വാഹനക്കരാറിലൂടെ പ്രതിഫലം കൈപ്പറ്റി
പഞ്ചായത്തംഗത്തെ അയോഗ്യനാക്കാനുള്ള ഹർജി ഫയലിൽ സ്വീകരിച്ചു

തൃക്കരിപ്പൂർ
പഞ്ചായത്തുമായി വാഹന കരാർ നിലനിൽക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചയാളെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി കോടതി ഫയലിൽ സ്വീകരിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി എസ് നജീബിനെതിരെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കെ പി അബ്ദുൾ റഷീദ് അഡ്വ. സി ഷുക്കൂർ മുഖേന കാഞ്ഞങ്ങാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. തൃക്കരിപ്പൂർ പഞ്ചായത്ത് 23–ാം വാർഡ് വെള്ളാപ്പിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ടി എസ് നജീബ് സ്വന്തം ഉടമസ്ഥതയിലുള്ള കാർ പഞ്ചായത്തിന് കരാർ അടിസ്ഥാനത്തിൽ വിട്ടുനൽകിയിരുന്നു. കരാർ നിലനിൽക്കെ ജനവിധി തേടിയത് വിവരം ദേശാഭിമാനിയാണ് പുറത്തുകൊണ്ടുവന്നത്. പഞ്ചായത്തിന്റെ എൻജിനീയറിങ് വിഭാഗത്തിനാണ് വാഹനം ഓടുന്നത്. വാടകയിനത്തിൽ മാസം 36,000 രൂപ നജീബ് പഞ്ചായത്തിൽനിന്നും കൈപ്പറ്റുന്നുണ്ട്. 2022 മോഡൽ കാർ കഴിഞ്ഞ മൂന്ന് വർഷമായി കരാർ നൽകിയത് പത്രികയിൽ സൂചിപ്പിച്ചിരുന്നെങ്കിലും കരാർ റദ്ദു ചെയ്‌തിട്ടില്ല. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗമായിരിക്കെയാണ് നജീബ് വാഹനം പഞ്ചായത്തിന് നൽകിയത്. നാമനിർദ്ദേശ പത്രികയിൽ വസ്തുത മറച്ചുവച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ നജീബിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 ലെ വകുപ്പ് 34 (1) (ജി) പ്രകാരം പഞ്ചായത്തുമായോ സർക്കാരുമായോ നിലവിൽ ഏതെങ്കിലും കരാറിലോ അതിൽ നിന്ന് സാമ്പത്തിക ലാഭം ലഭിക്കുന്ന ജോലികളിലോ നേരിട്ടോ പരോക്ഷമായോ ലഭിക്കുന്നയാൾ മത്സരത്തിന് അയോഗ്യനാണ്. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷവും നജീബ് വാഹന കരാർ പ്രകാരം പ്രതിഫലം കൈപ്പറ്റിയിട്ടുമുണ്ട്. നിയമവിരുദ്ധ പ്രവർത്തനം വാർത്തയായതോടെയാണ് കരാർ അവസാനിപ്പിച്ചത്. നജീബിനോടും എതിർകക്ഷികളോടും 22ന് ഹാജരാകാൻ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.










0 comments