ഒരുമാസത്തെ കാത്തിരിപ്പ്; അഖിൽ ജോയന്റെ മൃതദേഹം വീട്ടിൽ എത്തി

ഉക്രെയ്‌നിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ടിലെ അഖിൽ ജോയൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ | ഫോട്ടോ: ശരത് കല്‍പാത്തി
കാസർകോട്: ഉക്രെയ്‌നിൽ കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് എ കെ ജി നഗർ സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ വാളിപ്ലാക്കൽ അഖിൽ ജോയന്റെ മൃതദേഹം വീട്ടിൽ എത്തി. അപകടം നടന്ന് ഒരുമാസം കഴിഞ്ഞാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്.
ബംഗളൂരുവിൽനിന്ന് ചെറുപുഴവഴിയെത്തിയ മൃതദേഹം പകൽ 12.50 ഓടെയാണ് എ കെ ജി നഗറിലെ വീട്ടിലെത്തിയത്. രണ്ടു മുതൽ വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന പള്ളിയിലും പൊതുദർശനത്തിന് ശേഷം പകൽ മൂന്നിന് ചെറുപുഷ്പം ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.
അഖിൽ ജോയൻ്റെ മൃതദേഹത്തിൽ സിപിഐ എം കാസർകോട് ജില്ലാ സെക്രട്ടറി എം രാജഗോപാലൻ അന്ത്യോപചാരം അർപ്പിക്കുന്നു.
ചിറ്റാരിക്കാൽ മലബാർ ഹാർഡ്‌വേഴ്സ് ജീവനക്കാരൻ വാളിപ്ലാക്കൽ ജോയന്റെയും പരപ്പ പോസ്റ്റ് ഓഫീസിലെ ആർഡി കലക്ഷൻ ഏജന്റ് സാലിയുടെയും ഏകമകനാണ് അഖിൽ. ലീവിന് നാട്ടിൽവന്ന് വിവാഹം ഉറപ്പിച്ച് തിരിച്ചുപോയി ഒരു മാസത്തിനിടെയാണ് മരണം. ജൂലൈ 19ന് ഞായർ വൈകിട്ട് ആറിനും 7.30 ഇടയിൽ ആണ് മിസൈൽ ആക്രമണത്തിൽ അഖിൽ മരിച്ചത്. ഷിപ്പിലെ ചീഫ് ഓഫീസറായിരുന്നു അഖിൽ.
ഉക്രെയ്‌നിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ടിലെ അഖിൽ ജോയൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ
ഉക്രെയിൻ നഗരമായ കീവ് ഒഡേസ തുറമുഖത്തിന് സമീപം കരിങ്കടലിൽ ചരക്കു കപ്പലായ ഗോൾഡൻ ലിയോ എന്ന കപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിലാണ് അഖിൽ ജോയൻ അടക്കം 10 പേർ കൊല്ലപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരായ 17 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 15 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് ആദ്യം വിവരങ്ങൾ ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇതിൽ നാട്ടുകാരിൽ അമർഷം ഉണ്ടായിരുന്നു.










0 comments