തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണം

കാസർകോട്
ദേശീയപാത ഉൾപ്പെടെയുള്ള നിർമാണങ്ങളിൽ തൊഴിലാളി സുരക്ഷ ഉറപ്പാക്കണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ പല പ്രദേശങ്ങളിലും വൻകിട നിർമാണങ്ങൾ നടക്കുന്നുണ്ട്. ദേശീയപാതയിൽ ഉൾപ്പടെ ആയിരക്കണക്കിന് നാട്ടുകാരും ഇതര സംസ്ഥാനക്കാരുമായ തൊഴിലാളികളുണ്ട്. ഇവിടങ്ങളിലെല്ലാം ദൈനംദിനം നിരവധി അപകടങ്ങൾ സംഭവിക്കുന്നു. കുറഞ്ഞ കാലയളവിനിടെ നിരവധി തൊഴിലാളികൾ മരണമടഞ്ഞു. മരണം മാത്രമാണ് പുറംലോകം അറിയുന്നത്. മാരകമായി പരിക്കേൽക്കുന്നവർ നിരവധിയാണ്. യാതൊരു സുരക്ഷയും ഒരുക്കാതെയാണ് പലയിടത്തും ജോലിയെടുപ്പിക്കുന്നത്. ഈയിടെ കുണിയയിൽ തൊഴിലാളികൾക്ക് കൂലിപോലും നൽകാതെ ഭീഷണിപ്പെടുത്തി നാട്ടിലേക്ക് പറഞ്ഞു വിടുന്ന അനുഭവമുണ്ടായി. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഇതിലൊന്നും ഇടപെടാത്ത സാഹചര്യമുണ്ട്. വേണ്ടത്ര സുരക്ഷയൊരുക്കാത്ത തൊഴിലുമകൾക്കെതിരെയും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും അടിയന്തിര നടപടി സ്വീകരിക്കണം. തൊഴിലാളികളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.









0 comments