ദിൽഷാദ... ഇടതുപക്ഷ പ്രതിരോധത്തിന്റെ പുതിയ മുഖം


ഹർഷിദ ബത്താലി
Published on Sep 30, 2026, 02:47 PM | 2 min read
ഹൈദരാബാദ്: വർത്തമാനകാല ക്യാമ്പസ് രാഷ്ട്രീയത്തിൽ ഇടതുപക്ഷ പ്രതിരോധത്തിന്റെ പുതിയ മുഖമായി മാറുകയാണ് ദിൽഷാദ റൈഹാൻ. എച്ച്‌സിയുവിൽ സംഘപരിവാർ രാഷ്ട്രീയത്തെ മറുപടിയില്ലാതെ താഴെയിറക്കിയ ഐക്യമുന്ന മുന്നേറ്റത്തിന്റെ അമരക്കാരിയാണ് ദിൽഷാദ. കഴിഞ്ഞവർഷം കൈവിട്ടുപോയ യൂണിയൻ ഭരണം ദിൽഷദയിലൂടെയാണ് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലുള്ള ഇടത്-അംബേദ്കറൈറ്റ് വിശാല സഖ്യം തിരിച്ചുപിടിച്ചത്. എഐഎസ്എ, എഎസ്എ, ഡിഎസ്‌യു, എസ്‌എഫ്‌ഐ, ടിഎസ്‌എഫ് സഖ്യം യൂണിയന്റെ പ്രധാന പദവികളിൽ വൻ മേൽക്കൈ നേടി.
ഒരു മലയാളി വിദ്യാർഥിനി രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലയുടെ അധ്യക്ഷയാകുന്നു എന്നതിനപ്പുറം, വർഗീയ രാഷ്ട്രീയത്തിനെതിരെയുമുള്ള വിദ്യാർഥികളുടെ മറുപടിയായാണ് ദിൽഷാദ ഈ വിജയത്തെ കാണുന്നത്. കഴിഞ്ഞകാലങ്ങളിൽ ക്യാമ്പസിൽ എബിവിപി അക്രമവും വിദ്വേഷപ്രചാരണവുമാണ് നടത്തിയത്. മുസ്ലിം വിദ്യാർഥികൾക്കൊപ്പം നിൽക്കുന്നവരെ പോലും അവർ ലക്ഷ്യമിട്ടിരുന്നു. ഇതിനെല്ലാമുള്ള കൃത്യമായ മറുപടിയാണ് വിദ്യാർഥികൾ ബാലറ്റിലൂടെ നൽകിയതെന്ന് ദിൽഷാദ വ്യക്തമാക്കുന്നു.
ഐക്യം തകർത്ത കോട്ടകൾ
2025-ലെ തെരഞ്ഞെടുപ്പിൽ ഇടത്–അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങൾ വേറിട്ടു മത്സരിച്ചതാണ് എബിവിപിക്ക് വിജയമൊരുക്കിയത്. എന്നാൽ ഇത്തവണ വീഴ്ച തിരിച്ചറിഞ്ഞ് എസ്‌എഫ്‌ഐ, എഎസ്എ, എഐഎസ്എ, ഡിഎസ്‌യു, ടിഎസ്‌എഫ് സംഘടനകൾ ഒറ്റക്കെട്ടായി അണിനിരക്കുകയായിരുന്നു. 5,900-ഓളം വിദ്യാർഥികൾക്ക് വോട്ടവകാശമുണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ 80 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. അവർ സഖ്യത്തെ നെഞ്ചിലേറ്റുകയും ചെയ്തു.
ഈ സഖ്യം കേവലം ഒരു തെരഞ്ഞെടുപ്പ് മുന്നണിയല്ലെന്നും ക്യാമ്പസിലെ സാമൂഹികനീതിക്കും ദളിത്-ആദിവാസി-ന്യൂനപക്ഷ പ്രതിനിധാനത്തിനും വേണ്ടിയുള്ള തുടർച്ചയായ പോരാട്ടമാണെന്നും ദിൽഷാദ പറയുന്നു. മെസ് ഫീസ് വർധനവ്, സാമ്പത്തിക പ്രതിസന്ധികൾ, മെൻസ്ട്രുവൽ ലീവ്, ദീർഘകാല രോഗമുള്ളവർക്ക് അറ്റൻഡൻസ് ഇളവ്, ഭിന്നശേഷി സൗഹൃദ ക്യാമ്പസ്, ട്രാൻസ്ജെൻഡർ നയം നടപ്പാക്കൽ തുടങ്ങി വിദ്യാർഥികളുടെ ദൈനംദിന പ്രശ്നങ്ങളെ മുൻനിർത്തിയാണ് മുന്നണി വോട്ട് തേടിയത്.
"ഫാസിസ്റ്റ് ഭീകരതയിൽ രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കെട്ടകാലത്ത് ഇത്തരമൊരു വിജയം വലിയ പ്രതീക്ഷയാണ്," ദിൽഷാദ കൂട്ടിച്ചേർത്തു.
തുടരുന്ന ഭീഷണിയും എബിവിപി അക്രമവും
വിജയത്തിന് ശേഷവും കാര്യങ്ങൾ എളുപ്പമാകില്ലെന്ന തിരിച്ചറിവ് പുതിയ നേതൃത്വത്തിനുണ്ട്. ഫലപ്രഖ്യാപനത്തിന് മുന്നേതന്നെ എബിവിപി പ്രവർത്തകർ തെരഞ്ഞെടുപ്പ് കൗണ്ടിങ് ഓഫീസിലേക്ക് തള്ളിക്കയറിയതും ഒരു ഫലം തടഞ്ഞുവെക്കുകയും ചെയ്തതും അതിന്റെ സൂചനയാണ് നൽകുന്നത്. പ്രതിഷേധവും അസ്വസ്ഥതയും തുടരുന്ന സാഹചര്യത്തിൽ പുതിയ യൂണിയന്റെ മുന്നോട്ടുള്ള പ്രവർത്തനം വെല്ലുവിളികളോടെയായിരിക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ യൂണിയന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ അവർ ഇനിയും ശ്രമിച്ചേക്കാമെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പൊരുതുമെന്ന് യൂണിയൻ വ്യക്തമാക്കി.
കണ്ണൂരിന്റെ മണ്ണിൽ നിന്ന് രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലയുടെ അമരത്തേക്ക് എത്തിയ വിദ്യാർഥി നേതാവാണ് ദിൽഷാദ. ഫിലോസഫി ഗവേഷകയായ ദിൽഷാദയുടെ വിജയം വ്യക്തിഗത വിജയം എന്നതിലുപരി, വർത്തമാനകാല ഇന്ത്യയിൽ ഒറ്റക്കെട്ടായി നിന്നാൽ ഏതൊരു ഏകാധിപത്യ രാഷ്ട്രീയത്തെയും തകർക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്.








0 comments