പൊൻകതിരണിയാൻ ചീമേനിപ്പാടം

ചീമേനി സിപ്‌റ്റയുടെ നേതൃത്വത്തിൽ ചീമേനിപ്പാടത്ത് നടത്തിയ നെൽകൃഷി
പി വിജിൻദാസ്
Published on Aug 24, 2026, 02:05 PM | 1 min read
ചീമേനി
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ചീമേനി പാടത്തിൽ നാടൻ നെല്ലിനങ്ങൾ വിളയുന്നു. ഒന്നര പതിറ്റാണ്ടായി ഒഴിഞ്ഞുകിടന്ന ചീമേനിയിലെ കാർഷിക സ്വപ്നങ്ങളാണ് പച്ചപ്പണിഞ്ഞത്. ചീമേനി സിപ്‌റ്റയുടെ നേതൃത്വത്തിലുള്ള കർഷകരും വിഷ്‌ണുമൂർത്തി ക്ഷേത്രം അധികൃതരുമാണ് നെൽക്കൃഷിയുമായി രംഗത്ത്. കാടുപിടിച്ച് തരിശായി കിടന്ന 60 ഏക്കർ വയലിൽ, 15 ഏക്കറിലാണ് ആദ്യഘട്ട കൃഷി. പ്രദേശത്തെ 39 കർഷകരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് സംഘടന കാർഷിക മുന്നേറ്റത്തിന് തുടക്കമിട്ടത്. കൃഷിയിറക്കുന്നതിന് മുന്നോടിയായി, കർഷകർ നേരിട്ടിരുന്ന പ്രധാന പ്രതിസന്ധികൾക്ക് സംഘടനതന്നെ പരിഹാരം കണ്ടെത്തി. കൃഷിക്കാവശ്യമായ ഗുണമേന്മയുള്ള വിത്ത്, നിലമൊരുക്കാനുള്ള ടില്ലറുകൾ, നടീൽ തൊഴിലാളികളുടെ സേവനം തുടങ്ങിയ മുഴുവൻ സാഹചര്യങ്ങളും സിപ്റ്റ ചീമേനിയുടെ നേതൃത്വത്തിൽ ലഭ്യമാക്കി. ആലക്കാടുനിന്ന് നാടൻ നെൽവിത്തിനം എത്തിച്ചു. പദ്ധതി വിജയകരമായതോടെ ഏക്കറുകണക്കിന് പാടശേഖരമാണ് ഇപ്പോൾ മരതകപ്പച്ചണിഞ്ഞ് കൺകുളിർക്കുന്ന കാഴ്ചയായത്. കല്യാണി വയലറ്റ്, ഡാബർ ഷാല എന്നീ നാടൻ വിത്താണ് സിപ്‌റ്റ വിതച്ചത്. ക്ഷേത്രങ്ങളിൽ മലരുണ്ടാക്കാനുൾപ്പെടെ ഉപയോഗിക്കുന്നതിനുള്ള രക്തശാലിയാണ് ക്ഷേത്രം അധികൃതർ കൃഷിചെയ്‌തത്. പാടം പച്ചപ്പണിഞ്ഞ് കതിരുകൾ നിറയുകയാണ്. മികച്ച വിളവ് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കർഷകരും സംഘാടകരും. വരും വർഷങ്ങളിൽ ബാക്കിയുള്ള തരിശുഭൂമിയിൽകൂടി കൃഷി വ്യാപിപ്പിക്കാനാണ് കർഷകരുടെയും സംഘടനയുടെയും ക്ഷേത്ര ഭാരവാഹികളുടെയും തീരുമാനം.










0 comments