ad
Deshabhimani

വലിയപറമ്പ് പഴയ വലിയപറമ്പല്ല

വലിയപറമ്പ്- പടന്നകടപ്പുറം ഒന്നാംറീച്ചിൽ പൂർത്തിയായ മെക്കാഡം റോഡ്‌

വലിയപറമ്പ്- പടന്നകടപ്പുറം ഒന്നാംറീച്ചിൽ പൂർത്തിയായ മെക്കാഡം റോഡ്‌

avatar
പി മഷൂദ്‌

Published on Apr 03, 2026, 02:30 AM | 2 min read

തൃക്കരിപ്പൂർ

പൊടിപാറുന്ന ചെമ്മൺപാത. വിരലിലെണ്ണാവുന്നവർക്ക് മോട്ടോർ സൈക്കിളും സാധാരണ സൈക്കിളും. മറുകരയെത്താൻ അഞ്ചിടങ്ങളിലായി കടത്തുതോണികൾ. മെഡിക്കൽ സ്റ്റോറോ സ്വകാര്യ ക്ലിനിക്കുകളോ ഒന്നുമില്ലാത്ത കാലം. അഞ്ചാം ക്ലാസ് കഴിഞ്ഞാൻ യുപി, ഹൈസ്കൂൾ പഠനത്തിന്‌ പടന്നയിലോ തൃക്കരിപ്പൂരിലോ എത്തണം. ഇതായിരുന്നു വലിയപറമ്പിന്റെ മുന്പത്തെ ചിത്രം. ഇന്നോ ഒക്കെ മാറി. ഏതുരാത്രിയിലും ഭീതിയില്ലാതെ എവിടെയും സഞ്ചരിക്കാം. അന്ന്‌ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ മാത്രമെ കടത്തുണ്ടായിരുന്നുള്ളൂ. കാറ്റിലും കോളിലും വലിയപറമ്പിന്റെ ജീവിതം ആടിയുലകയായിരുന്നു. എന്നാൽ എത്ര പെട്ടന്നാണ്‌ വലിയപറന്പ്‌ മാറിയത്‌. എല്ലാം എൽഡിഎഫ്‌ സർക്കാരുടെ ഇടപെടലിൽ. ഇന്ന് സഞ്ചാര യോഗ്യമായ രണ്ടു പാലങ്ങൾക്ക് പുറമെ നാലണ്ണം കൂടിവരുകയാണ്‌. വിദേശ സഞ്ചാരികളടക്കം നിരവധി പേരെത്തുന്ന വലിയപറമ്പിന്റെ സമഗ്രവികസനം മുന്‍നിർത്തി മാവിലാകടപ്പുറം -വലിയപറമ്പ് പാലം റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പരിഷ്കരിക്കുന്നതിന് 10 കോടിയുടെ പദ്ധതി പൂർത്തിയാവുന്നു. വലിയപറമ്പ് പാലം മുതൽ പടന്നകടപ്പുറംവരെയുള്ള ഒന്നാം റീച്ച് പൂർത്തിയായി ഗതാഗതത്തിന് തുറന്നു. നേരത്തെ ഈ റോഡിന്റെ ആദ്യ റീച്ചിന് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും പ്രവൃത്തി ആരംഭിക്കുന്നത് വൈകി. രണ്ട് റീച്ചുകളിലായി ഏഴര കിലോമീറ്റർ റോഡ് മെക്കാഡമാകും. മാവിലാക്കടപ്പുറം മുതലുള്ള നിർമാണം കഴിഞ്ഞദിവസം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്തിരുന്നു. അഞ്ചര മീറ്റർ വീതിയിലാണ് ആധുനിക നിലവാരത്തിലുള്ള മെക്കാഡം ടാറിങ് പൂർത്തിയാക്കുന്നത്. സുരക്ഷാ ബോർഡുകളും സ്റ്റഡ്, സെന്റർ ലൈൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഒരുക്കും. പൂർത്തിയായ വലിയപറമ്പ് –പടന്നകടപ്പുറം മെക്കാഡം പാതയിലൂടെ സുഗമമമായി യാത്രചെയ്യാം. തീരദേശ ഹൈവേയുടെ ഭാഗമായി അഴിത്തലയിലും രാമന്തളി കടപ്പുറത്തും രണ്ട് പാലങ്ങളും തൂക്കുപാലം തകർന്ന മാടക്കാലിലും തെക്കെക്കാടിനെ പടന്നകടപ്പുറമായി ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളും നിർമാണം ആരംഭിക്കാനുള്ള നടപടി പൂർത്തിയായി. മൂന്ന് പാലങ്ങൾക്ക് ഭരണാനുമതിയും ലഭിച്ച്‌ ടെൻഡർ പൂർത്തിയായി. മാവിലാകടപ്പുറത്തും പടന്നകടപ്പുറത്തും ആധുനിക നിലവാരത്തിലുള്ള കെട്ടിടങ്ങളുള്ള രണ്ട് ആശുപത്രികൾ, പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിന് ഇരുനില കെട്ടിടം, മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ലൈഫ് ഭവനമുൾപ്പെടെ അവരുടെ ക്ഷേമ പ്രവർത്തനത്തിന് വിവിധ പദ്ധതികൾ. മാവിലാക്കടപ്പുറത്ത് ഹൗസ് ബോട്ട് ടെർമിനൽ തുടങ്ങി ഒരു നാട് ആഗ്രഹിക്കുന്ന ദീർഘ വീക്ഷണമുള്ള പദ്ധതികളാണ് കഴിഞ്ഞ പത്തുവർഷം കൊണ്ട് പൂർത്തിയായത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home