വാതിൽപ്പടി മാലിന്യശേഖരണം 93 ശതമാനം

ശേഖരിച്ച മാലിന്യങ്ങളുമായി ഹരിത കർമസേനാ പ്രവർത്തകർ
വെബ് ഡെസ്ക്

Published on Jul 19, 2025, 03:01 AM | 1 min read

കാസർകോട്‌

മാലിന്യമുക്ത നവകേരളമെന്ന ആശയത്തിന്‌ കരുത്ത്‌ പകർന്ന്‌ ജില്ലയിൽ വാതിൽപ്പടി മാലിന്യശേഖരണം 92.72 ശതമാനമെത്തി. ജൂണിൽ യൂസർഫീസ്‌ നൽകി അജൈവമാലിന്യം തരംതിരിച്ച്‌ ഹരിതകർമസേനയ്‌ക്ക്‌ കൈമാറിയ വീടുകളുടെയും സ്ഥാപനങ്ങളുടെയും കണക്കാണിത്‌. 2025 ഏപ്രിലിൽ 65 ശതമാനമായിരുന്ന വാതിൽപ്പടി മാലിന്യശേഖരണം മേയിൽ 81.67 ശതമാനത്തിലേക്ക്‌ ഉയർന്നിരുന്നു. പ്രതിമാസം ജില്ലയിൽ നിന്നും 350 ടൺ അജൈവമാലിന്യം ഹരിതകർമസേന ശേഖരിക്കുന്നുണ്ട്‌. പ്ലാസ്‌റ്റിക്‌ മാലിന്യത്തിന്‌ പുറമേ കുപ്പിച്ചില്ല്, തുണി, ചെരുപ്പ് തുടങ്ങിയ വസ്തുക്കളും ശേഖരിക്കുന്നുണ്ട്. ജില്ലയിലെ നഗരസഭകളിൽ ജൂലൈ മുതൽ ഇ മാലിന്യങ്ങളും ശേഖരിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. ഉടമകൾക്ക്‌ വില നൽകിയാണ്‌ ഇ മാലിന്യം ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുക. 2024–- 25 സാമ്പത്തിക വർഷം ജില്ലയിൽ നിന്ന്‌ 4,050 ടൺ മാലിന്യമാണ്‌ ക്ലീൻ കേരള കമ്പനിക്ക്‌ കൈമാറിയത്‌. ഇതിലൂടെ 84.72 ലക്ഷം രൂപ ഹരിതകർമസേനയ്‌ക്ക്‌ വരുമാനം ലഭിച്ചു. ഇതിൽ 482 ടൺ പുനരുപയോഗം സാധ്യമായ പ്ലാസ്‌റ്റിക്കാണ്‌. ഇതിന്റെ വിലയായി 20.36 ലക്ഷം രൂപ ഹരിതകർമസേനയ്‌ക്ക്‌ കൈമാറി. പുനരുപയോഗിക്കാനാവാത്ത 1024 ടൺ മാലിന്യവും കമ്പനിക്ക്‌ കൈമാറി. ഈ വർഷം ആദ്യത്തെ ആറുമാസത്തിനകം തന്നെ 2638 ടൺ ശേഖരിക്കാനായി. ഏപ്രിൽ–- 684 ടൺ, മെയ്‌–- 734 ടൺ, ജൂൺ–- 751 ടൺ എന്നിങ്ങനെയാണ്‌ ഹരിതകർമസേന ശേഖരിച്ചത്‌. ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീഎന്നിവയാണ്‌ ഈ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്‌. ജില്ലയിൽ 41 തദ്ദേശസ്ഥാപനങ്ങളിലായി 1,529 ഹരിതകർമസേനാംഗങ്ങളാണ്‌ മാലിന്യനീക്കത്തിനായി പ്രവർത്തിക്കുന്നത്‌. 5000 രൂപ മുതൽ 35,000 രൂപവരെ പ്രതിമാസ വരുമാനം ഹരിത കർമസേനാംഗങ്ങൾക്ക്‌ ലഭിക്കുന്നു. ശരാശരി വരുമാനം 12,000 രൂപയാണ്‌. അധിക വരുമാനം കണ്ടെത്തുന്നതിനായി സർവീസ് ഇനോക്കുലം യൂണിറ്റ്, പൂക്കട തുടങ്ങിയ സംരംഭങ്ങളുമുണ്ട്‌. എൽഡിഎഫ് നേതൃത്വത്തിലുള്ളതാണ് നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകൾ. ടി വി ശാന്ത, കെ വി സുജാത എന്നിവരാണ് ചെയർപേഴ്സൺമാർ. കാസർകോട് നഗരസഭ യുഡിഎഫ് ഭരിക്കുന്നു. അബ്ബാസ് ബീഗമാണ് ചെയർമാൻ.



deshabhimani section

Related News

View More
0 comments
Sort by

Home