ഇനി ഇളകിയാടണ്ട, ഉറപ്പുള്ള പാലംവരും

വെള്ളരിക്കയയിൽ നിലവിലുള്ള നടപ്പാലം
avatar
രജിത്‌ കാടകം

Published on Oct 11, 2025, 02:30 AM | 1 min read

പള്ളഞ്ചി

കവുങ്ങിൻ തടികൾ അടുക്കിക്കെട്ടിവച്ച്‌ ഇളകിയാടുന്ന നടപ്പാലത്തിലായായിരുന്നു ദേലന്പാടി പഞ്ചായത്തിലെ വെള്ളരിക്കയ –-ബാളംകയ പട്ടികവർഗ ഉന്നതിയിലുള്ളവരുടെ ജീവിതപ്പാത. ചേർത്തുവച്ച കവുങ്ങിൻ തടികളുപയോഗിച്ചുള്ള പാലത്തിലൂടെ ഞാണിന്മേൽക്കളിപോലെ കാൽകുടുങ്ങാതെ വേണം ഇരുകരകളിലുമെത്താൻ. ഇനിയീ ഞാണിൻമേൽക്കളി അവസാനിപ്പിക്കാം. ഉന്നതിയിലേക്ക് ചെറുപാലം നിർമിക്കാൻ കാസർകോട് വികസന പാക്കേജിൽ 1.20 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. സിഎച്ച്‌ കുഞ്ഞന്പു എംഎൽഎ, ദേലംപാടി പഞ്ചായത്ത് ഭരണസമിതി എന്നിവയുടെ കൂട്ടായ ഇടപെടലിൽ യാഥ്യാർഥ്യമാകുന്നത് നാടിന്റെ സ്വപ്നം. ബാളംകയ, വെള്ളരിക്കയ, നെച്ചിപ്പടുപ്പ് പ്രദേശങ്ങളിലുള്ളവർക്ക് മഴക്കാലത്ത് പുറംലോകം കാണാൻ കുത്തിയൊലിച്ചുപോകുന്ന പള്ളഞ്ചി ചാൽ മുറിച്ചുകടക്കണം. ബാളംകയ ഉന്നതിയിൽ 50 കുടുംബങ്ങളുണ്ട്. വെള്ളരിക്കയയിൽ 40 കുടുംബങ്ങളും. എന്ത് ആവശ്യങ്ങൾക്കും പാലം കടന്നുവേണം പുറംലോകത്തെത്താൻ. കാട്ടിപ്പാറ, ബേത്തൂർപാറ, പാണ്ടി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്താനും താൽക്കാലികമായി നിർമിച്ച കവുങ്ങിൻ പാലത്തിലൂടെ സാഹസികയാത്ര ചെയ്യണം. കാൽനടപ്പാലം നിർമിക്കാൻ 2019ൽ പട്ടികവർഗ വികസന വകുപ്പ് 27 ലക്ഷം രൂപ നീക്കിവച്ചിരുന്നെങ്കിലും വനനിയമം തടസമായി. ഒന്നാം പിണറായി സർക്കാരിന്റെ ഇടപെടലിൽ ഇത്തരം റോഡുകൾക്ക് അനുമതിനൽകാൻ ഇടപെടലുണ്ടായി. പാലത്തിന്റെ ഇരുവശത്തും വനഭൂമിയിൽ നിർമാണം നടത്താനായി ആദ്യഘട്ടത്തിൽഅനുമതിയും നേടി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന, ഡിസൈൻ എന്നിവ പൂർത്തീകരിച്ച് എസ്റ്റിമേറ്റും തയ്യാറാക്കി. മൂന്നുമീറ്റർ വീതിയിൽ 26 മീറ്റർ നീളത്തിലുള്ള പാലമാണ് നിർമിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home