എസ്‌എഫ്‌ഐ മാർച്ച് സന്പൂർണ വിജയം
ആവശ്യങ്ങൾ അംഗീകരിച്ച് കണ്ണൂർ സർവകലാശാല

എസ് എഫ് ഐ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാലയിലേക്കു നടത്തിയ മാർച്ച്
കണ്ണൂർ
കണ്ണൂർ സർവകലാശാലയിലെ സംഘപരിവാരവൽക്കരണം അവസാനിപ്പിക്കുക, ബ്രണ്ണൻ, ചൊക്ലി ഗവ. കോളേജുകളിൽ അനുവദിച്ച പുതിയ കോഴ്സുകളുടെ ക്ലാസുകൾ എത്രയും പെട്ടെന്ന് ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്‌എഫ്‌ഐ സർവകലാശാല സബ്‌കമ്മിറ്റി നടത്തിയ മാർച്ച് പൂർണ വിജയം. വിദ്യാർഥി നേതാക്കൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അനുഭാവപൂർവം പരിഗണിക്കാമെന്നും വിശദമായ കൂടിയാലോചന നടത്താമെന്നും സർകലാശാല രജിസ്‌ട്രാർ വിദ്യാർഥി നേതാക്കൾക്ക് രേഖാമൂലം ഉറപ്പുനൽകി. സർവകലാശാലയുടെ താവക്കര, മാങ്ങാട്ടുപറന്പ്, നീലേശ്വരം, പാലയാട് ക്യാന്പസുകളിലെ ഡിപ്പാർട്‌മെന്റ് ഷിഫ്‌റ്റിങ് പുനഃപരിശോധിക്കാമെന്നും അങ്ങനെ പഠന വകുപ്പുകൾ മാറുകയാണെങ്കിൽ വിദ്യാർഥികളുടെ യോഗം ചേർന്ന്, അവരുടെ പൂർണസമ്മതത്തോടെ മാത്രമേ മാറ്റൂ എന്നും രജിസ്‌ട്രാർ ജോബി കെ ജോസ് ഉറപ്പുനൽകി. സാമ്പത്തിക പ്രയാസമുള്ള വിദ്യാർഥികളുടെ താമസ–ഭക്ഷണ ചെലവ് സർവകലാശാല വഹിക്കും. ബ്രണ്ണൻ, ചൊക്ലി ഗവ. കോളേജുകളിൽ അനുവദിച്ച പുതിയ കോഴ്സുകളുടെ ക്ലാസുകൾ എത്രയും പെട്ടെന്ന് തുടങ്ങും. പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ആരോപണ വിധേയനായ സംഘപരിവാറുകാരനായ അധ്യാപകനെ സുപ്രധാന ചുമതല നൽകിയതിൽനിന്ന് നീക്കണമെന്ന ആവശ്യത്തിൽ ചൊവ്വാഴ്‌ച വിദ്യാർഥി നേതാക്കളുമായി വൈസ് ചാൻസലർ ചർച്ചചെയ്യും. അധ്യാപക അഭിമുഖത്തിനുശേഷം ഫലം റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്നും രജിസ്‌ട്രാർ ഉറപ്പുനൽകി. ഇൗ തസ്‌തികകളിൽ പകരം ആർഎസ്‌എസുകാരെ നിയമിക്കാനുള്ള വൈസ്‌ചാൻസലറുടെ ഇടപെടൽ അംഗീകരിക്കില്ലെന്ന് എസ്‌എഫ്‌ഐ അറിയിച്ചു. അമിതമായ ഫീസ് വർധനയും ചർച്ചചെയ്യും. പ്രതിഷേധ മാർച്ച് കേന്ദ്രകമ്മിറ്റിയംഗം വിപിൻ രാജ് പായം ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി അഖില അധ്യക്ഷയായി. കാസർകോട് ജില്ലാ സെക്രട്ടറി കെ അനുരാഗ്, ടി പി ആദർശ്, അതുൽരാജ്, കെ പി അലീഷ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു. കണ്ണൂർ കെഎസ്‌ആർടിസി ഡിപ്പോ പരിസരത്തുനിന്നാരംഭിച്ച മാർച്ച് താവക്കര വഴി സർവകലാശാല ആസ്ഥാനത്തിനുമുന്നിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പ്രകോപനമൊന്നുമില്ലാതെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. മാർച്ച് സർവകലാശാലയ്‌ക്കുമുന്നിൽ എത്തിയയുടൻ പെൺകുട്ടികളുൾപ്പെടെയുള്ളവർക്കുനേരെ ജലീപീരങ്കി പ്രയോഗിക്കുകയായിരുന്നു.











0 comments