പേരൂലിന്റെ ആനന്ദം; വോളിയുടെയും

ഉസ്ബെക്കിസ്ഥാനിൽ നടന്ന സെൻട്രൽ എഷ്യ വോളിയിൽ ഇന്ത്യൻ ടീമിന് ലഭിച്ച വെള്ളി ട്രോഫിയുമായി കെ ആനന്ദ്
കെ വി രഞ്‌ജിത്
Published on Jun 05, 2025, 02:30 AM | 1 min read
കാസർകോട്
സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ(കാവാ) നേഷൻസ് ലീഗിൽ ഞായറാഴ്‌ച പാക്കിസ്ഥാനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം കുറിക്കവേ കളംനിറഞ്ഞു കളിച്ച ഒരാളുണ്ടായിരുന്നു. മാതമംഗലം പേരൂലിലെ കെ ആനന്ദ്. മികവുറ്റ ഫസ്റ്റ് പാസുമായി കളിക്കളത്തിൽ ശ്രദ്ധേയനായ ലിബറോ. ഈ ഇരുപത്തിരണ്ടുകാരൻ സേവ് ചെയ്‌ത പോയിന്റുകളോടെയാണ് പാക്കിസ്ഥാനെ മൂന്നു സെറ്റുകൾക്ക് കീഴടക്കിയത്. ദേശത്തിന്റെ അതിർവരമ്പുകൾ വോളിബോളിന് ഇല്ലായെന്ന് തെളിയിക്കുന്നതായിരുന്നു മത്സരം. ഇന്ത്യക്കായി ഉഗ്രൻ സേവുകളിലൂടെ പോയിന്റ് നേടിയ നാലാംനമ്പർ താരം ആനന്ദിനെ ആദ്യം ഗ്രൗണ്ടിലെത്തി അഭിനന്ദിച്ചത് പാക് സ്മാഷർമാരായ അഫ്ഖാദും ഫഹദും. ഇവരുടെ പോയിന്റെന്നുറപ്പിച്ച നിരവധി സ്മാഷുകളെയാണ് ഗ്രൗണ്ടിൽ പറന്നുവീണ് ആനന്ദ് പ്രതിരോധിച്ചത്. എതിർടീമിന്റെ മിന്നൽപ്പിണർ സർവുകളും തകർപ്പൻ സ്മാഷുകളും തന്ത്രപരമായ ഡ്രോപ്പുകളും പുഞ്ചിരി മായാതെ പ്രതിരോധിക്കുന്ന ലിബറോയാണ് ആനന്ദെന്ന് പരിശീലകൻ ടി എ അഗസ്‌റ്റ്യൻ പറഞ്ഞു. ചൊവ്വാഴ്‌ച സെമിയിൽ അഞ്ച് സെറ്റുനീണ്ട പോരാട്ടത്തിലാണ് കസാക്കിസ്ഥാനെ വീഴ്‌ത്തി ഇന്ത്യ ഫൈനലിലെത്തിയത്. ഈ മത്സരത്തിലും ആനന്ദ് തിളങ്ങി. ക്രിക്കറ്റിൽ പറക്കും ക്യാച്ചുകളെടുത്ത് വിസ്‌മയിപ്പിച്ച ജോണ്ടി റോഡ്‌സുപോലും ആനന്ദിന്റെ പറക്കും സേവുകളെ അഭിനന്ദിച്ചിട്ടുണ്ട്. ചെന്നൈ പ്രൈംവോളിയിലെ ആനന്ദിന്റെ തകർപ്പൻ സേവ് ചിത്രം തന്റെ പ്രശസ്‌തമായ ‘പറവ ക്യാച്ചി’നൊപ്പം ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിരുന്നു റോഡ്‌സ്. പ്രൈംവോളിയിൽ ഡൽഹി തൂഫാൻസിനുവേണ്ടി തിളങ്ങിയപ്പോഴായിരുന്നു ജോണ്ടിയുടെ ഇൻസ്‌റ്റഗ്രാം കമന്റ്. പ്രതിരോധത്തിലും തിളങ്ങുന്ന ആനന്ദ് സഹകളിക്കാർക്ക് മികച്ച പിന്തുണ നൽകുന്ന മെന്ററാണ്. മാതമംഗലം പേരൂൽ റെഡ്‌സ്‌റ്റാർ ക്ലബിലൂടെയാണ് മത്സരരംഗത്തെത്തിയത്. 2020–-ലെ ദേശീയ അന്തർസർവകലാശാല വോളി കിരീടം നേടിയ കലിക്കറ്റ് ടീമിലും ദേശീയ ഗെയിംസിൽ സ്വർണം ചൂടിയ കേരള ടീമിലും അംഗമായിരുന്നു. ബുധനാഴ്‌ച നടന്ന ഫൈനലിൽ ഇറാനോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ കുപ്പായമണിഞ്ഞ ആദ്യ ചാമ്പൻഷിപ്പിൽ വെള്ളി നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞു. ഒപ്പം പയ്യന്നൂരിൽ നടന്ന ടി ഗോവിന്ദൻ സ്‌മാരക വോളിയിൽ പങ്കെടുക്കാനാകാത്തതിൽ നിരാശയുണ്ടെന്നും കൂട്ടിച്ചേർത്തു. . കെഎസ്‌ഇബി വോളി ടീം അംഗമാണ്. വോളി പരിശീലകനും റഫറിയുമായ മധുസൂദനൻ പേരൂലിന്റെ മകനാണ്. അമ്മ: കെ ബിന്ദു. സഹോദരി കാർത്തികയും വോളിതാരമാണ്. .








0 comments