ഉപതെരെഞ്ഞെടുപ്പ്
പിലിക്കോട് എൽഡിഎഫിന് ഉജ്വല വിജയം

പിലിക്കോട്
പിലിക്കോട് പഞ്ചായത്ത് രണ്ടാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ടി ഓമന 297 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസ്സിലെ കെ സന്ധ്യയെയാണ് പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്‌ത 903 വോട്ടിൽ ടി ഓമനക്ക് 591 ഉം കെ സന്ധ്യയ്‌ക്ക് 294 വോട്ടും ലഭിച്ചു. ബിജെപിയിലെ കെ ഉമാവതിക്ക് 18 വോട്ടും ലഭിച്ചു. 2025 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ച 65 വോട്ട് ഇത്തവണ 18 ആയി കുറഞ്ഞു. ബിജെപി വോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് മറിച്ച് നൽകിയതായി കണക്കുകളിൽ വ്യക്തം. യുഡിഎഫും ബിജെപിയും തമ്മിൽ വാർഡിൽ രഹസ്യ ധാരണയുള്ളത് പ്രചാരണഘട്ടത്തിൽതന്നെ പ്രകടമായിരുന്നു. 2025 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 18 വാർഡും നേടിയാണ് എൽഡിഎഫ് പഞ്ചായത്തിൽ ഭരണത്തിലെത്തിയത്. ആരോഗ്യപരമായ കാരണങ്ങളാൽ എൽഡിഎഫിലെ ടി വി മിനി രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വോട്ടണ്ണൽ. വിജയിച്ച ടി ഓമന എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കടവിൽ സ്വീകരണം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. രവീന്ദ്രൻ മാണിയാട്ട് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഇ കുഞ്ഞിരാമൻ, ഏരിയാ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ, എം വി ചന്ദ്രൻ, വി എം കുമാരൻ എന്നിവർ സംസാരിച്ചു. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.









0 comments