പ്രഖ്യാപനം മാത്രം, സഹായമൊന്നും ലഭിച്ചില്ല: സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ പട്ടിണിസമരവുമായി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം : സർക്കാരിന്റെ പ്രഖ്യാപനങ്ങൾ വാക്കിൽ മാത്രം ഒതുങ്ങിയെന്നും സഹായം ലഭിച്ചില്ലെന്നും കൊല്ലം നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ. ഗൗതത്തിനായുള്ള തെരച്ചിലും സർക്കാർ അവസാനിപ്പിച്ചെന്നും രേഷ്മ കണ്ണീരോടെ പറയുന്നു. ഗൗതം കൃഷ്ണയുടെ അച്ഛനും മുത്തച്ഛനും അപകടത്തിൽ മരിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ അപകടം നടന്നതിനു പിറ്റേ ദിവസം കണ്ടെത്തിയെങ്കിലും ഗൗതത്തെ കണ്ടെത്താനായില്ല. ദുരന്തം നടന്ന് 25 ദിവസം പിന്നിട്ടിട്ടും യാതൊരു വിധ സഹായങ്ങളും ലഭിച്ചിട്ടില്ലെന്നും രേഷ്മ പറയുന്നു. സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങളും വാഗ്ദാനങ്ങളും വൈകുന്നതിനെതിരെ തിരുവോണ നാളിൽ പട്ടിണി സമരത്തിനൊരുങ്ങുകയാണ് രേഷ്മയും അപകടത്തിൽപ്പെട്ട മറ്റ് മത്സ്യത്തൊഴിലാളികളുടെ കുടുംബവും ധീവരസഭയും.
നീണ്ടകര പുത്തൻതുറ സ്വദേശികളാണ് മരിച്ച രാജീവനും രാധാകൃഷ്ണനും. വീടും വസ്തുവും വിറ്റും കടം വാങ്ങിയും 25 ലക്ഷം രൂപയോളം ചിലവഴിച്ചാണ് കുടുംബം ഗൗതം കൃഷ്ണയുടെ പേരിൽ വള്ളം വാങ്ങിയത്. ജൂലൈ 31ന് മത്സ്യബന്ധനത്തിനായി 14 പേരുമായി പോയ വള്ളം മറിയുകയായിരുന്നു. 11 പേരെ മറ്റ് ബോട്ടുകളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തി. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഗൗതം കൃഷ്ണയെപ്പറ്റി വിവരമൊന്നും ലഭിക്കാഞ്ഞതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. നേവി ഉൾപ്പെടെയുള്ളവരുടെ സേവനങ്ങൾ വളരെ വൈകിയാണ് ലഭ്യമായത്.
എന്നാൽ കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ദുരന്തം നടന്ന് എറെ ദിവസങ്ങൾ പിന്നിട്ട ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തെ സന്ദർശിച്ചത്. രേഷ്മയെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് കുടുംബത്തിലുള്ള ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രഖ്യാപനങ്ങളെല്ലാം വാക്കിൽ മാത്രം ഒതുങ്ങിയെന്നും യാതൊരു വിധ സഹായവും ഇതുവരെ ലഭ്യമായിട്ടില്ലെന്നും ധീവരസഭയുടെ ജില്ലാ പ്രസിഡന്റ് രാജു പറയുന്നു.
രണ്ട് മാസങ്ങളിലായി കടലിൽ 10 മത്സ്യത്തൊഴിലാളികളെ കടലിൽ നഷ്ടപ്പെട്ടു. ഓണക്കാലത്ത് ബോണസും മറ്റ് ജനക്ഷേമ പദ്ധതികളും പ്രഖ്യാപിക്കാൻ അടിയന്തര കാബിനറ്റ് ചേർന്ന സർക്കാർ, മത്സ്യത്തൊഴിലാളികൾക്ക് ഒരു ആനുകൂല്യവും പ്രഖ്യാപിച്ചില്ല. മത്സ്യബന്ധന നിരോധനം നിലനിൽക്കുന്നതിനാൽ തീരദേശം പട്ടിണിയിലാണ്. പ്രളയസമാനമായ സാഹചര്യത്തിൽ മറ്റ് ജില്ലകളിലേക്ക് സഹായവുമായി മത്സ്യത്തൊഴിലാളികൾ എത്തിയിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് പരിഗണന ലഭിച്ചില്ല. മുൻ സർക്കാരുകൾ ഇത്തരം ദുരന്തങ്ങളിൽ ഒപ്പം നിന്നതിന്റെ തെളിവുകളുണ്ട്. ഓണാഘോഷങ്ങൾ ഒഴിവാക്കി തിരുവോണ നാളിൽ കൊല്ലം കളക്ടറേറ്റിന് മുന്നിൽ രേഷ്മയോടൊപ്പം ധീവരസഭയും പ്രതിനിധികളും ചേർന്ന് പട്ടിണി സമരം നടത്തുമെന്ന് ധീവരസഭ അധികൃതർ അറിയിച്ചു.









0 comments