ad
Deshabhimani

കൊടുംചൂടാണ്‌ കുടിച്ച ‘വെള്ള’ത്തെ 
വിശ്വസിക്കരുത്‌!

കാസർകോട് വിദ്യാനഗറിലെ  ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ ജില്ലാ ജലഗുണപരിശോധനാ ലാബ്
avatar
കെ വി രഞ്ജിത്ത്

Published on Apr 25, 2026, 03:00 AM | 2 min read

കാസർകോട്‌ കാഴ്ചയിൽ ശുദ്ധമെന്ന്‌ തോന്നുമെങ്കിലും ജലം എപ്പോഴും ശുദ്ധമാകണമെന്നില്ല. വേനൽകടുത്ത്‌ കിണറുകളിലടക്കം വെള്ളം വറ്റിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ പ്രത്യേകിച്ചും. അധികമാർക്കുമറിയാത്ത ഒരുകാര്യമുണ്ട്‌. നമ്മുടെ വീട്ടിലെ വെള്ളം ശുദ്ധമാണോയെന്ന്‌ പരിശോധിക്കാൻ ജില്ലയിൽ ജല അതോറിറ്റിയുടെ പരിശോധനാ ലാബുകളുമുണ്ടെന്നത്‌. അതോറിറ്റി ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ ചാമുണ്ഡിക്കുന്ന്‌, ബോവിക്കാനം, കാസർകോട്‌ വിദ്യാനഗർ, പുലിക്കുന്ന്‌ എന്നിവിടങ്ങളിലാണ്‌ ലാബുകൾ . നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ്‌ കാലിബ്രേഷൻ ലബോറട്ടറീസിന്റെ അംഗീകാരത്തോടെയാണ്‌ പ്രവർത്തനം. പിഎച്ച് മൂല്യം, ജലത്തിലെ താപനില, ഓക്സിജന്റെ അളവ്, ചാലകത, ജലത്തിന്റെ ശുദ്ധത, വിവിധ മൂലകങ്ങളുടെ അളവ്, കോളിഫോം, ഇ കോളി ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം എന്നിവയാണ്‌ പരിശോധിക്കുന്നത്‌. 1.5 ലിറ്റർ മുതൽ രണ്ട്‌ ലിറ്റർവരെ വെള്ളം പരിശോധനയ്‌ക്ക്‌ ആവശ്യമാണ്. ബാക്ടീരിയ പരിശോധനയ്ക്ക് അണുവിമുക്തമായ കുപ്പിയിൽ 100 മില്ലീലിറ്റർ വെള്ളം മതിയാകും. കിണർ, കുഴൽക്കിണർ, മറ്റ് സ്രോതസ്സുകളിൽനിന്നും വെള്ളമെടുക്കുന്നവരെല്ലാം പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണം. ​ പ്രശ്‌നം ഗുരുതരം; 62 ശതമാനം വെള്ളവും ശുദ്ധമല്ല ​2025 ഏപ്രിൽ മുതൽ 2026 മാർച്ച്‌ വരെ ജില്ലയിൽ ജല അതോറിറ്റിലാബുകളിൽ പരിശോധിച്ച വെള്ള സാന്പിളുകളിൽ 62ശതമാനവും ശുദ്ധമല്ലാത്തതാണെന്ന്‌ കണ്ടെത്തി. പരിശോധിച്ച 4850 സാന്പിളുകളിൽ 3022 സാന്പിളുകളും ശുദ്ധതയില്ലാത്തായിരുന്നു. അടുത്തടുത്തായി വീടുകൾ നിർമിക്കുന്നതുമൂലം സെപ്‌റ്റിക്‌ ടാങ്കുകളും ജലസ്രോതസുകൾ തമ്മിലുള്ള അകലം കുറയുന്നതിനാലാണ്‌ വെള്ളത്തിൽ മാലിന്യം വർധിച്ചത്‌. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഭൂഗർഭ ജലനിരപ്പ്‌ താഴ്‌ന്നതും മലിനീകരണത്തിന്‌ കാരണമായി. ​ കുടിക്കുംമുന്പേ 
കരുതൽ ​കടുത്ത ചൂടായതിനാൽ പ്ലാസ്‌റ്റിക് കാനിലും കുപ്പിയിലും ലഭിക്കുന്ന ജലത്തിന്റെ ഗുണനിലവാരവും സ്വയംപരിശോധിച്ച് ഉറപ്പാണ്ടുക്കേതുണ്ടെന്ന്‌ ഭക്ഷ്യസുരക്ഷാ വകുപ്പും മുന്നറിയിപ്പ്‌ നൽകി. ലൈസൻസ് അടക്കമുള്ള വിവരങ്ങൾ, കാനിന്റെ വൃത്തി തുടങ്ങിയ കാര്യങ്ങളാണ് സ്വയംപരിശോധിക്കണം. ജില്ലയിൽ ചെറുനഗരങ്ങളിൽ കാനുകളിൽ വെള്ളമെത്തിക്കുന്ന സ്വകാര്യ ഏജൻസികൾ ഏറെയാണ്‌. ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മാനദണ്ഡങ്ങൾ പാലിച്ചുള്ള വെള്ളം മാത്രമേ വാങ്ങാവൂ. കാനുകളിൽ എഫ്എസ്എസ്എഐ ലൈസൻസ് വിവരങ്ങളുണ്ടെന്ന് ഉറപ്പാക്കിയശേഷമേ ഉപയോഗിക്കാവൂ. കാൻ വെള്ളം തയാറാക്കിയ ദിവസം, എത്രദിവസംവരെ ഉപയോഗിക്കാം തുടങ്ങിയവയും ശ്രദ്ധിക്കണം. പരമാവധി ആറുമാസം വരെയാണ് കാലാവധി. ഒകാൻ 50 തവണയേ ഉപയോഗിക്കാവൂ. പുറമേനിന്ന് 80 ശതമാനമെങ്കിലും തെളിമയോടെ കാണാൻ സാധിക്കണം. കാനിന്റെ അകം വൃത്തിയാണെന്നതും ഉറപ്പാക്കണം. കാനിൽ പാടുകളില്ലെന്നതും ഉറപ്പുവരുത്തണം. സ്വകാര്യ 
പരിശോധനകളിൽ തട്ടിപ്പ്‌ ഇതിനിടെ ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ ഉടൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ്‌ ലഭിക്കുന്നതിന്‌ സ്വകാര്യ ലാബുകളിലെ ജലപരിശോധനാ റിപ്പോർട്ട്‌ നൽകുന്നതും വ്യാപകമായിട്ടുണ്ട്‌. സ്രോതസ്സിൽനിന്ന്‌ വെള്ളത്തിന്റെ സാന്പിളെടുത്ത്‌ സീൽ ചെയ്‌താണ്‌ പരിശോധനക്കെത്തിക്കേണ്ടത്‌. എന്നാൽ മിനറൽ വാട്ടർ വെള്ളമടക്കമുള്ള സാന്പിളുകൾ സ്വകാര്യലാബുകളിൽ പരിശോധനക്കെത്തിച്ച്‌ തിടുക്കത്തിൽ ലൈസൻസ്‌ നേടിയെടുക്കുന്നവരുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home