എന്ന് തുറക്കും ടെണ്ടർ നീലേശ്വരം–ഇടത്തോട് റോഡ് വികസനം നീളുന്നു

തകർന്ന് യാത്ര ദുസഹമായ നീലേശ്വരം കോൺവെന്റ് ജങ്ഷനിലെ റോഡ്
സ്വന്തം ലേഖകൻ
Published on Aug 30, 2026, 02:26 AM | 2 min read
നീലേശ്വരം
നീലേശ്വരം – ഇടത്തോട് റോഡ് വികസനം ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥയിൽ നീളുന്നു. റോഡിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുസ്സഹമായി. നീലേശ്വരം കോൺവെന്റ് ജങ്‌ഷൻ മുതൽ പേരോൽ വരെയുള്ള ഭാഗത്താണ് ഏറ്റവും ദയനീയാവസ്ഥ. റോഡിലെ വലിയ കുഴികളിൽപെട്ട് വാഹനയാത്ര ദുരിതപൂർണമാണ്. മഴയിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികളുടെ ആഴം തിരിച്ചറിയാനാകാത്ത അവസ്ഥ. റോഡ് വികസന പ്രവൃത്തിയുടെ ടെണ്ടർ നടപടി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് പൂർത്തിയായതാണ്. ഭരണത്തിലേറി നൂറ് ദിനങ്ങൾ പിന്നിട്ടിട്ടും യുഡിഎഫ് സർക്കാർ ടെണ്ടർ തുറന്നിട്ടില്ല. മാസങ്ങൾക്ക് മുന്പ് സ്ഥലം സന്ദർശിച്ച തൃക്കരിപ്പൂർ എംഎൽഎ 6 ലക്ഷത്തിന്റെ അറ്റകുറ്റപ്പണി പ്രഖ്യാപിച്ച് സ്ഥലം വിട്ടതല്ലാതെ മറ്റ് നടപടിയൊന്നുമുണ്ടായില്ല. ജനങ്ങൾ നിരാഹാര സമരവും പ്രതിഷേധവുമായി രംഗത്തുവരുന്നുണ്ട്. നീലേശ്വരത്ത് മലയോര മേഖലയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന കവലയാണ് കോൺവെന്റ് ജങ്‌ഷൻ. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന ഈ ഭാഗത്ത് കുഴികൾ മാത്രമാണ് ഇപ്പോൾ കാണാനാകുക. ആദ്യം കരാർ ഏറ്റെടുത്ത ചട്ടഞ്ചാലിലെ കരാറുകാരന്റെ അനാസ്ഥയും പിന്നീടുണ്ടായ ടെണ്ടർ നടപടികളിലെ കാലതാമസവുമാണ് പദ്ധതി നീളാൻ കാരണമായതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. 2018 ഡിസംബറിൽ ആരംഭിച്ച റോഡ് പ്രവൃത്തിയുടെ പകുതിഭാഗം ഇപ്പോഴും ടാറിങ് ചെയ്തില്ല. സിപിഐ എം ഉൾപ്പെടെയുള്ള പാർടികൾ നിരവധി പ്രക്ഷോഭം സംഘടിപ്പിച്ചതിനു പിന്നാലെയാണ് ഏതാനും ഭാഗം മെക്കാഡം ടാറിങ് ചെയ്തത്. പാലായി റോഡ് മുതലുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസഹമാണ്. കരാറുകാരന്റെ അനാസ്ഥ കാരണം പ്രവൃത്തി നീളുകയായിരുന്നു. എൽഡിഎഫ് സർക്കാർ കാലത്ത് അന്നത്തെ എംഎൽഎ എം രാജഗോപാലന്റെ ഇടപെടലിലൂടെ കരാർ റദ്ദാക്കുകയും കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയുമായിരുന്നു. കരാറുകാരൻ കോടതിയെ സമീപിച്ചതോടെ പ്രവൃത്തി വീണ്ടും നീണ്ടു. എൽഡിഎഫ് സർക്കാർ കാലത്ത് തന്നെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ നടപടി പൂർത്തിയാക്കിയെങ്കിലും തെരഞ്ഞെടുപ്പ് വന്നതോടെ വീണ്ടും നീളുകയായിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ തുടർ നടപടി നിർത്തിവയ്‌ക്കുകയായിരുന്നു. രാജാ റോഡ് വികസനവും മന്ദഗതിയിൽ നീലേശ്വരം രാജാ റോഡ് വികസനവും നിലവിൽ മന്ദഗതിയിലാണ്. സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനായി നഷ്ടപരിഹാര തുക പൂർണമായും കെആർഎഫ്ബി കൈമാറിയിട്ടും റവന്യൂ വകുപ്പ് വിതരണത്തിൽ മെല്ലെപ്പോക്കിലാണ്. ദ്രുതഗതിയിൽ നിർമാണം നടന്നുവന്ന കച്ചേരിക്കടവ് പാലം പ്രവൃത്തിയും നിർത്തിവച്ചു. മധ്യഭാഗത്തെ കോൺക്രീറ്റ് പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളത്.










0 comments