ad
Deshabhimani

വേദനകളേ പോയ് മറയൂ വിജയമേ കൂടെപ്പോരൂ...

സി  ശ്രീലക്ഷ്‌മി കാഞ്ഞങ്ങാട്‌ ദുർഗ ഗവ.ഹയർസെക്കൻഡറിയിൽ എസ്‌എസ്‌എൽസി പരീക്ഷയെഴുതുന്നു

സി ശ്രീലക്ഷ്‌മി കാഞ്ഞങ്ങാട്‌ ദുർഗ ഗവ.ഹയർസെക്കൻഡറിയിൽ എസ്‌എസ്‌എൽസി പരീക്ഷയെഴുതുന്നു

avatar
കെ വി രഞ്ജിത്ത്

Published on Mar 06, 2026, 02:30 AM | 2 min read

കാഞ്ഞങ്ങാട്

രോഗം തളര്‍ത്താത്ത മനസുള്ളവള്‍ എന്ന് ശ്രീലക്ഷ്‌മിയെ വിളിക്കാം. കാഞ്ഞങ്ങാട്‌ ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ എസ്‌എസ്‌എൽസി വിദ്യാർഥിനി (കന്നഡ മീഡിയം) സി ശ്രീലക്ഷ്‌മി വ്യാഴാഴ്‌ച ആദ്യ പരീക്ഷയെഴുതിയത്‌ വേദന കടിച്ചമർത്തിയാണ്‌. വലതുകണ്ണിന്‌ ഗ്ലോക്കോമ ബാധിച്ച ഇ‍ൗമിടുക്കിക്ക്‌ ഉണ്ടായ അണ്ഡാശയമുഴ (ovaiancyst) ശസ്‌ത്രക്രിയയിലൂടെ എടുത്തുമാറ്റിയത്‌ ഫെബ്രുവരി ആറിന്‌. പരീക്ഷയ്‌ക്ക്‌ സഹായിയെ വയ്‌ക്കാൻ അനുവാദമുണ്ടെങ്കിലും ശ്രീലക്ഷ്‌മി വേണ്ടെന്നുവച്ചു. വേദന കടിച്ചമര്‍ത്തി പത്താം ക്ലാസിലെ ആദ്യ പരീക്ഷയായ കന്നഡ തനിയെ എഴുതുമ്പോള്‍ പരാജയപ്പെട്ടത് രോഗം തീര്‍ത്ത പരിമിതികള്‍. ഒരുകണ്ണിന്‌ കാഴ്‌ച മങ്ങിയെങ്കിലും ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കന്നഡ വാർത്താ വായനയിൽ ഒന്നാം സ്ഥാനം, സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ പാവനിർമാണത്തിൽ എ ഗ്രേഡ്‌, ജില്ലാ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ജില്ലാ ഉപന്യാസ രചനാ മത്സരത്തിലും ഒന്നാംസ്ഥാനം. കാഴ്‌ച പരിമിതിയുണ്ടെങ്കിലും ഒന്നാംസ്ഥാനം നേടിയ ശ്രീലക്ഷമിക്കുറപ്പുണ്ട് അസഹ്യമായവേദനക്കിടയിലും പരീക്ഷയെഴുതിയാലും മികച്ച മാർക്കുലഭിക്കുമെന്ന്‌. ‘‘നനഗെ ഇ‍ൗദിനദ പരീക്ഷെ തുന്പ സുലഭ ഇത്തു’, കലിത്തതു എല്ലാ ബന്തിതെ, എന്താതരു നനഗെ ഇ‍ൗ സല എ പ്ലസ്‌ കണ്ടിതവാഗി വന്ദിതു (ഞാൻ പഠിച്ചതെല്ലാം ചോദ്യങ്ങളായി വന്നിരുന്നു. എന്തായാലും പ്ലസ്‌ കിട്ടും) പരീക്ഷ കഴിഞ്ഞിറങ്ങിയയുടൻ ശ്രീലക്ഷ്‌മിയുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ. കണ്ണിനകത്ത് മർദം കൂടുന്ന അസുഖം അഥവാ ഗ്ലോക്കോമയാണ്‌ ശ്രീലക്ഷ്‌മിക്ക്‌. ജുവനൈൽ ഗ്ലോക്കോമയാണിപ്പോൾ. രോഗാരംഭത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സ സ്വീകരിച്ചാല്‍ കാഴ്ച നഷ്ടം മന്ദഗതിയില്‍ ആക്കുകയോ തടയുകയോ ചെയ്യാമെന്ന്‌ ചികിത്സിക്കുന്ന കാസർകോട്‌ പ്രസാദ്‌ നേത്രാലയയിലെ വിക്രം ജെയിൻ പറഞ്ഞു. മാസം പതിനായിരത്തോളം ചിലവുവരുന്ന ഇ‍ൗ രോഗത്തിന്റെ ചികിത്സക്കിടെയാണ്‌ അണ്ഡാശയ മുഴയും വന്നത്‌. കാസർകോട്‌ യുണൈറ്റഡ്‌ആശുപത്രിയിൽനിന്ന്‌ ഫെബ്രുവരി ആറിന്‌ മുഴ എടുത്തുകളയാൻ 90000 രൂപ ചിലവായി. ചിത്താരി ചാമുണ്ഡിക്കുന്നിലെ കൂലിപ്പണിക്കാരനായ ചന്ദ്രകുമാറും ഭാര്യ വി ഉഷയും ചികിത്സയ്‌ക്കുള്ള പണം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും മകൾ നന്നായിപഠിക്കുമെന്ന്‌ അധ്യാപകർ പറയുന്പോൾ ഇവർക്ക്‌ എത്ര കടംവാങ്ങിയാലും മകളെ ഉയർന്ന നിലയിൽ എത്തിക്കാനാകുമെന്ന ആത്മവിശ്വാസം. ചികിത്സക്കായി ദുർഗ സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും സഹായം നൽകിയുരുന്നുവെന്ന്‌ ശ്രീലക്ഷ്‌മി പറഞ്ഞു. നന്നായി പഠിക്കുന്ന കുട്ടിയാണ്‌ ശ്രീലക്ഷ്മിയെന്നും പഠ്യേതര വിഷയങ്ങളിലും മുന്നിലാണെന്ന്‌ ക്ലാസധ്യാപകൻ എച്ച്‌ എസ്‌ രാജേഷ്‌ പറഞ്ഞു. ചെറുപ്പംമുതല്‍തന്നെ പഠനവും വായനയും പ്രിയപ്പെട്ടതായിരുന്നു. അതോടൊപ്പം ചിത്രംവരയും കരക‍ൗശല നിർമാണവും. മനോഹരമായി പാവകളും മറ്റ്‌ കരക‍ൗശല വസ്‌തുക്കളും കുട്ടി നിർമിക്കുമെന്ന്‌ സ്‌കൂളിലെ അധ്യാപിക സപ്‌ന കയ്യൂർ പറഞ്ഞു. ലക്ഷ്യത്തിനെത്താനുള്ള പോരാട്ടം തുടരാന്‍ തന്നെയാണ് മിടുക്കിയുടെ തീരുമാനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home