകുടിച്ച് മരണാസന്നരായ ലക്ഷക്കണക്കിന് മനുഷ്യരെ ജീവിതത്തിലേക്ക് വഴിനടത്തുകയാണ് ഇൗ ആഗോളസംഘടന. 1936ൽ അമേരിക്കയിലാണ് പിറവി. 1957ലാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. 30 വർഷംമുമ്പ് കേരളത്തിൽ സംഘടന രൂപീകരിച്ചു. ഇപ്പോൾ 14 ജില്ലകളിലായി അഞ്ഞൂറിലധികം ഗ്രൂപ്പുകളുണ്ട്. കണ്ണൂരിൽ 25 സംഘങ്ങളുണ്ട്. ഭാരവാഹികളും ഓഫീസും ഫീസുമില്ലാതെയാണ് സേവനം. കൂട്ടായ്‌മ അംഗങ്ങളോ നേതൃത്വം നൽകുന്നവരോ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താറില്ല. കൂട്ടായ്‌മയിൽ അംഗമായി ലഹരിമോചനം നേടിയവരാണ് തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ആഴ്‌ചയിലൊരിക്കൽ യോഗം ചേരും. ദിവസേന ഓൺലൈൻ യോഗങ്ങളുമുണ്ട്. മദ്യത്തിൽനിന്ന് മോചിതരാകാൻ ആഗ്രഹിക്കുന്ന ആർക്കും ഹെൽപ്‌ലൈൻ നന്പരിലേക്ക് വിളിക്കാം. ‘ഇന്നത്തെ മദ്യം ഒഴിവാക്കുക’ എന്നതാണ് യോഗത്തിലേക്കുള്ള നിബന്ധന. മദ്യത്തിൽനിന്ന് വിട്ടുനിൽക്കാൻ സഹായിക്കുന്ന 12 ചവിട്ടുപടികളിലൂന്നിയാണ് പ്രവർത്തനം. ജീവിതപങ്കാളിയുടെ മദ്യപാനത്തിന്റെ ദുരിതം അനുഭവിക്കുന്ന സ്‌ത്രീകൾക്കായി ‘അൽ അനോൺ’, കൗമാരക്കാർക്കായി ‘അൽ അറ്റീൻ’ കൂട്ടായ്‌മയുമുണ്ട്. ഫോൺ: 9447961166, 9447961177.
ഡ്രഗ് ഫ്രീ കണ്ണൂര്‍: ജില്ലാ പരിപാടികള്‍ ഇന്ന്
കണ്ണൂര്‍
ജില്ലയെ മയക്കുമരുന്ന് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ 26ന് വിപുലമായി നടക്കും. ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ്, സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍. രാവിലെ ഒന്പതിന് കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം ടി ഒ മോഹനന്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്യും. കാള്‍ടെക്‌സ് ഗാന്ധി സര്‍ക്കിള്‍, പഴയ ബസ്‌സ്റ്റാന്‍ഡ് സമീപം, സ്റ്റേഡിയം പരിസരം വഴി സഞ്ചരിച്ച് കൂട്ടയോട്ടം തിരികെ പരേഡ് ഗ്രൗണ്ടില്‍ സമാപിക്കും. മേയര്‍ പി ഇന്ദിര ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ലഹരിക്കെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങളുടെ സജീവമായ പിന്തുണ ഉറപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം കലക്ടര്‍ പി വിഷ്ണുരാജ് ഉദ്ഘാടനം ചെയ്യും. മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 ന് കണ്ണൂര്‍ പൊലിസ് സഭാ ഹാളില്‍ കെ സുധാകരന്‍ എംപി നിര്‍വഹിക്കും. ലഹരിവിരുദ്ധ ഹ്രസ്വചിത്ര പ്രദര്‍ശനം, ഓപ്പറേഷന്‍ തൂഫാന്‍, ഓപ്പറേഷന്‍ തണ്ടര്‍, മനസ്സും ആരോഗ്യവും എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും നടക്കും.









0 comments