അന്നവർ വീട്ടിലെത്തി; കൂറുമാറാമോ? വീടും പണവും തരാം

അത്തിക്കൽ മീനാക്ഷിയമ്മ
ടി കെ നാരായണൻ
Published on Dec 06, 2025, 02:31 AM | 2 min read
കാഞ്ഞങ്ങാട് : സ്ത്രീകൾക്കായി ശബ്ദിക്കാൻ പഞ്ചായത്ത് ഭരണസമിതിയിലേക്ക് വനിതയെ നാമനിർദേശം ചെയ്ത കാലം ഓർത്തെടുക്കുകയാണ് അത്തിക്കൽ മീനാക്ഷിയമ്മ. തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനവും കടന്ന് വനിതാ ജനപ്രതിനിധികൾ ചുവടുറപ്പിക്കുന്ന മാതൃക പുലരുന്ന കേരളത്തിന് അങ്ങനെയുമൊരു തെരഞ്ഞെടുപ്പ് ചരിത്രമുണ്ട്. അജാനൂർ പഞ്ചായത്തിന് രണ്ടു കമ്യൂണിസ്‌റ്റ് പ്രസിഡന്റുമാരെ സംഭാവന ചെയ്ത രാഷ്‌ട്രീയ നീക്കത്തിന്റെ രസകരമായ ഓർമകളുണ്ട് 1963ലെ ഭരണസമിതിയംഗമായ മഡിയനിലെ അത്തിക്കൽ മീനാക്ഷിയമ്മയ്ക്ക്.
ആറുമക്കൾക്കൊപ്പം മഡിയൻ ക്ഷേത്രപരിസരത്തെ തറവാട് വീട്ടിലായിരുന്നു അന്ന്. പാർടി പ്രവർത്തനങ്ങളിൽ സ്ത്രീകളാരും കടന്നുവരാത്ത കാലം. ‘‘ഇളയ മകൾ സൂര്യ പൊടിക്കുഞ്ഞാണ്. 1963ലെ തെരഞ്ഞെടുപ്പിൽ ഇന്നത്തേതുപോലല്ല. ഒരു ഭാഗത്ത് കമ്യൂണിസ്‌റ്റ് പാർടി മാത്രം. മറുചേരിയിൽ കോൺഗ്രസും ലീഗും പിഎസ്‌പിയും ഉൾപ്പെടെയുള്ള വമ്പന്മാർ’’– അവർ ഓർമകളിൽ പരതുന്നു. ആദ്യമായി ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പായിരുന്നുഅത്. കോൺഗ്രസ് കുത്തക തകർത്ത് കമ്യൂണിസ്റ്റ് പാർടിക്ക് വിജയം. പി അന്പുനായർ, പി കെ യൂസഫ്, കെ പി അച്യുതൻ, കല്ലുവരന്പത്ത് കണ്ണൻ, പി കെ യൂസഫ്, കെ കുഞ്ഞാമത്, ബി ദാമോദര ലക്ഷ്‌മണ പ്രഭു, കെ കുഞ്ഞാമത് എന്നിവർ അംഗങ്ങളായി. ഒരു സ്‌ത്രീയെ നാമനിർദേശം ചെയ്യണമെന്ന സർക്കാർ നിർദേശമനുസരിച്ച് മീനാക്ഷിയമ്മ പഞ്ചായത്തംഗമായി.
അജാനൂരിലെ ആദ്യ വനിതാ പഞ്ചായത്തംഗമായി അവർ ചരിത്രത്തിലേക്ക് നടന്നുകയറി. പി അന്പുനായർ പ്രസിഡന്റും പി കെ യൂസഫ് വൈസ് പ്രസിഡന്റുമായ ഭരണസമിതി 1963 ഡിസംബർ 21ന് അധികാരമേറ്റു. 1975ൽ പി അന്പുനായർ മരണമടഞ്ഞു. പിന്നാലെ 77ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർടി പിളർന്നതിന്റെ മുറിപ്പാടുകളും അകൽച്ചയും പ്രതിഫലിച്ചു. ഭരണസമിതിയുടെ കക്ഷിബലത്തിലും മാറ്റങ്ങൾക്കിടയാക്കി. പ്രസിഡന്റ് ?തെരഞ്ഞെടുപ്പിൽ മീനാക്ഷിയമ്മയുടെ വോട്ടുമറിക്കാനുള്ള നീക്കമായി. പാർടിയെ ഒറ്റുകൊടുക്കാനില്ലെന്ന നിലപാടിൽ മീനാക്ഷിയമ്മ ഉറച്ചുനിന്നു. തലേരാത്രി ബന്ധുവിനൊപ്പം ലീഗുകാരും കോൺഗ്രസുകാരും വീട്ടിലെത്തി.
വീടും പണവുമായിരുന്നു വാഗ്‌ദാനം. പ്രലോഭനക്കാരെ മീനാക്ഷിയമ്മ തന്ത്രപൂർവം വീടിന് പുറത്തെത്തിച്ചു. പുറത്തുകാത്തുനിന്ന സിപിഐ എം നേതാക്കളായ പി കുഞ്ഞിക്കണ്ണനും വി കമ്മാരനും മറ്റുള്ള പ്രവർത്തകരും ചേർന്ന് ഇവരെ വിരട്ടിയോടിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഐ എം നേതാവ് കല്ലുവരന്പത്ത് കണ്ണൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥർക്കൊപ്പമെടുത്ത നിറംമങ്ങിയ ചിത്രം മീനാക്ഷിയമ്മ ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.









0 comments