കർണാടക സ്വദേശിയുടെ കൊലപാതകം: അന്വേഷണം തുടങ്ങി

കൊലപാതകം നടന്ന ഹൊസങ്കടി അംഗഡിപ്പദവിലെ വീട്ടിൽ പൊലീസ് നായ പരിശോധന നടത്തുന്നു
മഞ്ചേശ്വരം
ഹൊസങ്കടി അംഗഡിപ്പദവിലെ കർണാടക സ്വദേശിയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെള്ളി രാത്രിയാണ് പഴയ ഇരുനില വീടിന്റെ അടുക്കളയിൽ നോർത്ത് കർണാടക ഹൊസപ്പേട്ട ലിംഗനായിക്കനഹള്ളി സ്വദേശിയായ രമേശ (38)യുടെ മൃതദേഹം കണ്ടെത്തിയത്. വീട് വാടകയ്ക്കെടുത്തിരുന്ന കൃഷ്ണപ്പയാണ് മൃതദേഹം കണ്ട വിവരം വീട്ടുടമയായ നരസിംഹമൂർത്തിയെ അറിയിച്ചത്. അദ്ദേഹം സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിച്ചു. എഎസ്‌പി അശോക് അച്യുത്, മഞ്ചേശ്വരം ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തല ചിതറിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മുറിവുകളുണ്ട്. പ്രതിക്കായി അന്വേഷണം തുടങ്ങി. കർണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ താമസിക്കുന്ന മറ്റൊരാൾക്ക് വിളിക്കാൻ നൽകിയതാണെന്നാണ് വിവരം. പ്രതി ഫോൺ കൈവശം വയ്‌ക്കാതെ രക്ഷപ്പെടുകയായിരുന്നു. രമേശ അംഗഡിപദവിലെ വീട്ടിലെത്തിയത് എന്തിനെന്ന് വ്യക്തമല്ല. പരേതനായ പീര നായികിന്റെയും ഗിരിജമ്മയുടെയു മകനാണ് രമേശ. സഹോദരങ്ങൾ: രാജനായിക്, രവി നായിക്, ആശാഭായ്.










0 comments