പണംവാങ്ങി പിൻവാതിൽ നിയമനം നടത്താനെന്ന് സംശയം
കെഎസ്‌ആർടിസിയിൽ 34 ജീവനക്കാരെ പുറത്താക്കി


സ്വന്തം ലേഖകൻ
Published on Jul 14, 2026, 02:38 AM | 2 min read
കാസർകോട് ‘
ആകെ പെരുവഴിയിലായ സ്ഥിതിയാണ്. സ്‌കൂൾ ബസ് ഡ്രൈവറായി ജോലിനോക്കിയിരുന്നു. അതുകളഞ്ഞാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുവഴി കെഎസ്‌ആർടിസിയിലെത്തിയത്. ജൂൺ 22ന് ജോലിക്കുകയറി. ജൂലൈ 5 മുതൽ ജോലിയില്ല എന്നാണ് പറയുന്നത്. കുടുംബം പട്ടിണിയിലാണിപ്പോൾ’–കാസർകോട്ടെ കെഎസ്‌ആർടിസി ഡിപ്പോയിൽനിന്ന് അകാരണമായി പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരന്റെ വാക്കുകളാണിത്. കാസർകോട്, കാഞ്ഞങ്ങാട് യൂണിറ്റുകളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുവഴി നിയമിതരായ നിരവധി ജീവനക്കാരെയാണ് കെഎസ്‌ആർടിസി അധികൃതർ ഇത്തരത്തിൽ ഒരു കാരണവുമില്ലാതെ പുറത്താക്കിയത്. ഇതേതുടർന്ന് അന്തർജില്ലാ സർവീസ് ഉൾപ്പെടെ ദൈനദിനം സർവീസാകെ താറുമാറായി. ഡ്രൈവർ, കണ്ടക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവുകാരണം സർവീസ് മുടങ്ങുന്നത് പതിവായതിനെതുടർന്നാണ് ചീഫ് ഓഫിസിന്റെ അനുമതിയോടെ എംപ്ലോയ്മെന്റ് എക്ചേഞ്ചുവഴി അഭിമുഖം നടത്തി ജീവനക്കാരെയെടുത്തത്. 600ലധികം പേരിൽനിന്ന് പ്രാക്ടിക്കൽ ഡ്രൈവിങ് ടെസ്റ്റുൾപ്പെടെ നടത്തിയാണ് യോഗ്യരായ 50പേരെ കണ്ടെത്തി കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലായി നിയമിച്ചത്. ഇവരെക്കൊണ്ട് കോഷൻ ഡിപ്പോസിറ്റായി 10000രൂപയും അടപ്പിച്ചിരുന്നു. ഒരാഴ്ചക്കാലം ജോലിചെയ്ത ജീവനക്കാരെയാണ് ഒരു കാരണവും ബോധിപ്പിക്കാതെ പുറത്താക്കിയത്. പുതിയ ജീവനക്കാർക്കായുള്ള ടി– നമ്പർ ലഭിക്കാതിരുന്നതിനാൽ ഇനി ജോലിക്കുവരേണ്ടെന്നായിരുന്നു അറിയിപ്പ്. കാസർകോട് ഡിപ്പോയിൽനിന്ന് 22പേരെയും കാഞ്ഞങ്ങാട് ഡിപ്പോയിലെ 12പേരെയുമാണ് പുറത്താക്കിയത്. ചീഫ് ഓഫീസിൽനിന്ന് വന്ന ‘ഫോൺ ഉത്തരവ്’ പ്രകാരമാണ് നടപടിയെന്നാണ് ഡിപ്പോ അധികൃതരുടെ വാദം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി സർവീസുകൾ പലതും മുടങ്ങി. നിലവിൽ കാസർകോട് ഡിപ്പോയിൽ 27കണ്ടക്ടർമാരുടെയും 17 ഡ്രൈവർമാരുടെയും കുറവുണ്ട്. കാഞ്ഞങ്ങാട് രണ്ടു തസ്‌തികകളിലായി 15 ലധികം ജീവനക്കാരുടെ കുറവാണുള്ളത്. പ്രിയദർശിനി പദ്ധതിമൂലം വർധിച്ചുവരുന്ന യാത്രക്കാരെ യഥാവിധി കയറ്റിയിറക്കാനാവാത്തതിനാൽ പല പ്രധാന റൂട്ടുകളിലും യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയിലാണ്. അകാരണമായി പുറത്താക്കിയവരിൽ പലരും മറ്റു പല ജോലികളും ഉപേക്ഷിച്ച് വന്നവരുമാണ്. നിലവിൽ എവിടെയും ജോലിയില്ലാത്ത അവസ്ഥയിലാണിവർ. കോഷൻ ഡിപ്പോസിറ്റായി അടച്ച 10000രൂപ തിരിച്ചുകിട്ടുമോ എന്ന ആശങ്കയമുണ്ട്. ജൂലൈ 6 മുതൽ 13വരെയായി അന്തർ സംസ്ഥാന, സൂപ്പർ ക്ലാസ് ഉൾപ്പെടെ ദിവസവും 5 മുതൽ 10 വരെ സർവീസുകൾ റദ്ദാക്കി. 11ന് വൈകീട്ട് 5ന് കാസർകോടുനിന്ന് കോട്ടയംവരെ പോകേണ്ടിയിരുന്ന സൂപ്പർ ഫാസ്റ്റ് മുന്നറിയിപ്പില്ലാതെ റദ്ദാക്കേണ്ടി വന്നു.
പുറത്താക്കിയ നടപടി പിൻവലിക്കണം: സിഐടിയു
കാസർകോട്
ജില്ലയിൽ കെഎസ്‌ആർടിസിയുടെ കാസർകോട്, കാഞ്ഞങ്ങാട് യൂണിറ്റുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച ജീവനക്കാരെ അകാരണമായി പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ കുറവ് കാരണം ദൈനദിനം സർവീസ് മുടങ്ങുന്നതിനെ തുടർന്നാണ് ചീഫ് ഓഫിസിന്റെ അനുമതിയോടെ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി അഭിമുഖവും പ്രാക്ടിക്കൽ ഡ്രൈവിങ് ടെസ്റ്റും നടത്തി 600 ഓളം പേരിൽനിന്ന് യോഗ്യരായ 50 പേരെ കാസർകോട്, കാഞ്ഞങ്കാട് ഡിപ്പോകളിലായി നിയമിച്ചത്. എന്നാൽ കോഷൻ ഡിപ്പോസിറ്റ് ആയി 10000 രൂപയും അടപ്പിച്ച് ഒരാഴ്ച ജോലിചെയ്ത ഇവരെ അകാരണമായി ചീഫ് ഓഫീസിൽനിന്ന് വന്ന ഫോൺ സന്ദേശ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിപ്പോ അധികൃതർ ഒഴിവാക്കിയത്. പുതുതായി ജോലിക്ക് നിയമിതരായ പലരും മറ്റു പല ജോലികളും ഉപേക്ഷിച്ച് വന്നവരാണ്. അവർക്കിപ്പോൾ എവിടെയും ജോലി ഇല്ലാത്ത അവസ്ഥയായി. കൂടാതെ കോഷൻ ഡിപ്പോസിറ്റായി അടച്ച 10000 രൂപ തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലുമാണ്. സുതാര്യമായ നിലയിൽ സർക്കാരിന്റെ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയുള്ള നിയമനം അട്ടിമറിച്ച് പിൻവാതിലിലൂടെ പണം വാങ്ങി സ്വന്തക്കാരെ നിയമിക്കാനുള്ള ഭരണകക്ഷിയിലെ ചിലയാളുടെ നീക്കമാണിതിന് പിന്നിലെന്ന് സംശയിക്കുന്നു. അതിനാൽ പിരിച്ചുവിട്ട ജീവനക്കാരെ ഉടൻ തിരിച്ചെടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
ലക്ഷ്യം പിൻവാതിൽ നിയമനം
സുതാര്യമായ നിലയിൽ സർക്കാരിന്റെ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയുള്ള നിയമനങ്ങൾ അട്ടിമറിച്ച് പിൻവാതിലിലൂടെ പണം വാങ്ങി സ്വന്തക്കാരെ നിയമിക്കാനുള്ള ഭരണകക്ഷിയിലെ ചിലയാളുടെ നീക്കമാണിതിന് പിന്നിലെന്ന് ജീവനക്കാർ സംശയിക്കുന്നു. നിയമിതരായ ജീവനക്കാരെ തിരിച്ചെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്നും കെഎസ്‌ആർടിസി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മറ്റി അറിയിച്ചു.










0 comments