ഒഴുകിയെത്തുന്നത് ചെളിമണ്ണും കല്ലുകളും
കുണ്ടടുക്കത്തെ ജനങ്ങൾ ഭീതിയിൽ

കെ സി ലൈജുമോൻ
Published on Jun 04, 2026, 02:30 AM | 1 min read
ചെർക്കള
ദേശീയപാത നിർമാണത്തിലെ അശാസ്‌ത്രീയത കാരണം ഒരു നാടൊന്നാകെ ഭീതിയിൽ കഴിയുകയാണ്. ചെങ്കള പഞ്ചായത്തിലെ ചെർക്കള കുണ്ടടുക്കത്തുകാരാണ് മഴക്കാലമെത്തിയതോടെ ഭീതിയിലും ആശങ്കയിലുമായത്. കഴിഞ്ഞദിവസം രാത്രിയുണ്ടായ മഴയിൽ മാത്രം ഒരു ഡസനിലേറെ വീടുകളുടെ മുറ്റവും കൃഷിയിടങ്ങളും ചെളിനിറഞ്ഞു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സ്ഥലം നിരപ്പാക്കിയപ്പോൾ വലിച്ചിട്ട മണ്ണ് പൂർണമായും താഴ്‌ഭാഗത്തേക്ക് ഒഴുകിയെത്തുകയാണ്. ചെർക്കള ടൗൺ മുതൽ പുലിക്കുണ്ട് റോഡ് വരെയുള്ള പ്രദേശവാസികളാണ് ഇൗ ദുരിതംപേറുന്നവർ. നെൽവയലുകൾ ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾ മണ്ണ് നിറഞ്ഞ് നാമാവശേഷമായി. നിർമാണം തുടങ്ങിയ കാലംമുതൽ കരാർ കന്പനി അധികാരികളോടും കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടും എംഎൽഎ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളോടും ഇൗ പ്രശ്‌നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നതാണ്. എല്ലാവരും സ്ഥലം സന്ദർശിച്ച് മടങ്ങുന്നതല്ലാതെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടിയുണ്ടാകുന്നില്ല. ദേശീയപാത നിർമിക്കുന്പോൾ താഴ്‌ഭാഗത്തിട്ട മണ്ണ് സംരക്ഷിച്ചുനിർത്താനുള്ള ഭിത്തി നിർമിക്കാത്തതാണ് ഇവിടുത്തുകാർ നേരിടുന്ന പ്രശ്‌നത്തിന്റെ പ്രധാന കാരണം. ചൊവ്വാഴ്‌ച കലക്ടർ ഉൾപ്പെടെ പ്രദേശത്തെത്തിയിരുന്നു. എന്നാൽ കുണ്ടടുക്കത്തെ ജനങ്ങളുടെ ആധിയകറ്റാനുള്ള നടപടി അപ്പോഴും ഉണ്ടായിട്ടില്ല. കുണ്ടടുക്കത്തെ കിരൺകുമാർ, അരുൺകുമാർ, ബാലകൃഷ്‌ണൻ തുടങ്ങിയവരുടെ വീട്ടുമുറ്റത്തേക്ക് ഇറങ്ങാൻപോലും കഴിയാത്തവിധം ചെളി നിറഞ്ഞിട്ടുണ്ട്. ഇന്ദിരാനഗർ മുതൽ ചെർക്കള ടൗണിലൂടെയുള്ള ഓവുചാലിലൂടെയെത്തുന്ന മഴവെള്ളം പൂർണമായും താഴേക്ക് ഒഴുകിയെത്തുന്നത് തോന്നുംപോലെയാണ്. വെള്ളം കൃത്യമായി ഒഴുകാൻ കൈവഴിയുണ്ടെങ്കിലും സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ നിറഞ്ഞുകവിഞ്ഞാണ് പലവഴിക്കായി വെള്ളമൊഴുകുന്നത്. ഒറ്റ മഴയ്‌ക്കുതന്നെ പ്രദേശത്തിന്റെ അവസ്ഥ ഇതാണെങ്കിൽ മഴ ശക്തമാകുന്നതോടെ നാടുവിടേണ്ട ഗതികേടിലാണ് ഇവിടുത്തുകാർ. ദേശീയപാത നിർമാണ കന്പനി കരാറുകാർ കാട്ടുന്ന അലംഭാവത്തിനൊപ്പം ഉദ്യോഗസ്ഥ ഉദാസീനതകൂടിയായതോടെ ഒരു നാടിന്റെ ഭീതി തലയ്‌ക്കുമുകളിൽ വാളെന്നപോലെ ആശങ്കയുളവാക്കുന്നതായി മാറി.










0 comments