നട്ടിനട്ട് നാടിന്നകം നിറക്കുന്നു...

കയ്യൂർ കൂക്കണ്ടത്തിലെ പച്ചക്കറി കൃഷി

സ്വന്തം ലേഖകൻ
Published on Jan 17, 2026, 10:52 PM | 1 min read
കയ്യൂർ
ഹരിതാഭമായ കയ്യൂരിലെ പടങ്ങളിൽ ഇപ്പോൾ ജൈവ പച്ചക്കറിയുടെ വിളവെടുപ്പുകാലമാണ്. ഏക്കറുകളോളം നീണ്ട് പരന്നുകിടക്കുന്ന കയ്യൂരിലെ പാടങ്ങളിൽ കർഷകരൊരുക്കിയ വിവിധയിനം പച്ചക്കറികൾ പൂർണ വളർച്ചയെത്തിയതോടെയാണ് എങ്ങും വിളവെടുപ്പിന്റെ കാഴ്‌ച നിറയുന്നത്. കർഷക ഗ്രാമമായ ഇവിടെ പാടം തരിശിടാൻ കർഷകർ അനുവദിക്കാറില്ല. ലാഭമോ നഷ്‌ടമോ നോക്കാതെ എന്നും പാടങ്ങളിൽ വിവിധയിനം കൃഷികളാൽ ഹരിതാഭമായി തന്നെ കാണാം. നെൽ വിളവെടുപ്പ് കഴിയുന്നതോടെ നവംബർ മാസത്തോടെ പാടം പച്ചക്കറി കൃഷിക്കായി ഒരുക്കും. കൃഷി ഭവനുകളിൽ നിന്നും ശേഖരിക്കുന്നതും സ്വന്തമായി ഒരുക്കിവെച്ച വിത്തുകൾ എന്നിവയുമായി കർഷകർ പാടത്തേക്ക് ഇറങ്ങും. പിന്നീടങ്ങോട്ട് നടീൽ ഉത്സവമാണ്. അതിരാവിലെ നിരവധി കർഷകർ പാടങ്ങളിലെത്തി കൃഷി പരിപാലനം നടത്തും. ജില്ലാ പഞ്ചായത്ത് ഒരുക്കിയ ജലസ്രോതസിൽ നിന്നാണ് കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കുക. നാടൻ ജൈവ വളങ്ങൾ മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുക. കൃത്യമായ പരിപാലനത്തിലൂടെ വിളകൾ പൂത്ത് കായ്‌ച് വിളവെടുപ്പിന് പാകമാകുന്നതോടെ ഇവ ശേഖരിക്കുന്നതും കയ്യൂരിന്റെ സ്വന്തം കാഴ്‌ചയാണ്. പച്ചമുളക്, നരമ്പൻ, വഴുതിന, വെള്ളരി, കക്കിരി, മത്തൻ, കുമ്പളം, ചീര തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ നേന്ത്രവാഴ കൃഷിയും ഉണ്ട്. വിളവെടുക്കുന്ന പച്ചക്കറികൾ ശേഖരിക്കാൻ വിപണിയിൽ നിന്നും വ്യാപാരികൾ എത്തും. കൃഷി കയ്യൂരിലെ കർഷകരുടെ ശീലമാണെന്നും പച്ചക്കറി കൃഷിയിൽനിന്നും വരുമാനം ലഭിക്കന്നുണ്ടെന്നും കർഷകർ പറഞ്ഞു. പച്ചക്കറി കൃഷി വിളവെടുത്ത് കഴിഞ്ഞാൽ നിലമൊരുക്കി നെൽകൃഷി ആരംഭിക്കാനും കർഷകർ ഒരുങ്ങിക്കഴിഞ്ഞു.










0 comments