ad
Deshabhimani

സഹജീവനം സ്നേഹഗ്രാമം

പുഞ്ചിരി തെളിയുന്നു

മുളിയാർ മുതലപ്പാറയിലെ സഹജീവനം സ്നേഹഗ്രാമം പദ്ധതി കെട്ടിടം
വെബ് ഡെസ്ക്

Published on Jul 26, 2025, 03:00 AM | 1 min read

കാസർകോട്

എൻഡോസൾഫാൻ ദുരിതബാധിതരുടെ കണ്ണീരൊപ്പി അവരിൽ പുഞ്ചിരി നിറയ്‌ക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾ ഫലം കാണുന്നു. ദുരിതബാധിതരുടെയും അവരുടെ രക്ഷിതാക്കൾക്കുമുള്ള സേവനങ്ങളും ഒരുകുടക്കീഴിലാക്കി സാമൂഹികനീതി വകുപ്പാണ്‌ ‘സഹജീവനം സ്നേഹഗ്രാമം’ പദ്ധതിയൊരുക്കിയത്‌. ദുരിത ബാധിതരുടെ സമഗ്ര വികസനവും പുനരധിവാസം ലക്ഷ്യമിട്ടാണ്‌ സംരംഭം. പ്ലാന്റഷൻ കോർപറേഷൻ നഷ്ടപരിഹാരമായി മുളിയാർ പഞ്ചായത്തിലെ മുതലപ്പാറയിൽ അനുവദിച്ച 25 ഏക്കറിലാണ്‌ സ്നേഹഗ്രാമം. ഭിന്നശേഷി മുൻകൂട്ടി കണ്ടെത്തി പ്രാരംഭ നടപടിയെടുക്കുക, വിവിധ തെറാപ്പികൾ നൽകുക, സ്പെഷ്യൽ എഡ്യുക്കേറ്റർ, സോഷ്യൽ വർക്കർ എന്നിവരുടെ സേവനം ലഭ്യമാക്കുക,സ്വന്തമായി തൊഴിൽ കണ്ടെത്താനുള്ള സഹായങ്ങളും തൊഴിൽ, നൈപുണ്യ പരിശീലനവും നൽകുക, ദുരിതബാധിതർക്കും കുടുംബാംഗങ്ങൾക്കും താമസിക്കാനുള്ള റെസ്‌പൈറ്റ് ഹോമുകൾ നൽകുക എന്നിങ്ങനെയാണ്‌ സ്നേഹഗ്രാമത്തിന്റെ സേവനം. കൺസൾട്ടിങ്‌, ഹൈഡ്രോതെറാപ്പി, ക്ലിനിക്കൽ സൈക്കോളജി ബ്ലോക്കുകളുടെ നിർമാണം എന്നിവ ആദ്യഘട്ടത്തിൽ നടന്നു. രണ്ടാംഘട്ടത്തിൽ നിലവിലുള്ള സേവനങ്ങൾ വിപുലീകരിക്കുകയും തൊഴിൽ പരിശീലനവും താമസസൗകര്യവും ഒരുക്കുകയുംചെയ്യും. രണ്ടാംഘട്ടം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ്‌ വിപുലീകരിക്കുന്നത്‌. ചികിത്സയ്‌ക്കെത്തുന്ന ദുരിതബാധിതരുടെ യാത്രാ അസൗകര്യങ്ങൾ പരിഹരിക്കാൻ സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ഫണ്ടിൽനിന്നും 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ദിവസവും മുപ്പതിൽ കുറയാത്ത ആളുകൾക്കുള്ള സേവനമാണുള്ളതെങ്കിലും 40 മുതൽ 55 വരെ ഗുണഭോക്താക്കൾ സേവനം പ്രയോജനപ്പെടുത്തുന്നു. നിലവിൽ 219 ഭിന്നശേഷിക്കാരെ ചികിത്സിച്ചു. 195 പേരെ തുടർചികിത്സക്കായി നിർദേശിച്ചു. ഇതിൽ 153 പേരുടെ തുടർചികിത്സ സ്നേഹഗ്രാമത്തിനുള്ളിൽതന്നെ നൽകി. നിലവിൽ 86 ഗുണഭോക്താക്കൾ പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തുന്നു. പദ്ധതിയുടെ നാലുഘട്ടങ്ങളും പൂർത്തിയാകുന്നതോടെ ദേശീയ നിലവാരമുള്ള പുനരധിവാസ കേന്ദ്രമായി സ്നേഹഗ്രാമം മാറുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ ആര്യ പി രാജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home