ദേശീയപാതയിലെ അശാസ്ത്രീയ പ്രവൃത്തി
പുല്ലൂരിൽ മേഘ കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞു

പുല്ലൂരിൽ മേഘ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ച സിപിഐ എം പ്രവർത്തകർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു
പുല്ലൂർ
മേഘ കമ്പനിയുടെ അശാസ്ത്രീയ പ്രവൃത്തിയാൽ പുല്ലൂരിൽ വെള്ളക്കെട്ടും യാത്രാദുരിതവും രൂക്ഷം. ജനജീവിതം ദുസഹമായതോടെ സിപിഐ എം പുല്ലൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ രണ്ടാം റീച്ചിലെ കരാറുകാരായ മേഘ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു. ഇവിടെ സർവീസ് റോഡിന്റെ പ്രവൃത്തി പാതിവഴിയിലാണ്. ഇതിനാൽ വെള്ളം കുത്തിയൊലിച്ച് പുല്ലൂർ –തട്ടുമ്മൽ റോഡ് തകർന്നു. തട്ടുമ്മൽ റോഡിലൂടെ വെള്ളം ഒഴുകിപ്പോയി സമീപത്തെ വീടുകളിലെത്തുന്നു. ഇവിടെ ഓവുചാൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പുല്ലൂർ –ഉദയനഗർ റോഡിന് സർവീസ് റോഡ് തുടങ്ങുന്ന ഭാഗത്തുനിന്ന് ഉയരം കൂട്ടിയതിനാൽ റോഡിലൂടെയുള്ള ഗതാഗതവും ദുഷ്കരമാണ്. പുല്ലൂർ -–ഉദയനഗർ റോഡിന്റെ ഉയരം കുറക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. റോഡിൽനിന്നും വെള്ളം കുത്തിയൊലിച്ചുവന്ന് അടിപ്പാതയിലടക്കം വെള്ളംനിറയുകയാണ്. സ്കൂൾ വിദ്യാർഥികൾക്കടക്കം അടിപ്പാതയിലൂടെ കടക്കാനാകുന്നില്ല. ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുമുണ്ട്. വാഹനങ്ങൾ തടഞ്ഞ വിവരമറിഞ്ഞ് കമ്പനി ഉദ്യോഗസ്ഥരെത്തി. സർവീസ് റോഡ് ഉടൻ പൂർത്തിയാക്കാമെന്നും രണ്ട് റോഡുകളുടെയും ശോചനീയാവസ്ഥക്ക് പരിഹാരം കാണാമെന്നും ഓവുചാൽ നിർമ്മിക്കാമെന്നും ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പുല്ലൂർ ലോക്കൽ സെക്രട്ടറി വി ബിന്ദു, വി നാരായണൻ, എം വി നാരായണൻ, നാരായണൻ മാടിക്കാൽ, എ കൃഷ്ണൻ, പി കുഞ്ഞിക്കേളു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.








0 comments