ad
Deshabhimani

കളിവഞ്ചിയല്ല, 
വിജയ്‌യുടെ റിയൽ വഞ്ചി

വിജയ്‌ താൻ സ്വന്തമായി നിർമിച്ച തോണിയിൽ

വിജയ്‌ താൻ സ്വന്തമായി നിർമിച്ച തോണിയിൽ

avatar
ടി കെ പ്രഭാകരന്‍

Published on Jul 16, 2026, 01:24 PM | 1 min read


കാഞ്ഞങ്ങാട്

പുഴയിലൂടെ തുഴഞ്ഞുപോകാന്‍ സുരക്ഷിതമായൊരു തോണി നിര്‍മിച്ചെടുക്കണമെങ്കില്‍ പ്രായോഗികബുദ്ധിയും ആത്മവിശ്വാസവും പരിശ്രമവും വേണം. ബല്ല ഈസ്റ്റ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ വിജയ് തോണിയുണ്ടാക്കി നാട്ടുകാരെ വിസ്മയിപ്പിക്കുകയാണ്‌. പതിനഞ്ചുകാരൻ തോണി നിര്‍മിച്ച് പുഴയിലൂടെ തുഴയുന്നത് പ്രദേശവാസികള്‍ക്കെല്ലാം കൗതുകകാഴ്ചയാണ്. വിജയിന്റെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു തോണി നിര്‍മിക്കുകയെന്നത്‌. നന്നായി പഠനം തുടരുകയും പരീക്ഷകളില്‍ മികച്ച വിജയം നേടുമ്പോഴും തോണി നിര്‍മിക്കുകയെന്ന ആഗ്രഹത്തിന് അതൊന്നും തടസമായില്ല. പുഴയിലൂടെ യാത്ര ചെയ്യാനും പറമ്പില്‍നിന്നും പുഴയിലേക്ക് വീണ് ഒഴുകി വരുന്ന തേങ്ങകള്‍ ശേഖരിക്കാനുമുള്ള സ്വന്തം ആവശ്യത്തിനായി വിജയ് തോണി നിര്‍മാണത്തിലേക്ക് തിരിഞ്ഞു. നിർമാണത്തിന്‌ ആവശ്യമായ സാമഗ്രികള്‍ ശേഖരിക്കാന്‍ വിജയ്‌ തന്നെ മുന്നിട്ടിറങ്ങി. മരപ്പലകയും ഫൈബര്‍ ഷീറ്റും ഉപയോഗിച്ച് ഒരു മാസംകൊണ്ട് തോണിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ആണി, എംസീല്‍, സില്‍ക്കോണ്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍ എന്നിവയും നിര്‍മാണത്തിന് ഉപയോഗിച്ചു. വൈകിട്ട് സ്‌കൂള്‍ വിട്ട് വന്നയുടന്‍ തോണി നിര്‍മാണത്തിന് സമയം കണ്ടെത്തുകയായിരുന്നു. ആവശ്യമായ സാധനങ്ങള്‍ കുട്ടിക്ക് ശേഖരിച്ച് നല്‍കിയത് പിതൃസഹോദരന്‍ അജിയാണ്. ചെമ്മട്ടംവയല്‍ ബല്ല പരുത്തി പുഴയിലൂടെ സ്വന്തമായി നിർമിച്ച തോണിയുമായി തുഴഞ്ഞു നീങ്ങുന്ന വിജയ്‌ നാട്ടുകാർക്ക്‌ മനസ്‌ നിറയുന്ന കാഴ്‌ചയാണ്‌. ബല്ലയിലെ ഓട്ടോ ഡ്രൈവര്‍ മണിയുടെയും സീതയുടെയും മകനാണ്. സഹോദരി: ദീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home