ദേശീയപാത നിർമാണം: മട്ടലായിയിൽ വീണ്ടും വിള്ളൽ
ഇത് ജീവൻവച്ചുള്ള കളി

പി മഷൂദ്
Published on May 16, 2026, 02:30 AM | 1 min read
പിലിക്കോട്
സുരക്ഷ ഉറപ്പാക്കുന്നതിനുമുമ്പ് ഗതാഗതത്തിന് തുറന്നുകൊടുത്ത ദേശീയപാതയിലെ മട്ടലായിയിലെ റോഡിൽ വീണ്ടും വിള്ളൽ. നിർമാണത്തിനിടെ കഴിഞ്ഞ ആഴ്ച രൂപപ്പെട്ട വിള്ളലുകളിൽ ശാസ്ത്രീയ സുരക്ഷാ പരിശോധന പൂർത്തിയാക്കുന്നതിനുമുമ്പ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു. വ്യാഴം രാത്രിയുണ്ടായ മഴയിലാണ് റോഡിൽ വീണ്ടും വിള്ളൽ വീണത്. വെള്ളി രാവിലെയാണ് റോഡിലെ വിള്ളൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. രാത്രി രൂപപ്പെട്ട വിള്ളൽ ശ്രദ്ധിക്കാതെ രാവിലെരെ ഇതേ റോഡിൽ വാഹനം ഓടി. വിവരമറിഞ്ഞെത്തിയ തൊഴിലാളികൾ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. പുറം ലോകമറിയാതിരിക്കാൻ നിരവധി വാഹനങ്ങൾ വിള്ളലിന് മുകളിൽ നിർത്തിയി ഉച്ചക്ക് മുമ്പായി ടാറിങും നടത്തി. അപകടസാധ്യത നിലനിൽക്കുന്ന ഭാഗങ്ങളിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ തിടുക്കത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൂടുതൽ വിള്ളൽ ഉണ്ടാകാനുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ച് തുറന്നുകൊടുത്ത് മണിക്കൂറുകൾക്കകം വിള്ളൽ വീണ്ടും രൂപപ്പെട്ടത് നിർമാണത്തിലെ അശാസ്ത്രീയതയാണ് വെളിവായത്. കലക്ടറുടെ നിർദേശത്തിൽ ആർഡിഒ, തഹസിൽദാരുടെയും നേതൃത്വത്തിൽ വിദഗ്ധ സംഘം ചൊവ്വാഴ്ച പരിശോധനക്കെത്തി. നീരുറവ പരിഹരിക്കാൻ റോഡിനടിയിലൂടെ തുരങ്കം നിർമിക്കണമെന്ന് ഉന്നതസംഘം വിലയിരുത്തി. രണ്ട് കുന്നുകളിൽ അടിയൊഴുക്കാണ് വിള്ളലിന് കാരണമെന്ന് കണ്ടത്തിയത്. കുന്നിനോട് ചേർന്നുള്ള വയൽ ഉൾപ്പെടുന്ന ചതുപ്പ് നിലത്ത് ആവശ്യമായ പരിശോധന നടത്താതെയായിരുന്നു നിർമാണം. തുരങ്കം നിർമിച്ച് പുതിയ കലുങ്ക് ഒരുക്കിയാൽ മാത്രമേ ഇതും പരിഹരിക്കാനാകൂ. നിർമാണത്തിലെ അപാകം കാരണം അരികുഭിത്തിക്ക് വിള്ളലുള്ളതിനാൽ ഇതുവഴി നിർമിക്കുന്ന സർവീസ് റോഡ് അന്തിമ തീരുമാനം ആകുന്നത് വരെ പ്രവർത്തി നിർത്തിവെച്ചിരുന്നു. അരികുഭിത്തിക്ക് കൂടി കേടുപാട് സംഭവിച്ചിരുന്നു. അരികുഭിത്തി തകർന്ന ഭാഗത്തെ സുരക്ഷാഭിത്തിയുടെ കോൺക്രീറ്റ് പോലും പൂർത്തിയായിട്ടില്ല.









0 comments