ഒരു ‘സ്റ്റാൻഡ്’വേണ്ടേ ? താലൂക്ക് ആസ്ഥാനമല്ലേ

വെള്ളരിക്കുണ്ടിൽ ബസ് സ്റ്റാൻഡ് നിർമിക്കാൻ നീക്കിവച്ച സ്ഥലം
പി കെ രമേശൻ
Published on Jan 06, 2025, 10:24 PM | 1 min read
വെള്ളരിക്കുണ്ട്
ജില്ലയിലെ മലയോര താലൂക്കിന്റെ ആസ്ഥാനമാണ് വെള്ളരിക്കുണ്ട്. നൂറുകണക്കിന് വാഹനങ്ങളെത്തുന്ന ഈ ടൗണിൽ ബസ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സെന്ന ആവശ്യം അംഗീകരിക്കാൻ ബളാൽ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതിനെതിരെ ജനകീയ പ്രതിഷേധമുയരുന്നു. ബസ് സ്റ്റാൻഡ് നിർമിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ എൽഡിഎഫും വ്യാപാരികളും ശക്തമായ സമരം സംഘടിപ്പിച്ചിട്ടും അനങ്ങാപ്പാറ നയത്തിലാണ് അധികാരികൾ. 30 വർഷംമുമ്പാണ് 65 സെന്റ് എസ്റ്റേറ്റ് ഭൂമി സ്റ്റാൻഡ് നിർമ്മാണത്തിനായി പഞ്ചായത്തിന് വിട്ടുനൽകിയത്. ഭരണത്തിന് ഇക്കാലമത്രയും നേതൃത്വം നല്‍കിയ കോൺഗ്രസ് ഭരണസമിതിയ്ക്ക് സ്റ്റാൻഡ് നിർമാണത്തിന്റെ പ്രാരംഭ നടപടിപോലും നടത്താനായില്ല. മാറിമാറിവന്ന ഭരണസമിതികളുടെ മുന്നിൽ സ്റ്റാൻഡ് നിർമാണത്തിന്റെ ആവശ്യമുന്നയിക്കുമ്പോൾ സാങ്കേതിക പ്രശ്നങ്ങളുടെ പേരുപറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. താലൂക്കാസ്ഥാനം,സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, ചെറുപുഷ്‌പം ഫൊറോന ദേവാലയം, ഹയർസെക്കൻഡറി സ്കൂൾ, കോളേജ്, വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുബാരോഗ്യകേന്ദ്രം, ട്രഷറി, ആർടിഒ ഓഫീസ്, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി നിരവധിസ്ഥാപനങ്ങൾ ഉണ്ടായിട്ടും സ്റ്റാൻഡ് നിർമിക്കാൻ നടപടിയെടുത്തില്ല. നിരവധി അന്തർസംസ്ഥാന, അന്തർജില്ലാ ബസ് സർവീസ് ഇതുവഴിയുണ്ട്. പലതും ഇവിടെനിന്ന് തുടങ്ങുന്നതുമാണ്. എന്നാൽ ടൗണിലെത്തുന്നവർക്ക് പ്രഥമിക ആവശ്യത്തിനായുള്ള ശൗചാലയംപോലും ഇവിടെയില്ല.










0 comments