രാജ്യത്ത് 5ജി, തപാൽ ഓഫീസിൽ ബ്രിട്ടീഷ് ജി

രജിത് കാടകം
Published on Nov 03, 2025, 02:30 AM | 1 min read
മുള്ളേരിയ
കാലമെത്രയോ മാറി. അതറിയാതെ ഒരുപിടി മാറാത്ത ഒരുവകുപ്പുണ്ട്. ഇന്ത്യൻ തപാൽ വകുപ്പ്. 5ജി സേവനങ്ങളും ആധുനിക വിവരസാങ്കേതിക മാർഗങ്ങളും ഉൾപ്പെടെ സേവന മേഖലകൾ നവീകരിക്കുമ്പോൾ തപാൽ ഓഫീസിൽ രീതികൾ ബ്രിട്ടിഷ് കാലത്തേതുതന്നെ. കത്തുകൾ തപാൽ വകുപ്പ് മുഖേന അയക്കുമ്പോൾ സാധാരണയായി കത്തിനുമുകളിൽ ഒട്ടിക്കുന്ന സ്റ്റാമ്പിനെ ഉപയോഗിച്ചുഎന്നത് രേഖപ്പെടുത്താൻ അത് അയക്കുന്ന പോസ്റ്റ് ഓഫീസിന്റെ സീൽ പതിക്കാറുണ്ട്. അതുപോലെ വിതരണത്തിനായി എത്തുന്ന പോസ്റ്റ് ഓഫീസിന്റെ സീൽ കത്തിന്റെ പിറകിലുംപതിക്കാറാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ കത്ത് കൈപ്പറ്റുന്ന മേൽവിലാസക്കാരന് കത്തയച്ചതും വന്നതുമായ തീയതിയും ഏത് ഓഫീസിൽ നിന്നാണ് അയച്ചത് മുതലായ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും. ഇതേകാര്യം തന്നെയാണ് കത്തുകൾ വിതരണം ചെയ്യുന്നതിലെ ജീവനക്കാരുടെ പിടിപ്പുകേട് കണ്ടെത്താനും മേലുദ്യോഗസ്ഥർ ആശ്രയിക്കുന്നത്. എസ്എംഎസ് അലർട്ട്, വാട്ട്സ്ആപ്പ് മെസ്സേജിങ് തുടങ്ങി എണ്ണമറ്റ സൗകര്യങ്ങൾ ഉള്ളപ്പോഴാണ് കത്തിൽ ആഞ്ഞടിച്ച് കത്തിനെ തന്നെ വികൃതമാക്കുന്ന പഴഞ്ചൻ രീതി ഇപ്പോഴും തപാൽ ഓഫീസുകളിൽ തുടരുന്നത്. ഇതിലെ രസകരമായ കാര്യം മറ്റൊന്നാണ്. ഇങ്ങനെ പതിപ്പിക്കാൻ ഉപയോഗിക്കുന്ന ഡേറ്റ് സ്റ്റാമ്പ് എന്നറിയപ്പെടുന്ന ഈ വസ്തു വിതരണം ചെയ്യുന്നത് അലിഗഡിൽനിന്നാണ്. ഇതിനുവേണ്ട മഷിയാണെങ്കിൽ തൃശൂർ പോസ്റ്റൽ ഡിപ്പോയിൽനിന്നാണ് കേരളത്തിലെ എല്ലാ ഓഫീസിലേക്കും എത്തിക്കുന്നത്. പക്ഷെ ഇതിനുമഷി എന്ന് പറയാമോ എന്ന് എല്ലാവർക്കും സംശയം. ടാർപോലെയുള്ള കറുത്ത ദ്രാവകമാണ് മഷിയായി നൽകുന്നത്. ഈ പറയപ്പെടുന്ന ഡേറ്റ് സ്റ്റാമ്പ് കൊണ്ട് മഷിയിൽ മുക്കി ശക്തിയിൽ അടിച്ചാൽ മാത്രമേ ഓഫീസിന്റെ പേരും തീയതിയും മനസ്സിലാക്കാനാകൂ. അതിനുവേണ്ടി തങ്ങളാൽ ആകുന്ന വിധത്തിൽ കത്തിന്റെ പുറത്ത് അടിക്കുമ്പോൾ അതിനുള്ളിലുള്ള വസ്തുക്കൾ പൊട്ടിപ്പോകുന്നതും പതിവ്. സബ് ഓഫീസിൽനിന്ന് പോസ്റ്റ് ഓഫീസിലേയ്ക്ക് പണം അയക്കുന്നതുംപഴഞ്ചനായ രീതിയിൽ തന്നെ. മൃഗങ്ങളുടെ തോൽ കൊണ്ടുണ്ടാക്കിയ ചെറുബാഗിൽ സീൽ ചെയ്ത പണം ചാക്ക് ബാഗിലാണയക്കുക. സായിപ്പന്മാരുടെ കാലത്തുള്ള ഇത്തരം പഴഞ്ചൻ സമ്പ്രദായങ്ങൾ എന്നാണ് മാറ്റുകയെന്നതാണ് ഉപഭോക്താക്കളും ജീവനക്കാരും ചോദിക്കുന്നത്.








0 comments