തെളിയുമോ ചരിത്രം
തെളി മലയാളത്തിലുണ്ട് 10,000 ഓലരേഖകൾ

തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിലെ താളിയോലകൾ പുരാരേഖാവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
കെ വി രഞ്‌ജിത്
Published on Nov 06, 2025, 02:00 AM | 2 min read
കാസർകോട്
കാലത്തിന്റെ ഇടനാഴിയിലൂടെ സുദീർഘം താണ്ടിയ സാക്ഷ്യപത്രങ്ങളായ പതിനായിരത്തോളം താളിയോലകൾ സംരക്ഷിക്കാനുള്ള പുരാരേഖാവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിൽ തുടക്കം. ക്ഷേത്രത്തിലെ കന്നിക്കൊട്ടാരത്തിലെ പൊടിപിടിച്ച് നശിക്കാറായ താളിയോലകൾ പുൽത്തൈലവും പ്രത്യേക രാസവസ്തുക്കളും ഉപയോഗിച്ചാണ് സംരക്ഷിക്കുക. സംസ്ഥാന പുരാരേഖാവകുപ്പിന്റെ കോഴിക്കോട് റീജിയണൽ ആർക്കൈവ്‌സിലെ ഉദ്യോഗസ്ഥർ ബുധനാഴ്‌ച ക്ഷേത്രത്തിലെത്തി താളിയോലകൾ പരിശോധിച്ചു. കമ്യൂണിറ്റി ആർക്കൈവ്‌സ് പദ്ധതിയിലാണ് ഓലരേഖകളുടെ ശാസ്‌ത്രീയ സംരക്ഷണത്തിനുള്ള നടപടി തുടങ്ങിയത്. ഇവ സംരക്ഷിക്കാൻ രണ്ട് ജീവനക്കാരെയും സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടറേറ്റ് നിയോഗിച്ചിട്ടുണ്ട്. ഇവർ 10ന് ക്ഷേത്രത്തിലെത്തി ചുമതലയേറ്റെടുക്കും. താളിയോലരേഖകളും ചരിത്രരേഖകളും ഭാവിതലമുറയ്ക്കായി സംരക്ഷിക്കാൻ പ്രത്യേക പദ്ധതിയാണ് ഒരുക്കുന്നതെന്ന് കോഴിക്കോട് റീജണൽ ആർകൈക്കവ്‌സ് സൂപ്രണ്ട് എം ജി ജ്യോതിഷ് പറഞ്ഞു. അറിയാം ബാർട്ടർ സന്പ്രദായത്തെക്കുറിച്ച് തൃക്കരിപ്പൂർ ദേവസ്വം ഭൂമിയുടെ ദാനം, വരവുചിലവു കണക്കുകൾ എന്നിവയാണ് ഭൂരിപക്ഷം താളിയോലരേഖകളുടെയും ഉള്ളടക്കം പ്രഥമവായനയിൽ തെളിഞ്ഞതെന്ന് കോഴിക്കോട് മൂസിയം ഓഫീസറും ഗവേഷകനുമായ കെ കൃഷ്‌ണരാജ് പറഞ്ഞു. പൊടിപിടിച്ച ഓലകൾ വൃത്തിയാക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഒളവറ മുതൽ ചീമേനി പെരുമ്പട്ടവരെ നിരവധി ക്ഷേത്രങ്ങളുടെയടക്കം അധീനതയുണ്ടായിരുന്ന താഴെക്കാട്ട് മനയുടെ കീഴിലായിരുന്ന ചക്രപാണി ക്ഷേത്രത്തിലെ താളിയോലകളിൽ അപൂർവ ചരിത്ര സൂചനകൾ ഉണ്ടാകാമെന്ന് കരുതുന്നു. കൊള്ളുക ,കൊടുക്കുക എന്നരീതിയിൽ പഴയകാല ബാർട്ടർ സന്പ്രദായത്തെ സൂചിപ്പിക്കുന്ന എഴുത്തും ഓലയിലുണ്ട്. കൊല്ലവർഷം 900ത്തിൽ പുലിയന്നൂർ പുതിയറക്കാൽ ക്ഷേത്രത്തിലെ ഉത്സവത്തിലെ ചടങ്ങും തെളി മലയാളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 1800 മുതൽ 1940 വരെയുള്ള വിവരങ്ങൾ രേഖകളിലുണ്ടാകും. ചിറക്കൽ കോവിലകവുമായി ബന്ധപ്പെട്ടുള്ള സ്വത്തിടപാടുകളും 1852നുശേഷമുള്ള സ്ഥലമിടപാടുകളും ആദ്യ നോട്ടത്തിൽ വായിച്ചെടുത്തു. ചിറക്കൽ രാജാവ് ഭൂമി പതിച്ചുനൽകിയ രേഖകൾ, രാജാക്കന്മാരുടെ ആശയവിനിമയങ്ങൾ, സമീപ ക്ഷേത്രങ്ങളിലെ ഉത്സവ നടത്തിപ്പ് രേഖകൾ തുടങ്ങിയവ താളിയോലകളിൽപ്പെടുന്നു. ഡിജിറ്റൽ ഫോർമാറ്റിലാക്കും കണ്ണൂർ, കാസർകോട് ജില്ലകളിലെ കർഷക സമരങ്ങൾക്കിടയാക്കിയ രേഖകളും ഇവയിലുണ്ടാകുമെന്നാണ് കരുതുന്നത്. കുടികിടപ്പവകാശക്കാരുടെ സ്ഥലങ്ങളും അവ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും ഉണ്ടാകാനാണ് സാധ്യത. കരിവെള്ളൂർ സമരം, ചീമേനി തോൽ–വിറക് സമരം, ഉദിനൂർ വിളകൊയ്‌ത്ത് സമരം എന്നിവയ്‌ക്കിടയാക്കിയ ജന്മിമാരുടെ തീരുമാനങ്ങളും കണ്ടെത്താനാകുമെന്ന് കരുതുന്നു. രാസ സംരക്ഷണം നടത്തിയ ഓല രേഖകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതിയും ആലോചനയിൽ ഉണ്ട്.
കമ്യൂണിറ്റി ആർക്കൈവ്‌സ് പുരാരേഖകളുടെ ശേഖരം മികവോടെ സംരക്ഷിക്കാനുള്ള പദ്ധതിയാണ് കമ്യൂണിറ്റി ആര്‍ക്കൈവ്‌സ്. ഇതിലൂടെ സാധാരണക്കാര്‍ക്ക് പുരാരേഖകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിവുപകരാനാകും. പ്രാദേശിക സര്‍വേ നടത്തി കൂടുതല്‍ രേഖ കണ്ടെത്താനും അവ കണ്ടെത്തിയ ഇടത്തുതന്നെ സംരക്ഷിക്കാനും ഉടമസ്ഥര്‍ക്ക് സമ്മതമാണെങ്കില്‍ ഏറ്റെടുത്ത് സംരക്ഷിക്കാനും പദ്ധതിയിലൂടെ കഴിയും.








0 comments