ജീവൻ കൈയിൽ പിടിച്ച് ജോലി ചെയ്യാം....!

അപകട ഭീഷണിയിലുള്ള പാലംകല്ല് ജനകീയ ആരോഗ്യ കേന്ദ്രം
എ കെ രാജേന്ദ്രന്‍
Published on Jan 04, 2025, 10:34 PM | 1 min read
രാജപുരം
ഏതുനിമിഷവും തലയിലേക്ക് അടർന്നുവീഴാവുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ ഭയപ്പാടോടെയാണ് പാലംകല്ല് ജനകീയാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ജോലിചെയ്യുന്നത്. കള്ളാർ പഞ്ചായത്തിലെ പുഞ്ചക്കരയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രമാണ് കാലപ്പഴക്കത്താൽ അപകടത്തിലായത്. 40 വർഷങ്ങൾക്കുമുമ്പ് നിർമിച്ച കെട്ടിടമാണിത്. പലതവണ പഞ്ചായത്ത് അധികൃതർക്ക് പുതിയ കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. പുതിയ കെട്ടിടം നിർമിക്കുന്നതിന് എൻഎച്ച്എം ഫണ്ട് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും 55 ലക്ഷം രൂപ അനുവദിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടും പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥർ അനുമതി നൽകുന്നില്ലെന്ന് പരാതിയുണ്ട്. പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ സബ് സെന്ററായി പ്രവർത്തിക്കുന്ന ഇവിടെ അത്യാവശ്യ പരിശോധനയും കുത്തിവയ്‌പ്പും നടത്തുന്നു. ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ പരിശോധന, കുട്ടികളുടെ കുത്തിവയ്‌പ്പ്, പോളിയോ തുള്ളിമരുന്ന്, ഗർഭിണികൾക്കുള്ള കുത്തിവയ്‌പ്പ്, പരിശോധന എല്ലാം ഇവിടെയാണ് നടക്കുന്നത്. കെട്ടിടത്തിന്റെ മുൻവശത്തെ പാർശ്വഭിത്തിയുടെ അടിഭാഗം തകർന്നു. ഭിത്തിക്ക് വൻവിള്ളലുണ്ട്. രണ്ടു മുറികളുള്ള കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ഒരു സൗകര്യവുമില്ല ആരോഗ്യകേന്ദ്രം വരുന്നുവെന്നറിഞ്ഞപ്പോൾ 1985-ൽ സന്തോഷത്തോടെ 15 സെന്റ് സ്ഥലം സൗജന്യമായി കെട്ടിടം നിർമിക്കാൻ വിട്ടുനൽകുകയായിരുന്നു. എന്നാലിന്നും അടിസ്ഥാന സൗകര്യമില്ലാതെയാണ് പ്രവർത്തനം. ആരോഗ്യ പ്രവർത്തകർക്ക് വിശ്രമിക്കാൻ പോലും സൗകര്യമില്ല. ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും നല്ല കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പുതിയ കെട്ടിടം നിർമിക്കാൻ നടപടിയുണ്ടാകണം. പി എം ജോയി പൊളിക്കേണ്ടവർ പൊളിക്കുന്നില്ല പുതിയ കെട്ടിടം നിർമിക്കേണ്ടത് അത്യവശ്യമാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർച്ചയിലാണ്. ആരോഗ്യ വിഭാഗത്തിന്റെ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാൽ പൊളിച്ചുനീക്കണമെന്ന പഞ്ചായത്ത് അധികൃതരുടെ ഉത്തരവ് ഇല്ലാത്തതിനാൽ ഫണ്ട് ലഭിക്കാത്ത സ്ഥിതിയുണ്ട്. ഡോ. സി സുകു താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ജോലി ചെയ്യാൻ ഭയം കെട്ടിടത്തിലെത്തി ജോലിചെയ്യാൻ ഭയമാണ്. പല ഭാഗങ്ങളിലും വിള്ളലുണ്ട്. കുടിവെള്ള സൗകര്യംപോലുമില്ല. ഗർഭിണികൾക്കുൾപ്പെടെ കെട്ടിടത്തിലെത്താൻ വലിയ ബുദ്ധിമുട്ടാണ്. പുതിയ കെട്ടിടം നിർമിച്ചാൽ ഭാവിയിൽ ഏറെ ഗുണമുണ്ടാകും. അനി തോമസ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ










0 comments