പാലത്തായി പീഡനക്കേസ് ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ നൽകണം: സിപിഐ എം

കണ്ണൂർ പാലത്തായി പീഡനക്കേസിൽ മുഖ്യപ്രതിയുടെ ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി കോടതിയെ സമീപിക്കണമെന്നും പ്രതിക്ക് ജാമ്യം കിട്ടാനുണ്ടായ ഒത്തുകളിക്ക് പിന്നിലാരാണെന്ന് അന്വേഷിക്കണമെന്നും സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചശേഷം പ്രതിയെ ന്യായീകരിക്കാൻ ആർഎസ്‌എസ്സുകാർ പറയുന്ന കാര്യങ്ങളെല്ലാം മുന്പ് തലശേരി പോക്‌സോ കോടതി വിശദമായി പരിശോധിച്ചതാണ്. പീഡന സ്ഥലവും ക്ലാസ് മുറിയും അടുത്തടുത്താണെന്ന വാദവും കുട്ടി മൊഴിമാറ്റിയെന്ന പ്രചാരണവും പോക്‌സോ കോടതി മുന്പുതന്നെ തെളിവു സഹിതം തള്ളിയതാണ്. ഇക്കാര്യമൊന്നും ജാമ്യം പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചില്ല. ശിഷ്ടകാല ജീവിതം മുഴുവൻ തടവിലിടണമെന്ന് വിധിച്ച പ്രതിക്കാണ് ആർഎസ്‌എസ് താൽപര്യാർഥം യുഡിഎഫ് സർക്കാർ ജാമ്യം ഒരുക്കി കൊടുത്തത്. അതുവഴി ശിക്ഷതന്നെ സസ്‌പെൻഡ് ചെയ്‌തുകൊടുക്കുകയാണ്. ജീവപര്യന്തം പോലുള്ള ശിക്ഷയിൽ ജാമ്യക്കാര്യം പരിഗണിക്കുന്നത് തന്നെ രണ്ടോ മൂന്നോ വർഷം കഴിഞ്ഞാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, കേസ് അടുത്ത ഒക്ടോബറിലേക്കാണ് മാറ്റിവച്ചത്. യുഡിഎഫ് സർക്കാർ വന്നശേഷം, പ്രത്യേക പരിഗണന നൽകി കേസ് ഇൗ മാസംതന്നെ എടുപ്പിച്ചു. സാധാരണ നിലയിൽ പ്രൊസിക്യൂഷൻ ഇതിനെ എതിർക്കേണ്ടതാണ്. എന്നാൽ അത്തരത്തിലുള്ള ഒരെതിർപ്പും ഉണ്ടായില്ല. ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്ന അപേക്ഷ വന്നപ്പോൾ, ഇരയുടെ വാദം കേൾക്കാൻ കോടതി ഉത്തരവിട്ടിരുന്നു. വനിതാ പൊലീസ് സിവിൽ ഓഫീസറെ കുട്ടിയുടെ അമ്മയെ വീട്ടിൽ പോയി കണ്ട് കേസിന്റെ കാര്യം അറിയിക്കണം എന്ന ഉത്തരവുണ്ട്. എന്നാൽ ആരും കുട്ടിയുടെ വീട്ടിൽ വിവരം നൽകിയിട്ടില്ല. എന്നാൽ യുഡിഎഫ് നേതാവായ സർക്കാർ അഭിഭാഷക, വീട്ടിൽ അമ്മയെ കണ്ടുവെന്നും വിവരം നൽകിയെന്നും ആരും പ്രതികരിച്ചില്ല എന്നുമുള്ള തെറ്റായ വിവരം കോടതിയിൽ നൽകി. ആരെ സഹായിക്കാനാണ് ഇങ്ങനെ ചെയ്‌തത് എന്ന് അന്വേഷിക്കണം. യുഡിഎഫ് സർക്കാർ വന്നപ്പോൾതന്നെ കേസ് അട്ടിമറിക്കാനും പ്രതിക്ക് ജാമ്യം ലഭിക്കാനും ഒത്തുകളിയുണ്ടായി. വളരെ സെൻസിറ്റീവായ കേസിൽ എൽഡിഎഫ് കാലത്ത് കോടതിയിൽ പോയത് സീനിയർ അഭിഭാഷകനായ എഡിജിപിയാണ്. എന്നാലിപ്പോൾ അതീവ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്‌തത്. സാധാരണ നിലയ്‌ക്ക് നിയമ മന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ചർച്ച ചെയ്യണം. എന്നിട്ടും ഇങ്ങനെ ദുർബലമായി കേസ് കൈകാര്യം ചെയ്‌തത് ആരാണെന്ന് വ്യക്തമാക്കണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഒന്നിന് പാനൂരിൽ പ്രതിഷേധ സദസ്സ് പാലത്തായി പീഡനക്കേസിലെ യുഡിഎഫ്– ബിജെപി ഒത്തുകളി തുറന്നുകാട്ടി സെപ്‌തംബർ ഒന്നിന് സിപിഐ എം ആഭിമുഖ്യത്തിൽ പാനൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. മുന്പ് കേസ് നടക്കുന്ന സമയത്ത്, എൽഡിഎഫിനെതിരെ വ്യാപകമായ കള്ളപ്രചാരണമാണ് യുഡിഎഫും ജമാ അത്തെ ഇസ്ലാമിയും നടത്തിയത്. യഥാർഥത്തിൽ അന്ന് ഒത്തുകളിച്ചത് ആരാണെന്ന് ഇപ്പോൾ വ്യക്തമായി. എൽഡിഎഫ് കാലത്തെ പ്രോസിക്യൂഷൻ സംവിധാനം മാറിയതോടെയാണ് പ്രതിക്ക് അനുകൂലമായ കേസ് അട്ടിമറി ഉണ്ടായത്.










0 comments