കാലിയാകുമോ പഞ്ചസാരപാത്രങ്ങൾ? സപ്ലൈക്കോയിൽ പഞ്ചസാര സംഭരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം : എഥനോൾ ഉത്പാദനം രാജ്യത്ത് സൃഷ്ടിച്ച പഞ്ചസാര ക്ഷാമം കേരളത്തിലും പ്രതിഫലിച്ചുതുടങ്ങി. സപ്ലൈക്കോയിൽ പഞ്ചസാര, അരി, വെളിച്ചെണ്ണ എന്നിവയുടെ സംഭരണം വരുംമാസങ്ങളിൽ പ്രതിസന്ധിലാകും. ഇനി മുതൽ കേരളത്തിലെ അടുക്കളകളിലും പഞ്ചസാരപാത്രങ്ങൾ കാലിയാകും.
പുറംവിപണിയിൽ പഞ്ചസാര വില കുതിച്ചുയരുമ്പോൾ ജനങ്ങൾക്ക് ആശ്വാസമാകേണ്ട സപ്ലൈക്കോയിൽ സാധനം ലഭിക്കാത്ത അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്. സംഭരണ പ്രതിസന്ധി നേരിടുന്നതിനാൽ സപ്ലൈക്കോയിൽ പഞ്ചസാര വില കൂട്ടാനും നീക്കമുണ്ട്. 40 രൂപയിൽ താഴെയായിരുന്ന പഞ്ചസാരവില നാലാഴ്ച കൊണ്ട് 65 ന് മുകളിലേക്ക് കുതിക്കുകയായിരുന്നു. കരിമ്പ്ക്ഷാമം രൂക്ഷമായതിനാൽ ഇനിയും വില കൂടാനാണ് സാധ്യത.
ഇ 20 ക്കായി രാജ്യത്തെ കരിമ്പുകൾ വൻതോതിൽ ഉപയോഗിച്ചതോടെ പഞ്ചസാര ഉത്പാദനം പ്രതിസന്ധിയിലായി. മുൻ വർഷങ്ങളിൽ ആഭ്യന്തര ഉപഭോഗത്തിനാവശ്യമായതിലും അധികം പഞ്ചസാര ഇന്ത്യയിൽ ഉത്പാദിപ്പിച്ചിരുന്നു. എന്നാൽ, ഇന്ന് പത്ത് ലക്ഷം ടൺ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്ക് വലിയ അളവിൽ പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടി വരുന്നത്.
വിപണിയിൽ പഞ്ചസാര ലഭ്യത കുറഞ്ഞത് കേരളത്തിലെ ജനങ്ങളെയും ബാധിച്ച് തുടങ്ങിയിരിക്കുകയാണ്. ഇന്ധനത്തിൽ എഥനോൾ കലർത്തി ഉപഭോക്താക്കളെ വലയ്ക്കുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയെ തന്നെ ചോദ്യമുനയിലാക്കിയിരിക്കുകയാണ് കേന്ദ്രം. അവശ്യസാധനങ്ങൾ പോലും ലഭിക്കാത്ത ദുരിതത്തിലേക്കാണ് ഇ 20 നയം ജനങ്ങളെ തള്ളിവിട്ടത്. സപ്ലൈക്കോയിൽ പഞ്ചസാരയുൾപ്പെടെ ഉള്ളവയ്ക്ക് വരുത്തിയിരിക്കുന്ന നിയന്ത്രണം ജനങ്ങളെ കാര്യമായി തന്നെ ബാധിക്കും.










0 comments