ചട്ടഞ്ചാൽ വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം

ഉദുമ
ചട്ടഞ്ചാൽ വ്യവസായ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യസംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം. സംഭവസമയത്ത് തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ അത്യാഹിതം ഒഴിവായി. അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റ് എത്തിയാണ് തീ അണച്ചത്. വെള്ളി രാവിലെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. കരിമ്പുകയോടെ ആളിക്കത്തിയ തീ മണിക്കൂറുകൾ സമീപവാസികളെ പരിഭ്രാന്തിയിലാക്കി. ഷോർട്ട് സർക്കീട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിക്ക് അകത്തുകൂടെയാണ് ഗെയിൽ പാചകവാതക പൈപ്പ് ലൈൻ കടന്നുപോകുന്നത്. രണ്ടു മീറ്റർ ആഴത്തിലാണ് വാതക പൈപ്പുള്ളത്. തീ നിയന്ത്രണവിധേയമാക്കിയശേഷം ഗെയിൽ ജീവനക്കാർ സ്ഥലത്തത്തി വാതക പൈപ്പ് ലൈനിന്റെ മുകൾ ഭാഗത്ത് പരിശോധന നടത്തി. അപകട ഭീഷണിയൊന്നുമില്ലെന്നു സമീപവാസികളെ അറിയിച്ചു. ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ ഹാരിസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബാലനടുക്കം പ്ലാസ്റ്റിക് കമ്പനിയെന്ന പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം. പുനരുപയോഗത്തിനായി ശേഖരിച്ച പ്ലാസ്റ്റിക് പൊടിയാക്കി എടുക്കുകയാണിവിടെ. ചാക്കുകളിലാക്കിയ പ്ലാസ്റ്റിക് പൊടി ഇവിടെനിന്നു മറ്റു കമ്പനികളിലേക്കു കയറ്റി അയയ്ക്കും. നൂറിലധികം തൊഴിലാളികൾ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഭൂരിഭാഗംപേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. പ്ലാസ്റ്റിക് പൊടിക്കുന്ന മെഷീൻ, ഉൽപ്പന്നങ്ങൾ എന്നിവ കത്തിനശിച്ചു. പ്ലാസ്റ്റിക് പൊടികൾ ചാക്കുകളിലായതിനാൽ ഉടൻ മാറ്റാനായി. ഷീറ്റ് പാകിയ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആവശ്യമായ മുൻകരുതലൊ, സുരക്ഷയോ ഉറപ്പുവരുത്താതെയുള്ള കമ്പനിയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് കലക്ടർ, വ്യവസായകേന്ദ്രം മാനേജർ ഉൾപ്പെടെ അധികൃതർക്ക് നാട്ടുകാർ പരാതി നൽകി. കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽനിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. അഗ്നിരക്ഷാ സേന കാസർകോട് സ്റ്റേഷൻ മാനേജർ കെ ഹർഷൻ, സീനിയർ ഓഫിസർ വി സുകു, ജിതിൻ കൃഷ്ണൻ, വൈശാഖ്, അരുൺകുമാർ, ജുബിൻ, അരുണ പി നായർ, ശ്രീജിഷ, ഹോംഗാർ സുമാരായ കെ രാകേഷ്, പി ശ്രീജിത്, പ്രസാദ്, സീനിയർ ഡ്രൈവർമാരായ ഇ പ്രസീദ്, കെ ആർ അജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.









0 comments