പൊലിയം തുരുത്ത്‌

ഇതാ, കാഴ്‌ചകളുടെ സ്വർഗം

പൊലിയംതുരുത്ത് ഇക്കോ ടൂറിസം വില്ലേജിന്റെ ആകാശദൃശ്യം
avatar
രജിത്‌ കാടകം

Published on Jun 01, 2025, 03:00 AM | 1 min read

എരിഞ്ഞിപ്പുഴ

സഞ്ചാരികളെ വരവേൽക്കാൻ കേരളത്തിൽ സഹകരണ മേഖലയിൽ തുടക്കമിട്ട ആദ്യ ഇക്കോ ടൂറിസം വില്ലേജ് ഒരുങ്ങി. ബേഡഡുക്ക പഞ്ചായത്തിലെ ഒളിയത്തടുക്കം മലാംകടപ്പിനടുത്ത്‌ പയസ്വിനിപ്പുഴയിൽ പ്രകൃതി മനോഹരമായ പൊലിയംതുരുത്തെന്ന ചെറുദ്വീപിനെയാണ് പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ വിനോദ സഞ്ചാരഗ്രാമമായി മാറ്റിയെടുത്തത്. ജലപ്പരപ്പും പ്രകൃതിയും ജൈവവൈവിധ്യവും ചന്തം പകരുന്ന ഇടമാണ്‌ പൊലിയംതുരുത്ത്‌. കണ്ണെടുക്കാനാവാത്ത സൗന്ദര്യവും പച്ചപ്പ്‌ തീർക്കുന്ന ശാന്തതയും ജലപ്പരപ്പിന്റെ ഉല്ലാസവും ആവോളമുണ്ട്‌ ഈ തുരുത്തിൽ. കോട്ടേജുകൾ, ഗസ്റ്റ്ഹൗസ്, ആംഫി തിയറ്റർ, കൺവൻഷൻ സെന്റർ, റസ്റ്റോറന്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിനോദ വിജ്ഞാന ഉപാധികളുമായാണ്‌ പൊലിയംതുരുത്ത്‌ സഞ്ചാരികളെ കാത്തിരിക്കുന്നത്‌. കോർപ്പറേറ്റുകൾ കുത്തകയാക്കിയ വിനോദസഞ്ചാരത്തിൽ സഹകരണ മേഖലയിലൂടെ ജനകീയ ഇടപെടലിന്‌ തുടക്കമിടുകയാണ്‌ ചന്ദ്രഗിരി ഇക്കോ ടൂറിസം സൊസൈറ്റി. പ്രവാസികളുടെ പിന്തുണയിലാണ്‌ വളരെ വേഗം വില്ലേജിന്റെ നിർമാണം പൂർത്തീകരിച്ചത്. 2022 ഫെബ്രുവരി 26-ന് നിർമാണം ആരംഭിച്ചത്‌ മുതൽ നാട്ടുകാരുടെ സഹകരണവും കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണയും ലഭിച്ചു. ഒന്നര വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ പൊലിയംതുരുത്തിൽ സഞ്ചാരികളെ വരവേറ്റിരുന്നു. ഈ ആനുഭവത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ പൂർണസജ്ജമായി ടൂറിസം വില്ലേജ് തുറക്കുന്നത്. 10ന്‌ പകൽ 11 ന് സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി ‘നവകേരളത്തിന്റെ പുതുവഴികളും സഹകരണ മേഖലയുടെ സംഭാവനകളും’ എന്ന വിഷയത്തിൽ സെമിനാറും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home