സവിശേഷ കാലത്തെ പഞ്ചായത്ത്‌ 
ഓർമകൾ

കെ വി കുമാരൻ
avatar
പി പ്രകാശൻ

Published on Dec 03, 2025, 03:00 AM | 1 min read

കാസർകോട് പഞ്ചായത്ത്‌ രാജ്‌ നിയമപ്രകാരമുള്ള ത്രിതല ഭരണ സംവിധാനവും ജനകീയാസൂത്രണ പദ്ധതിയും വരുംമുന്പുള്ള അവസാന ഭരണസമിതിയായിരുന്നു അത്‌. ജില്ലാ ക‍ൗൺസിലെന്ന ആദ്യത്തെ ജില്ലാ ഭരണസംവിധാനം നിലവിൽവന്ന കാലം. കാലാവധി പൂർത്തിയായിട്ടും തെരഞ്ഞെടുപ്പ്‌ നടക്കാത്തതിനാൽ എഴുവർഷത്തിലേറെ നീണ്ടുനിന്ന ഭരണസമിതി. 1988–95 കാലത്ത്‌ മടിക്കൈ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന പൂത്തക്കാലിലെ കെ വി കുമാരൻ (82) സവിശേഷത ഏറെയുള്ള ആ കാലം ഓർത്തെടുക്കുകയാണ്‌. പഞ്ചായത്തിന്‌ ഇന്നത്തെപോലെ അധികാരവും വിഭവങ്ങളുമില്ല. തുച്ഛവരുമാനത്തിലാണ്‌ ഭരണ നടത്തിപ്പ്‌. ജീവനക്കാർക്ക്‌ ശന്പളം നൽകാൻപോലും പണം തികയില്ല. പഞ്ചായത്ത്‌ പ്രസിഡന്റിനോ അംഗങ്ങൾക്കോ അലവൻസില്ല. ഭരണസമിതിയുടെ അവസാന കാലത്താണ്‌ പ്രസിഡന്റിന്‌ 600 രൂപ അലവൻസായി ലഭിച്ചതെന്ന്‌ കെ വി കുമാരൻ പറയുന്നു. കെ കുഞ്ഞിരാമനായിരുന്നു പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌. ടി വി കുഞ്ഞിരാമൻ, കെ വി രാമുണ്ണി, പി കുഞ്ഞികൃഷ്‌ണൻ, പൊക്ലൻ, കെ വി സരോജിനിയമ്മ, പി പി നാരായണി, പി വി കൃഷ്‌ണൻ എന്നിവർ അംഗങ്ങൾ. ക്രിസ്‌മസ്‌ അവധിക്കാലത്തെ സഹവാസ ക്യാന്പിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ നെഹ്‌റു കോളേജിലെയും പോളിടെക്‌നിക്കിലെയും എൻസിസി വളണ്ടിയർമാരുടെ സഹായത്തോടെ പഞ്ചായത്തിൽ പുതിയ റോഡുകൾ നിർമിച്ചതാണ്‌ അന്നത്തെ എടുത്തുപറയാവുന്ന നേട്ടമെന്ന്‌ കെ വി കുമാരൻ പറഞ്ഞു. നാട്ടുകാരുൾപ്പെടെ ആയിരക്കണക്കിനുപേർ പങ്കെടുത്ത റോഡ്‌ നിർമാണം ഉത്സവ പ്രതീതിയിലായിരുന്നുവെന്ന്‌ അദ്ദേഹം ഓർക്കുന്നു. വിദ്യാഭ്യാസ രംഗത്ത്‌ ദേശീയ ശ്രദ്ധ ആകർഷിച്ച മടിക്കൈ പഠനോത്സവം എന്ന പേരിലുള്ള വിദ്യാഭ്യാസ കോംപ്ലക്‌സ്‌ നടപ്പാക്കിയതും ഇതേകാലത്താണ്‌. വിദ്യാഭ്യാസരംഗത്തെ ജനപങ്കാളിത്തം ഉറപ്പാക്കാനും പഠന പ്രവർത്തനം ഫലപ്രദമാക്കാനും കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കാനും എൽപി ക്ലാസ്സുകളിൽ ജില്ലാ ക‍ൗൺസിൽ നടപ്പാക്കിയ പഠനരീതിയാണിത്‌. 1993 ജൂലായ്‌ 24നാണ്‌ മടിക്കൈ പഠനോത്സവം ഉദ്‌ഘാടനംചെയ്‌തത്‌. പദ്ധതി നടപ്പാക്കുന്നതിൽ അന്നത്തെ ജില്ലാ ക‍ൗൺസിൽ പ്രസിഡന്റ്‌ സി കൃഷ്‌ണൻനായരുടെ ഭരണപാടവം എടുത്തുപറയേണ്ടതാണെന്ന്‌ കെ വി കുമാരൻ പറഞ്ഞു. ഇതേ ആശയത്തിലാണ്‌ സംസ്ഥാനത്ത്‌ പിന്നീട്‌ ഡിപിഇപി നടപ്പാക്കിയതും. സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു കെ വി കുമാരൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home