പാൽപ്പുഞ്ചിരി 
നിറയുന്നു

.
avatar
കെ വി രഞ്‌ജിത്‌

Published on Apr 26, 2025, 02:30 AM | 3 min read

കാലിക്കടവ്‌ ‘

എന്റെ കേരളം’ പ്രദർശനമേളയിൽ മൃഗസംരക്ഷണ വകുപ്പിന്റെ സ്‌റ്റാളിലെത്തിയാൽ പാൽപ്പുഞ്ചിരി നിറയുന്നതുകാണാം. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിനി ഷമീലയും ഒമ്പതാംതരം വിദ്യാർഥിനി സുഹൈലെയും നറുചിരിയോടെ സന്ദർശകരെ വരവേൽക്കുമ്പോൾ പിന്നിലൊരു അധ്വാനത്തിന്റെ വിജയകഥയുണ്ട്‌. പഠനത്തിന്റെ ഇടവേളകളിൽ ഉമ്മ ആരിഫ ഷമീറിന്റെ ഫാമിൽ പശുക്കളെ പരിപാലിച്ച്‌ വിജയം നേടിയ കഥ. ഉദുമ മൂലയിലെ വീട്ടുപരിസരത്തെ ഫാമിലെ പശുക്കളുടെ ശുദ്ധമായ പാൽ ഉപയോഗിച്ച്‌ ഉമ്മയ്‌ക്കൊപ്പം ഇവർ ഉണ്ടാക്കിയ രുചിയൂറും വിഭവങ്ങളാണ്‌ സ്‌റ്റാളിൽ സന്ദർശകർക്കും രുചികരമായത്‌. തൈര്, സംഭാരം എന്നിവ മാത്രമല്ല ഇവർ ഉണ്ടാക്കുന്നത്‌. പേഡ, ചോക്കലേറ്റ്‌, ഗുലാബ്‌ ജാമുൻ, പനീർ, ചെന മുർഖി, നെയ്യ്‌, വെണ്ണ, പാലും കാരറ്റും ചേർത്തുണ്ടാക്കുന്ന കേക്ക്, പാൽ -ഹൽവ തുടങ്ങി മുപ്പതോളം മൂല്യവർധിത ഉൽപന്നങ്ങൾ പാലിൽ നിന്ന്‌ ഉമ്മയ്‌ക്കൊപ്പം കുട്ടികൾ തയ്യാറാക്കുന്നു. സ്‌കൂൾ വിദ്യാർഥികളാണെങ്കിലും പാലിനെക്കുറിച്ചും അവയിൽനിന്ന്‌ ഉൽപന്നങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ചും കുട്ടികൾക്ക്‌ നന്നായറിയാം. പശുവിൻ പാലിൽ ശരാശരി 87ശതമാനം വെള്ളവും ശേഷിക്കുന്നത് പ്രോട്ടീൻ, കൊഴുപ്പ്, ലാക്ടോസ് എന്നിവ ഉൾപ്പെടുന്ന ഖരപദാർഥങ്ങളുമാണെന്ന്‌ ഷമീല പറഞ്ഞു. സൂക്ഷ്മാണുക്കൾക്ക്‌ വളരാനുള്ള സാഹചര്യമാണ് പാലിലുള്ളത്. അതിനാൽ സാധാരണ അന്തരീക്ഷത്തിൽ പാൽ പെട്ടെന്ന്‌ കേടാവുന്നതും. മികച്ച ഗുണമേന്മയുള്ള പാലിൽ നിന്നുമാത്രമേ നല്ല പാലുൽപന്നങ്ങളും തയാറാക്കാനാവൂ, അതിനാലാണ്‌ ഫാമിലെ പാൽ മാത്രം ഉൽപന്നങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നതെന്നും ഷമീല പറഞ്ഞു. കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌, ക്ഷീര വികസന വകുപ്പ്‌ , മിൽമ, വ്യവസായ വകുപ്പ്‌ എന്നിവയുടെ സഹായത്തോടെയാണ്‌ പ്രവർത്തനവിജയമെന്ന്‌ ഇവരുടെ ഉമ്മ ആരിഫ ഷമീർ പറഞ്ഞു. ആദ്യം നാടൻ പശുവാങ്ങി. യു ട്യൂബ് നോക്കി കറവ പഠിച്ചു. ഇപ്പൊൾ തൊഴുത്തിൽ ഏഴുപശുക്കളും ആറു കിടാരികളുമുണ്ട്. ദിവസം 100ലിറ്റർ പാൽ കറക്കും. 30 ലിറ്റർ സഹകരണ സംഘത്തിൽ അളക്കും. 30 ലിറ്ററിലധികം ചുറ്റുവട്ടത്ത് വിൽക്കും. ബാക്കിയുള്ളതാണ്‌ പനീറും മറ്റുമായി വിൽക്കുന്നത്‌. ഭർത്താവ്‌ സി എച്ച്‌ ഷമീർ ചേരൂർ എൽപി സ്‌കൂൾ അധ്യാപകനാണ്‌. അമിൻ, അമൽ എന്നിവരാണ്‌ മറ്റുമക്കൾ.



‘തുളസി’യിലുണ്ട്‌, 
വിജയം ‘ബാഗി’ലാക്കുന്ന 
വീട്ടമ്മമാർ

കാലിക്കടവ്‌ തീരെ പരിചിതമല്ലാത്ത മേഖലയിൽ സംരംഭ സാധ്യത കണ്ടെത്തി , പരിശീലനം നേടി, വിജയംകൊയ്ത വീട്ടമ്മമാരുടെ സംരംഭമാണ്‌ ‘എന്റെ കേരളം ’ മേളയിലെ തുളസി ബാഗ്‌സ്‌ ആൻഡ്‌ ഗ്രാഫ്‌റ്റ്‌സ്‌ ഷോപ്‌സിന്റെ സ്‌റ്റാൾ. സ്വന്തമായി ഒരു തൊഴിലും വരുമാനവും ഉണ്ടാകണമെന്ന് വീട്ടമ്മമാർറ ചിന്തിച്ചു. അനുയോജ്യമായ ബിസിനസ് കണ്ടെത്തണം, വലിയ നിക്ഷേപമൊന്നും താങ്ങാനാവില്ല. ആ കൂടിയാലോചനയുടെ ഒടുവിലാണ് തുളസി ബാഗ്‌സിന്റെ പിറവി. ഒപ്പം ജില്ലാ വിവ്യസായ കേന്ദ്രത്തിന്റെ പിന്തുണയുമായതോടെ വിപണയിൽ തുളസിയുടെ ബാഗുകൾക്ക്‌ പ്രിയമേറി. ജൂട്ട്‌, പേപ്പർ ബാഗുകളാണ്‌ പ്രധാനമായും നിർമിക്കുന്നത്‌. 100 രൂപ മുതൽ 1000 രൂപവരെയുള്ള ആകർഷകമായ പ്രകൃതി സൗഹൃദ ബാഗുകളാണ്‌ സ്‌റ്റാളിലെ പ്രധാന ആകർഷണം. ഫിസ് ബാഗ്, ബാക്ക് ബാഗ്, ലേഡീസ് ബാഗ്‌, ഫയലുകൾ, പഴ്സ്, ബിഗ്ഷോപ്പർ ബാഗുകൾ, കാഷ്ബാഗ് തുടങ്ങിയവയും നിർമിക്കുന്നു. പരിസ്ഥിതി സൗഹൃദ ഉൽപന്നമായതിനാൽ എല്ലായിടത്തും മികച്ച സ്വീകരണമാണ്‌. തുണിശാലകളിലും ബേക്കറികളിലും ഇവരുടെ പേപ്പർ ബാഗുകൾക്ക്‌ ഡിമാൻഡുണ്ട്‌. മുഴക്കോം നന്ദാവനത്തെ എം ടി സുജാത വാര്യരുടെ നേതൃത്വത്തിലാണ്‌ മാവുങ്കാലിലെ സംരംഭം. 11 സ്‌ത്രീകൾ ഇവരുടെ നിർമാണ സ്ഥാപനത്തിലുണ്ട്‌.



ഈണമീട്ടും ചിത്രങ്ങൾ, 
ഇത്‌ ചന്ദ്രന്റെ വരസഞ്ചാരം

കാലിക്കടവ്‌ നിറംമങ്ങിയ നാളുകളിൽ നിന്ന് പ്രതീക്ഷയുടെ കാൻവാസിൽ വീണ്ടും ചിത്രം രചിക്കുകയാണ്‌ ചന്ദ്രൻ മൊട്ടമ്മൽ. വെറും ചിത്രങ്ങളല്ല. സംഗീതോപകരണങ്ങളുടെ മാതൃക നിർമിച്ച്‌ അവയ്‌ക്ക്‌ വർണം പകർന്ന്‌ ആകർഷകമാക്കി അവയെ ഡിജിറ്റൽ മ്യൂസിക്ക് സിസ്റ്റമാക്കി മാറ്റും. തംബുരു, ഗിറ്റാർ, വയലിൻ, ഡ്രം, വീണ, തബല എന്നിവ നിർമിച്ച്‌ നിറം പകർന്ന്‌ ഡിജിറ്റൽ മ്യൂസിക്‌ സിസ്റ്റവും ഘടിപ്പിക്കുന്ന അലങ്കാര ഉപകരണങ്ങളാണ്‌ മുള്ളേരിയ ബേങ്ങത്തടുക്കയിലെ കലാകാരൻ ഒരുക്കുന്നത്‌. പിന്നോക്ക വികസന കോർപറേഷന്റെ സബ്‌സിഡിയോടെയുള്ള മൂന്നുലക്ഷം രൂപ ഉപയോഗിച്ചാണ് സംരംഭം. എന്റെ കേരളം മേളയിൽ ചന്ദ്രന്റെ കലാ ഉപകരണങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്‌.കൃഷ്‌ണപ്പിള്ളയും എ കെ ജിയും ഇ എം എസ്സും ഉൾപ്പെടെ പ്രമുഖരായ ഒട്ടേറെ പേരുടെ ചിത്രങ്ങൾ, നാട്ടിൻപുറ കാഴ്ചകൾ, കർഷക പോരാട്ടങ്ങളുടെ പെയ്‌ന്റിങ്ങുകൾ, തെയ്യച്ചിത്രങ്ങൾ എന്നിവയും സ്‌റ്റാളിലുണ്ട്‌. നിരവധി ചിത്രങ്ങൾ വരച്ചെങ്കിലും ചിത്രങ്ങൾ വിറ്റഴിക്കാനുള്ളപരിമിതിയാണ്‌ പുതിയ സംരംഭത്തിലേക്ക്‌ പ്രേരിപ്പിച്ചത്‌. മുള്ളേരിയയയിൽ ഇടം ആർട്‌ ഗ്യാലറി നടത്തുകയാണ്‌ ഈ കലാകാരൻ. ഭാര്യ: നവീന കുമാരി. മകൾ അഥീന അധിപ് സ്കൂൾ യുവജനോത്സവത്തിൽ ഉപജില്ല ജില്ലാ സംസ്ഥാന തലങ്ങളിൽ കഥാരചനയിലും കവിതാരചനയിലുമായി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home