ദേശീയപാതയിലെ വെള്ളക്കെട്ട്
അപകടഭീതിയൊഴിയാതെ വാഹനയാത്രക്കാർ

ദേശീയപാത രണ്ടാംറീച്ചിൽ പെരിയാട്ടടുക്കത്ത് കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന കാർ
കാസർകോട്
ദേശീയപാതയിലൂടെയുള്ള യാത്ര ജീവനുതന്നെ ഭീഷണിയായി മാറുന്നു. ചെങ്കള– നീലേശ്വരം റീച്ചിന്റെ പല ഭാഗത്തും ശക്തമായ മഴയിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് വർധിച്ചു. പലപ്പോഴും തലനാരിഴയ്‌ക്കാണ് വലിയ അപകടത്തിൽനിന്നും യാത്രക്കാർ രക്ഷപ്പെടുന്നത്. പെരിയാട്ടടുക്കം, പെരിയ, മാവുങ്കാൽ, പടന്നക്കാട് ഭാഗങ്ങളിലെല്ലാം ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. ആറുവരിപ്പാതയിൽനിന്നും സർവീസ് റോഡിലേക്ക് വെള്ളമൊഴുക്കി വിടാൻ സംവിധാനം ഒരുക്കാത്തതാണ് ദേശീയപാതയുടെ താഴ്‌ന്ന ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടുണ്ടാകാൻ കാരണം. 100 കിലോമീറ്ററിലേറെ വേഗത്തിലാണ് ദേശീയപാതയിൽ മിക്ക വാഹനങ്ങളും ഓടുന്നത്. ഇത്ര വേഗത്തിലെത്തുന്ന വാഹനങ്ങൾ വെള്ളക്കെട്ടിലേക്കിറങ്ങുന്പോൾ സഡൻ ബ്രേക്കിട്ടതുപോലുള്ള അവസ്ഥയാണ്. പിറകെ വരുന്ന വാഹനങ്ങൾ, മുന്പിൽ പെട്ടെന്ന് നിൽക്കുന്ന വാഹനത്തിലിടിച്ചാണ് മിക്ക അപകടവുമുണ്ടാകുന്നത്. വെള്ളക്കെട്ട് കണ്ട് ദ്രുതഗതിയിൽ വേഗത കുറച്ചാലും ഇതേ രീതിയിൽ അപകടമുണ്ടാകും. തലപ്പാടി– ചെങ്കള ഒന്നാം റീച്ചിൽ ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടത് ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടതിന് ശേഷം മാത്രമായിരുന്നു. ദേശീയപാതയിലെ താഴ്‌ചന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാതിരിക്കാൻ ഒന്നാം റീച്ചിൽ നിരവധി പൈപ്പ്‌ലൈനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത്തരത്തിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കാതെ ദേശീയപാത തുറന്നുനൽകിയത് വലിയ അപകടത്തിന് തന്നെ വഴിയൊരുക്കും. മഴ ശക്തമാകുന്നതോടെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയേറെയാണ്. ദേശീയപാത നിർമാണ കന്പനി അധികൃതരുമായി ജനപ്രതിനിധികളും നാട്ടുകാരും നിരവധി തവണ പ്രശ്‌നം ചർച്ച ചെയ്‌തെങ്കിലും പരിഹാരം കാണാൻ തയ്യാറായില്ലെന്ന ആക്ഷേപവുമുണ്ട്. ഇക്കാര്യത്തിൽ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments